‘സ്വകാര്യ വാഹനം സർക്കാർ ആവശ്യത്തിന് ഉപയോഗിക്കുന്നതിൽ തെറ്റില്ല, തനിക്കെതിരെ പ്രചരിപ്പിച്ചത് എഐ ചിത്രം’; വിവാദത്തില് വിശദീകരണവുമായി കെ.എം ഷാജി
കെ.എം ഷാജി
കോഴിക്കോട്: റേഞ്ച് റോവർ വിവാദത്തിൽ മാധ്യമ വാർത്തകൾക്കും ആരോപണങ്ങൾക്കും കൃത്യമായ വിശദീകരണവുമായി മന്ത്രി കെ.എം. ഷാജി. ഔദ്യോഗിക പദവി സ്വകാര്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കരുതെന്നാണ് നിയമമെന്നും, എന്നാൽ സ്വകാര്യ വാഹനങ്ങൾ സർക്കാർ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതിൽ നിയമപരമായി തെറ്റില്ലെന്നും അദ്ദേഹം പറഞ്ഞു. മന്ത്രി സഞ്ചരിക്കുന്ന വാഹനമാണ് മന്ത്രിയുടെ വാഹനം എന്നതുകൊണ്ട് അതിൽ യാത്ര ചെയ്യുന്ന എല്ലാവരും മന്ത്രിമാരാകില്ലെന്നും കോഴിക്കോട്ട് നടന്ന വാർത്താസമ്മേളനത്തിൽ അദ്ദേഹം വ്യക്തമാക്കി.
റേഞ്ച് റോവർ വിഷയത്തിൽ മാധ്യമങ്ങൾ ഏകപക്ഷീയമായാണ് വാർത്തകൾ നൽകിയത്. താൻ ആഡംബര വാഹനത്തിൽ യാത്ര ചെയ്തുവെന്നും, തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ നൽകിയ കണക്കുകൾ പ്രകാരം ഇത്രയും വിലയുള്ള വാഹനം വാങ്ങാൻ കഴിയില്ലെന്ന തരത്തിലുമായിരുന്നു വ്യാജ പ്രചാരണങ്ങൾ. ഗൂഗിളിൽ തിരഞ്ഞാൽ ലഭിക്കുന്ന വാഹനത്തിന്റെ വിലപോലും കൃത്യമായി പരിശോധിക്കാതെയാണ് വാർത്ത നൽകിയത്. അഴീക്കോട് എം.എൽ.എയായിരുന്ന കാലത്തും താൻ ഉപയോഗിച്ചിരുന്നത് ഇതേ വാഹനമായിരുന്നു. വാഹനം ആദ്യം തന്റേതാണെന്നും പിന്നീട് സുഹൃത്തിന്റേതാണെന്നും വാർത്ത നൽകി. പ്രത്യുപകാരം പ്രതീക്ഷിച്ചുമാത്രമേ ഒരാൾ എന്തെങ്കിലും ചെയ്യൂ എന്ന ചിന്ത ചിലരുടെ മാനസിക വൈകല്യമാണെന്നും അദ്ദേഹം പരിഹസിച്ചു.
വിദേശയാത്രയ്ക്കിടെ തനിക്കൊപ്പം ബാർ ഉടമ ഉണ്ടായിരുന്നുവെന്ന തരത്തിലുള്ള പ്രചാരണങ്ങൾ സി.പി.ഐ.എമ്മിന്റെ സൈബർ വിഭാഗം നടത്തിയതും മുഖ്യധാരാ മാധ്യമങ്ങൾ അത് ഏറ്റെടുത്തതുമാണ്. എന്നാൽ ബാർ ഉടമ മുഖ്യമന്ത്രി പിണറായി വിജയനും സ്പീക്കർ എ.എൻ. ഷംസീറിനുമൊപ്പം നിൽക്കുന്ന ചിത്രം പുറത്തുവന്നതോടെ ഈ വിവാദത്തിന്റെ ദിശ മാറി. റേഞ്ച് റോവറിന് മുന്നിൽ നിൽക്കുന്ന രീതിയിൽ പ്രചരിച്ച തന്റെ ചിത്രം എ.ഐ ഉപയോഗിച്ച് നിർമിച്ചതാണ്. കുടുംബത്തെക്കുറിച്ചുള്ള വ്യാജ ചിത്രങ്ങളും സൈബർ വിഭാഗം പ്രചരിപ്പിച്ചു. തനിക്ക് വ്യക്തിത്വമുണ്ടെന്നും തോന്നിവാസം പറയാനുള്ള വേദിയായി മാധ്യമങ്ങളെ കാണരുതെന്നും ഷാജി മുന്നറിയിപ്പ് നൽകി.
മന്ത്രിമാർ സ്വകാര്യ വാഹനം ഉപയോഗിക്കുമ്പോൾ മുൻകൂർ അനുമതി വേണമെന്നത് നിയമമല്ല, വെറും കീഴ്വഴക്കം മാത്രമാണ്. വിഷയത്തിൽ പാർട്ടി നേതൃത്വത്തിന് വിശദീകരണം നൽകിയിട്ടുണ്ടെന്നും, വിവാദത്തിൽ പാർട്ടി പ്രവർത്തകർക്കോ യു.ഡി.എഫ് പ്രവർത്തകർക്കോ വേദനയുണ്ടായിട്ടുണ്ടെങ്കിൽ അത് താൻ പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു. എൽ.ഡി.എഫിന്റെ തദ്ദേശഭരണ കാലയളവിലെ ക്രമക്കേടുകൾ അന്വേഷിക്കുമെന്നും കുന്ദമംഗലത്തെ ലൈഫ് ഫ്ലാറ്റ് പദ്ധതി റദ്ദാക്കുമെന്നും ഷാജി കൂട്ടിച്ചേർത്തു. തന്റെ വകുപ്പിൽ കഴിഞ്ഞ പത്ത് വർഷത്തിനിടെ നടന്നതായി ആരോപിക്കുന്ന പതിനായിരത്തോളം അനധികൃത നിയമനങ്ങൾ പുറത്തുവരുമെന്ന ആശങ്കയാണ് തനിക്കെതിരെയുള്ള പ്രചാരണങ്ങൾക്ക് പിന്നിലെന്നും അദ്ദേഹം ആരോപിച്ചു.