20/07/2026
[fontresizer_tawhidurrahmandear_widget]

വിപിഎൻ സേവനങ്ങൾക്ക് പൂട്ടിടാൻ കേന്ദ്ര സർക്കാർ; ഇന്ത്യയിൽ ഓഫീസ് നിർബന്ധമാക്കും, ജീവനക്കാരെ ശിക്ഷിക്കാനും വ്യവസ്ഥ

 വിപിഎൻ സേവനങ്ങൾക്ക് പൂട്ടിടാൻ കേന്ദ്ര സർക്കാർ; ഇന്ത്യയിൽ ഓഫീസ് നിർബന്ധമാക്കും, ജീവനക്കാരെ ശിക്ഷിക്കാനും വ്യവസ്ഥ

ന്യൂഡൽഹി: ഇന്ത്യയിൽ വിപിഎൻ (VPN) ഉപയോഗത്തിന് കടുത്ത നിയന്ത്രണം ഏർപ്പെടുത്താൻ കേന്ദ്ര സർക്കാർ നീക്കം. വിപിഎൻ സേവനങ്ങൾ നൽകുന്ന കമ്പനികൾക്കുമേൽ ശക്തമായ നിബന്ധനകൾ ചുമത്തുന്നതിനായുള്ള പുതിയ നിയമം നടപ്പിലാക്കാനാണ് കേന്ദ്രസർക്കാറിന്റെ തീരുമാനം.

രാജ്യത്ത് നിരോധിക്കപ്പെട്ട ആപ്പുകളും വെബ്സൈറ്റുകളും സന്ദർശിക്കാനായി ആളുകൾ വിപിഎൻ സേവനങ്ങൾ വ്യാപകമായി ഉപയോഗിക്കുന്നത് പൂർണ്ണമായി തടയുകയാണ് ഈ പുതിയ നീക്കത്തിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. പുതിയ നിയമപ്രകാരം വിപിഎൻ കമ്പനികൾ ഇന്ത്യയിൽ തങ്ങളുടെ ഔദ്യോഗിക ഓഫീസ് തുറക്കേണ്ടി വരും. മാത്രവുമല്ല, അന്വേഷണ ഏജൻസികളുമായും കേന്ദ്ര സർക്കാരുമായും കൃത്യമായി സഹകരിക്കുന്നതിനായി പ്രത്യേക കംപ്ലയൻസ് ഓഫീസർമാരെ കമ്പനികൾ ഇന്ത്യയിൽ തന്നെ നിയമിക്കേണ്ടതായും വരും. ഈ നിയമം പാലിക്കാൻ തയ്യാറായില്ലെങ്കിൽ കമ്പനിയുടെ പ്രാദേശിക ജീവനക്കാർക്ക് ജയിൽശിക്ഷ ഉൾപ്പെടെയുള്ള കർശനമായ നിയമ നടപടികൾ നേരിടേണ്ടി വരുമെന്നും വ്യവസ്ഥയുണ്ട്.

നേരത്തെ, കുറഞ്ഞത് അഞ്ചുവർഷത്തേക്കെങ്കിലും ഉപയോക്താക്കളുടെ വിവരങ്ങളായ പേര്, ഇമെയിൽ, ഫോൺ നമ്പർ, ഐപി അഡ്രസ് എന്നിവ സൂക്ഷിക്കാൻ 2022-ൽ ഇന്ത്യൻ കംപ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീം (CERT-In) വിപിഎൻ കമ്പനികളോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇത് തങ്ങളുടെ സ്വകാര്യതാ നയങ്ങൾക്ക് (Privacy Policy) വിരുദ്ധമാണിതെന്ന് ചൂണ്ടിക്കാട്ടി പ്രോട്ടോൺ വിപിഎൻ, എക്‌സ്പ്രസ് വിപിഎൻ, നോർഡ് വിപിഎൻ തുടങ്ങിയ പ്രമുഖ ആഗോള കമ്പനികൾ തങ്ങളുടെ ഇന്ത്യയിലെ ഫിസിക്കൽ സെർവറുകൾ പിൻവലിക്കുകയാണുണ്ടായത്.

നീറ്റ് യു.ജി പരീക്ഷാ വിവാദവുമായി ബന്ധപ്പെട്ട് കഴിഞ്ഞ മാസം സർക്കാർ ടെലഗ്രാമിന് നിയന്ത്രണം ഏർപ്പെടുത്തിയപ്പോൾ രാജ്യത്ത് വിപിഎൻ ഉപയോഗം 120 ശതമാനത്തോളം ഉയർന്നിരുന്നു. ഈ പ്രത്യേക സാഹചര്യവും കൂടി കണക്കിലെടുത്താണ് വിപിഎൻ ദുരുപയോഗം തടയാൻ പുതിയ കർശന നടപടികളുമായി സർക്കാർ ഇപ്പോൾ മുന്നോട്ട് വന്നിരിക്കുന്നത്.

Also read: