20/07/2026
[fontresizer_tawhidurrahmandear_widget]

വാട്‌സ്ആപ്പിൽ ഇനി ഫോൺ നമ്പർ വെളിപ്പെടുത്തേണ്ട, ഉടൻ വരുന്നു പുതിയ ഫീച്ചർ

 വാട്‌സ്ആപ്പിൽ ഇനി ഫോൺ നമ്പർ വെളിപ്പെടുത്തേണ്ട, ഉടൻ വരുന്നു പുതിയ ഫീച്ചർ

വാട്‌സ്ആപ്പിൽ ഫോൺ നമ്പർ വെളിപ്പെടുത്താതെ ആളുകളുമായി സന്ദേശങ്ങൾ അയക്കാൻ സഹായിക്കുന്ന പുതിയ ഫീച്ചർ ഉടൻ വരുന്നു. ഇതിന്റെ ഭാഗമായി ഉപയോക്താക്കൾ തങ്ങൾക്ക് ആവശ്യമുള്ള യൂസർനെയിമുകൾ മുൻകൂട്ടി ബുക്ക് ചെയ്ത് സൂക്ഷിക്കാനുള്ള ‘യൂസർനെയിം റിസർവേഷൻ’ സൗകര്യം കമ്പനി ആഗോളതലത്തിൽ ആരംഭിച്ചു കഴിഞ്ഞു. വാട്‌സ്ആപ്പിൽ നിലവിൽ മുന്നൂറ് കോടിയിലധികം ഉപഭോക്താക്കൾ ഉള്ളതിനാൽ ഒരേ പേരുകൾ വരാൻ സാധ്യതയുള്ളതുകൊണ്ടാണ് ഈ വർഷം അവസാനം ഫീച്ചർ പൂർണ്ണമായി പുറത്തിറക്കുന്നതിന് മുൻപ് തന്നെ ഇഷ്ടമുള്ള പേര് സ്വന്തമാക്കാൻ കമ്പനി നേരത്തെ അവസരം നൽകുന്നത്. പുതിയ ആളുകളുമായോ, ക്ലാസ്‌മേറ്റ്‌സ്, അയൽക്കാർ എന്നിവരുമായോ സംസാരിക്കുമ്പോഴോ അല്ലെങ്കിൽ സ്‌കൂളിലെയും കോളേജിലെയും ഗ്രൂപ്പുകളിൽ ജോയിൻ ചെയ്യുമ്പോഴോ സ്വന്തം ഫോൺ നമ്പർ പങ്കുവെക്കാൻ താല്പര്യമില്ലാത്തവർക്ക് ഈ ഫീച്ചർ വലിയ സഹായമാകും.

നിങ്ങളുടെ വാട്‌സ്ആപ്പ് പുതിയ പതിപ്പിലേക്ക് അപ്‌ഡേറ്റ് ചെയ്ത ശേഷം ആപ്പിലെ സെറ്റിങ്‌സിൽ പോയി അക്കൗണ്ട് എടുത്താൽ യൂസർനെയിം റിസർവ് ചെയ്യാനുള്ള ഓപ്ഷൻ കാണാം. അവിടെ നിങ്ങൾക്ക് ആവശ്യമുള്ള പേര് ടൈപ്പ് ചെയ്ത് സേവ് ചെയ്യാവുന്നതാണ്. പേര് തിരഞ്ഞെടുക്കാൻ ബുദ്ധിമുട്ടുള്ളവർക്കായി വാട്‌സ്ആപ്പ് തന്നെ യൂസർനെയിം ജനറേറ്റർ വഴി നല്ല പേരുകൾ നിർദ്ദേശിക്കുകയും ചെയ്യും. ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് എന്നിവയിൽ അക്കൗണ്ടുള്ള ക്രിയേറ്റർമാർക്കും ബിസിനസ്സ് സ്ഥാപനങ്ങൾക്കും തങ്ങളുടെ അതേ യൂസർനെയിം തന്നെ മെറ്റാ അക്കൗണ്ട്‌സ് സെന്റർ വഴി ലിങ്ക് ചെയ്ത് വാട്‌സാപ്പിലും നിലനിർത്താൻ സാധിക്കും.

ഇൻസ്റ്റഗ്രാം അല്ലെങ്കിൽ എക്‌സ് പോലുള്ള സോഷ്യൽ മീഡിയകളിൽ ഉള്ളതുപോലെ ആളുകൾക്ക് മറ്റുള്ളവരെ തിരഞ്ഞു കണ്ടുപിടിക്കാനുള്ള പബ്ലിക് ഡയറക്ടറിയോ സെർച്ച് ഓപ്ഷനോ വാട്‌സാപ്പിൽ ഉണ്ടാകില്ല. അതുകൊണ്ട് നിങ്ങളുടെ കൃത്യമായ യൂസർനെയിം അറിയാവുന്നവർക്ക് മാത്രമേ നിങ്ങളുമായി ചാറ്റ് ആരംഭിക്കാൻ കഴിയൂ. ഇതിനുപുറമെ സുരക്ഷ കൂടുതൽ ശക്തമാക്കാൻ ‘യൂസർനെയിം കീ’ എന്നൊരു അധിക ഫീച്ചർ കൂടി വാട്‌സാപ്പ് നൽകുന്നുണ്ട്. ഇത് ഓൺ ചെയ്തു വെച്ചാൽ നിങ്ങളുടെ യൂസർനെയിം അറിയാവുന്ന ഒരാൾക്ക് പോലും ഈ ‘കീ’ കൂടി അറിയില്ലെങ്കിൽ നിങ്ങളിലേക്ക് ആദ്യമായി സന്ദേശം അയക്കാൻ സാധിക്കില്ല. ഉപഭോക്താക്കൾക്ക് ഈ യൂസർനെയിം കീ എപ്പോൾ വേണമെങ്കിലും മാറ്റാനും സാധിക്കും.

നിങ്ങൾ തിരഞ്ഞെടുക്കുന്ന യൂസർനെയിമുകൾക്ക് കുറഞ്ഞത് 3 അക്ഷരങ്ങളും പരമാവധി 35 അക്ഷരങ്ങളും ഉണ്ടായിരിക്കണം. എന്നാൽ വെറും അക്കങ്ങൾ മാത്രമായി യൂസർനെയിം നൽകാൻ സാധിക്കില്ല. പ്രമുഖ വ്യക്തികളുടെയും സെലിബ്രിറ്റികളുടെയും വ്യാജ അക്കൗണ്ടുകൾ ഉണ്ടാകുന്നത് തടയാൻ അവരുടെ പേരുകൾ വാട്‌സാപ്പ് നേരത്തെ തന്നെ റിസർവ് ചെയ്ത് മാറ്റിവെക്കും. ഈ യൂസർനെയിം പൂർണമായും നിർബന്ധമില്ലാത്ത ഒരു ഓപ്ഷൻ മാത്രമാണ്. ഫോൺ നമ്പർ ഉപയോഗിച്ച് തന്നെ വാട്‌സാപ്പ് തുടരാൻ ആഗ്രഹിക്കുന്നവർക്ക് അതിനുള്ള സ്വാതന്ത്ര്യവുമുണ്ട്.

ഇനി നിങ്ങൾ ഒരു യൂസർനെയിം ഡിലീറ്റ് ചെയ്യുകയാണെങ്കിൽ അത് മറ്റാരെങ്കിലും സ്വന്തമാക്കുന്നതിന് മുൻപ് തിരികെ ലഭിക്കാൻ 14 ദിവസത്തെ സമയം ലഭിക്കും. നിങ്ങളുടെ നിലവിലുള്ള ചാറ്റുകളെയോ കോൺടാക്റ്റുകളെയോ ഈ മാറ്റം ബാധിക്കില്ല. ഘട്ടങ്ങളായാണ് ഈ സൗകര്യം ലഭ്യമാക്കുക എന്നതിനാൽ വരും ദിവസങ്ങളിൽ എല്ലാ ഉപഭോക്താക്കൾക്കും അക്കൗണ്ടിൽ ഇതിന്റെ നോട്ടിഫിക്കേഷൻ ലഭിക്കും. വരും മാസങ്ങളിൽ ഈ ഫീച്ചർ എല്ലാവരിലേക്കും എത്തുന്നതോടെ പുതിയ ചാറ്റുകളിൽ നിങ്ങളുടെ ഫോൺ നമ്പർ പൂർണ്ണമായും മറച്ചുവെക്കാം.

Also read: