ഡൽഹി പ്രക്ഷോഭം: പൊലീസ് കസ്റ്റഡിയിലായവരിൽ ബിജെപി മുൻ എം.എൽ.എയുടെ മകളും
ന്യൂഡൽഹി: ഡൽഹിയിൽ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ നടന്ന പ്രതിഷേധങ്ങൾക്കിടെ പോലീസിന്റെ കസ്റ്റഡിയിലായവരിൽ ഉത്തർപ്രദേശിൽ നിന്നുള്ള മുൻ ബിജെപി എംഎൽഎ വിക്രം സിങ്ങിന്റെ മകൾ യശസ്വിനി രാജെ സിങ്ങും ഉൾപ്പെടുന്നു. യുപിയിലെ ഫത്തേപൂർ സദർ മണ്ഡലത്തെ പ്രതിനിധീകരിച്ച പ്രമുഖ ബിജെപി നേതാവാണ് വിക്രം സിങ്.
തന്റെ കസ്റ്റഡി സംബന്ധിച്ച വിവരങ്ങൾ യശസ്വിനി തന്നെയാണ് എക്സിലൂടെ പുറത്തുവിട്ടത്. “പാർക്കിൽ ഇരുന്നതിന് ബംഗ്ലാ സാഹിബിന് സമീപത്തുനിന്ന് കസ്റ്റഡിയിലെടുത്തു. നിലവിൽ കേശവ് പുരം പൊലീസ് സ്റ്റേഷനിൽ തടഞ്ഞുവെച്ചിരിക്കുകയാണ്,” എന്ന് അവർ കുറിച്ചു.
നേരത്തെ ചോദ്യപേപ്പർ ചോർച്ച ആരോപണത്തിൽ അന്നത്തെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് ജൂൺ-ജൂലൈ മാസങ്ങളിൽ നടന്ന അതിശക്തമായ വിദ്യാർത്ഥി പ്രതിഷേധങ്ങളിലൂടെയാണ് യശസ്വിനി രാജെ പൊതുശ്രദ്ധ നേടിയത്. ആ സമയത്തും സിജെപി പ്രചാരണങ്ങളെ അവർ സജീവമായി പിന്തുണച്ചിരുന്നു.
അതേസമയം, പ്രതിഷേധ സമരം തടയുന്നതിന്റെ ഭാഗമായി സിജെപി സ്ഥാപകനും കൺവീനറുമായ അഭിജിത് ദിപ്കെ, കോ-കൺവീനർമാരായ സൗരവ് ദാസ്, അശുതോഷ് റാങ്ക് എന്നിവരുൾപ്പെടെയുള്ള പ്രധാന നേതാക്കളെ ശനിയാഴ്ച ഡൽഹി വിമാനത്താവളത്തിൽ വിമാനത്തിലിറങ്ങിയ ഉടൻ തന്നെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
ഇതിനുപുറമെ, ജന്തർ മന്തറിലെത്തിയ സിപിഐഎം നേതാക്കളായ എം.എ. ബേബി, പിണറായി വിജയൻ, എം.വി. ഗോവിന്ദൻ മാസ്റ്റർ, എ. വിജയരാഘവൻ, കെ.കെ. ശൈലജ, ജോൺ ബ്രിട്ടാസ് എംപി, കെ.എൻ. ബാലഗോപാൽ, ബൃന്ദ കാരാട്ട്, പി.കെ. ശ്രീമതി എന്നിവരെയും പോലീസ് തടങ്കലിലാക്കി. ഓൾ ഇന്ത്യ സ്റ്റുഡന്റ്സ് അസോസിയേഷൻ (AISA) ദേശീയ പ്രസിഡന്റ് നേഹാ ബോറയെ സഫ്ദർജംഗ് വിമാനത്താവളത്തിന് സമീപത്തുനിന്നാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.
വോട്ടർ പട്ടികയിലെ ക്രമക്കേടുകൾ ചൂണ്ടിക്കാട്ടി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരെ സിജെപി പ്രഖ്യാപിച്ച പ്രതിഷേധത്തിനായി എത്തുന്നവരെ തടയാൻ 35,000-ത്തിലധികം സുരക്ഷാ സേനാംഗങ്ങളെയാണ് ഡൽഹിയിൽ വിന്യസിച്ചിരിക്കുന്നത്. പ്രധാന സമരകേന്ദ്രമാകേണ്ടിയിരുന്ന ജന്തർ മന്തർ മാധ്യമപ്രവർത്തകർക്ക് പോലും പ്രവേശനം നിഷേധിച്ച് പൂർണ്ണമായും അടച്ചുപൂട്ടുകയും റോഡുകൾ ബാരിക്കേഡുകൾ വെച്ച് അടയ്ക്കുകയും ചെയ്തതോടെ നിർദ്ദിഷ്ട സ്ഥലത്ത് സമരം ആരംഭിക്കാൻ പ്രതിഷേധക്കാർക്ക് സാധിച്ചിട്ടില്ല.