മണികണ്ഠന്‍: ദി ലാസ്റ്റ് അവതാര്‍; മലയാളത്തിലെ ആദ്യ എഐ സിനിമ വരുന്നു
നിർമിതബുദ്ധിയുടെ അനന്തസാധ്യതകൾ പ്രയോജനപ്പെടുത്തി മലയാളത്തിൽ ആദ്യമായി ഒരുങ്ങുന്ന എഐ ചിത്രം ‘മണികണ്ഠൻ: ദി ലാസ്റ്റ് അവതാർ’ പാപ്പരാസി എന്റർടെയ്ൻമെന്റ് പ്രഖ്യാപിച്ചു. മിത്തോളജിയും ആക്ഷൻ ത്രില്ലറും സമന്വയിക്കുന്ന ഈ ചിത്രം സാങ്കേതിക വിദ്യയിലെ ഒരു പുത്തൻ പരീക്ഷണമായാണ് വിലയിരുത്തപ്പെടുന്നത്. ഹിമാലയത്തിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന സിനിമയിൽ, പ്രകൃതിക്ഷോഭത്തിൽ അനാഥനാകുകയും പിന്നീട് ആത്മീയതയുടെയും ആയോധനകലയുടെയും കരുത്തിൽ കരുത്തനായ യോദ്ധാവായി മാറുകയും ചെയ്യുന്ന ഒരു യുവാവിന്റെ കഥയാണ് ദൃശ്യവൽക്കരിക്കുന്നത്.
മാറുന്ന ലോകക്രമത്തിൽ മാനവികതയുടെ പ്രസക്തിയും സ്ത്രീ സുരക്ഷയും ചർച്ച ചെയ്യുന്ന ഈ ചിത്രം, തിരക്കഥ മുതൽ പോസ്റ്റ്-പ്രൊഡക്ഷൻ വരെയുള്ള എല്ലാ ഘട്ടങ്ങളിലും നിർമിതബുദ്ധിയെ ഫലപ്രദമായി ഉപയോഗിച്ചിരിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്. സിനിമാ നിർമ്മാണത്തിലെ പരിധികളില്ലാത്ത ഭാവനയ്ക്ക് എഐ എങ്ങനെയൊരു വഴികാട്ടിയാകുന്നു എന്നതിന്റെ നേർക്കാഴ്ചയാകും ഈ സിനിമയെന്ന് അണിയറപ്രവർത്തകർ അവകാശപ്പെടുന്നു.
ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ മെയ് മൂന്നിന് വൈകുന്നേരം എറണാകുളം വെണ്ണല തൈക്കാട്ട് ശ്രീ മഹാദേവ ക്ഷേത്രത്തിൽ വെച്ച് പ്രമുഖരുടെ സാന്നിധ്യത്തിൽ പുറത്തിറക്കും. പാപ്പരാസി എന്റർടെയ്ൻമെന്റ്, വി ക്രിയേറ്റ് എൻറർടെയ്ൻമെന്റ്, ഗുഡ്‌ഫെല്ലസ് ഫിലിംസ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രം മെയ് 29-ന് അഞ്ച് ഭാഷകളിലായി ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും. വാഴൂർ ജോസ് ആണ് ചിത്രത്തിന്റെ പിആർഒ.