27/09/2026
[fontresizer_tawhidurrahmandear_widget]

‘എഐയ്‌ക്കെതിരെ നടക്കുന്ന ആക്രമണം അനുവദിക്കില്ല’: എഐ ഫോഴ്‌സ് രൂപീകരിക്കുമെന്ന് ട്രംപ്

 ‘എഐയ്‌ക്കെതിരെ നടക്കുന്ന ആക്രമണം അനുവദിക്കില്ല’: എഐ ഫോഴ്‌സ് രൂപീകരിക്കുമെന്ന് ട്രംപ്

വാഷിങ്ടണ്‍: അമേരിക്കന്‍ നിര്‍മിതബുദ്ധി വ്യവസായത്തിന്റെ വികസനവും സുരക്ഷയും ലക്ഷ്യമിട്ട് പുതിയ ‘എഐ ഫോഴ്‌സ്’ രൂപീകരിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ട്രൂത്ത് സോഷ്യലില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് അദ്ദേഹം സുപ്രധാന പ്രഖ്യാപനം നടത്തിയത്. എഐയെ അടുത്ത വ്യാവസായിക വിപ്ലവമായാണ് ട്രംപ് വിശേഷിപ്പിച്ചത്. രാജ്യത്തിന്റെ ജിഡിപിയുടെ 25 ശതമാനം വരെ ഈ മേഖലയില്‍ ഉള്‍പ്പെട്ടേക്കാമെന്നും ചൈനയടക്കമുള്ള രാജ്യങ്ങളെ പിന്തള്ളി അമേരിക്ക ഈ രംഗത്ത് മുന്നേറ്റം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. എഐയുടെ വളര്‍ച്ച തടയാനോ നശിപ്പിക്കാനോ ഉള്ള ഒരു നീക്കവും അനുവദിക്കില്ലെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

പുതിയ എഐ ഫോഴ്‌സിന്റെ മേല്‍നോട്ടത്തിനായി ‘എഐ സാര്‍’ (AI CZAR) പദവി ഉടന്‍ നിലവില്‍ വരും. ഉയര്‍ന്ന ഐക്യൂ ഉള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് മാത്രമായിരിക്കും സ്ഥാനത്തേക്ക് അപേക്ഷിക്കാന്‍ അവസരം. പ്രസിഡന്റായുള്ള തന്റെ ആദ്യഘട്ടത്തില്‍ ‘സ്‌പേസ് ഫോഴ്‌സ്’ രൂപീകരിച്ചതുപോലെയാണ് എഐ രംഗത്തും പ്രത്യേക സംവിധാനം കൊണ്ടുവരുന്നത്. ഡെമോക്രാറ്റുകളുടെ ഭാഗത്തുനിന്നുള്ള വ്യാജപ്രചരണങ്ങളാണ് എഐയ്‌ക്കെതിരെ നടക്കുന്നതെന്ന് ട്രംപ് ആരോപിച്ചു. എഐ ഡാറ്റാ സെന്ററുകള്‍ക്കെതിരെയുള്ള ആക്രമണങ്ങളെ അദ്ദേഹം വിമര്‍ശിച്ചതോടൊപ്പം, സമൂഹത്തിന് എഐ എത്രത്തോളം മെച്ചമുണ്ടാക്കുന്നുവെന്ന് ആളുകള്‍ തിരിച്ചറിഞ്ഞുതുടങ്ങിയിട്ടുണ്ടെന്നും പറഞ്ഞു. ഈ വ്യവസായ വളര്‍ച്ചയെ തടസ്സപ്പെടുത്തുന്ന നീക്കങ്ങളെ പിന്തുണയ്ക്കില്ലെന്നും, എന്നാല്‍ നിയമവിരുദ്ധമായ കാര്യങ്ങള്‍ നിലവിലുള്ള നിയമവ്യവസ്ഥയിലൂടെ എളുപ്പത്തില്‍ കണ്ടെത്തി പരിഹരിക്കുമെന്നും ട്രംപ് വ്യക്തമാക്കി.

Also read: