‘ആദ്യം മുസ്‌ലിം ലീഗ് പോലെ, ഇപ്പോൾ മാവോയിസ്റ്റ് പാർട്ടി’; കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി കിരൺ റിജിജു
ന്യൂഡൽഹി: പാർലമെന്റിലെ പ്രതിപക്ഷ പെരുമാറ്റത്തെയും ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ നിലപാടുകളെയും രൂക്ഷമായി വിമർശിച്ച് കേന്ദ്ര പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജു. കോൺഗ്രസ് ആദ്യം മുസ്‌ലിം ലീഗിനോട് സാമ്യമുള്ളവരായെന്നും ക്രമേണ ഒരു മാവോയിസ്റ്റ് പാർട്ടിയായി മാറിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. നേരത്തെ താൻ നടത്തിയ ‘ദിമാഗി നക്സൽ’ എന്ന പരാമർശത്തിൽ ഉറച്ചുനിൽക്കുന്നുവെന്നും, പാർലമെന്റിന്റെ അന്തസ്സ് തകർക്കുന്ന രീതിയിലാണ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ പ്രതിപക്ഷം പെരുമാറുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഭരണഘടനാ സ്ഥാപനങ്ങളെയും ജനാധിപത്യ പ്രക്രിയകളെയും അട്ടിമറിക്കാൻ ശ്രമിക്കുന്ന അതിതീവ്ര ഇടതുപക്ഷ ചിന്താഗതിയാണ് കോൺഗ്രസിനെ നയിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ പ്രവർത്തിക്കാൻ അനുവദിക്കാത്തതും പാർലമെന്റ് നടപടികൾ നിരന്തരം തടസ്സപ്പെടുത്തുന്നതും നക്‌സലൈറ്റ് ശൈലിയാണെന്നും രാഹുൽ ഗാന്ധിയുടെ പ്രവൃത്തികൾ അരാജകത്വം സൃഷ്ടിക്കാൻ ലക്ഷ്യമിട്ടുള്ളതാണെന്നും റിജിജു ആരോപിച്ചു. വിദേശ മണ്ണിൽ പോയി ഇന്ത്യൻ ജനാധിപത്യത്തെ അവഹേളിക്കുന്നതും രാജ്യത്തിനകത്ത് അവിശ്വാസ അന്തരീക്ഷം സൃഷ്ടിക്കുന്നതും കോൺഗ്രസിന്റെ സ്ഥിരം തന്ത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, കേന്ദ്രത്തിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ സംസാരിക്കുന്ന പ്രതിപക്ഷ ശബ്ദങ്ങളെ അർബൻ നക്‌സലുകളായി മുദ്രകുത്തുന്നത് ബിജെപിയുടെ രാഷ്ട്രീയ തന്ത്രമാണെന്ന് കോൺഗ്രസ് തിരിച്ചടിച്ചു. മണിപ്പൂർ സംഘർഷം, തൊഴിലില്ലായ്‌മ, കർഷക പ്രശ്നങ്ങൾ തുടങ്ങിയ സുപ്രധാന വിഷയങ്ങളിൽ പാർലമെന്റിൽ ചർച്ച അനുവദിക്കാൻ തയ്യാറാകാത്ത സർക്കാരാണ് യഥാർത്ഥത്തിൽ ജനാധിപത്യ മര്യാദകളെ അപമാനിക്കുന്നതെന്നും കോൺഗ്രസ് നേതാക്കൾ കുറ്റപ്പെടുത്തി.