‘യുവാക്കളെ ആല്‍ഫയും ബീറ്റയുമായി വിഭജിക്കേണ്ട, ഞങ്ങള്‍ ചെറുപ്പമായിരുന്നപ്പോള്‍ അതില്ല; സ്വത്വം ആശയങ്ങളിലാണ്, കൃത്രിമ വിഭജനങ്ങളിലല്ല’: നിതിന്‍ നബിന്‍
വാരണാസി: രാജ്യത്തെ യുവജനങ്ങളെ ‘ആല്‍ഫ’, ‘ബീറ്റ’ തുടങ്ങിയ തലമുറകളുടെ ലേബലുകള്‍ നല്‍കി ഭിന്നിപ്പിക്കരുതെന്ന് ബിജെപി ദേശീയ പ്രസിഡന്റ് നിതിന്‍ നബിന്‍. വാരണാസിയിലെ മഹാത്മാഗാന്ധി കാശി വിദ്യാപീഠത്തില്‍ നടന്ന ‘യുവ സംവാദ്’ പരിപാടിയില്‍ സംസാരിക്കവെയാണ് അദ്ദേഹം ഈ പരാമര്‍ശം നടത്തിയത്.
തങ്ങള്‍ ചെറുപ്പമായിരുന്ന കാലത്ത് ആരും തങ്ങളെ ഇത്തരത്തില്‍ ആല്‍ഫയെന്നോ ബീറ്റയെന്നോ ഗാമയെന്നോ വിഭജിച്ചിരുന്നില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കൃത്രിമമായ തലമുറ വിഭജനങ്ങള്‍ കൊണ്ടല്ല, മറിച്ച് യുവാക്കളുടെ ആശയങ്ങളും കഴിവുകളും ആഗ്രഹങ്ങളും കൊണ്ടാണ് അവരവരുടെ സ്വത്വം നിര്‍ണയിക്കപ്പെടേണ്ടതെന്നും നിതിന്‍ നബിന്‍ കൂട്ടിച്ചേര്‍ത്തു.
സംസ്ഥാനങ്ങളിലെ തൊഴിലവസരങ്ങളില്‍ അവിടുത്തെ യുവാക്കള്‍ക്ക് പ്രാഥമിക അവകാശമുണ്ടായിരിക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ബിഹാറിലെ യുവാക്കള്‍ക്ക് ബിഹാറിലും, ഉത്തര്‍പ്രദേശിലെ യുവാക്കള്‍ക്ക് യുപിയിലും അവകാശങ്ങള്‍ ലഭിക്കണം. രാജ്യത്തെ വിഭവങ്ങളും സമ്പത്തും ഇവിടുത്തെ പൗരന്മാര്‍ക്ക് മാത്രമുള്ളതാണെന്നും, ഇന്ത്യന്‍ യുവാക്കളുടെ അവകാശങ്ങള്‍ വിദേശത്തുനിന്നുള്ള അനധികൃത കുടിയേറ്റക്കാര്‍ക്ക് നല്‍കാനുള്ള നീക്കങ്ങളെ ബിജെപി ശക്തമായി എതിര്‍ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
തൊഴിലവസരങ്ങളെക്കുറിച്ചുള്ള വിദ്യാര്‍ത്ഥികളുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി, സാങ്കേതിക മേഖലയിലേക്ക് വലിയ നിക്ഷേപങ്ങളാണ് രാജ്യത്തേക്ക് എത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യ വൈകാതെ തന്നെ ഒരു ആഗോള ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഹബ്ബായി മാറുമെന്നും നിതിന്‍ നബിന്‍ പ്രത്യാശ പ്രകടിപ്പിച്ചു.