27/09/2026
[fontresizer_tawhidurrahmandear_widget]

‘ഗ്യാനേഷ് കുമാർ അഴിമതിക്കാരനായ ഉദ്യോഗസ്ഥൻ, അയാളെ അറസ്റ്റ് ചെയ്യണം; 2024 ലെ വാരണാസി തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കി വീണ്ടും വോട്ടെടുപ്പ് നടത്തണം’: അജയ് റായ്

 ‘ഗ്യാനേഷ് കുമാർ അഴിമതിക്കാരനായ ഉദ്യോഗസ്ഥൻ, അയാളെ അറസ്റ്റ് ചെയ്യണം; 2024 ലെ വാരണാസി തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കി വീണ്ടും വോട്ടെടുപ്പ് നടത്തണം’: അജയ് റായ്

ആഗ്ര: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഉത്തർപ്രദേശ് കോൺഗ്രസ് അധ്യക്ഷൻ അജയ് റായ്. ഗ്യാനേഷ് കുമാർ അഴിമതിക്കാരനാണെന്നും ബിജെപിയുടെ വിജയം ഉറപ്പാക്കുന്നതിനായി ഗ്യാനേഷ് കുമാർ തെരഞ്ഞെടുപ്പ് അട്ടിമറിച്ചുവെന്നും അജയ് റായ് പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി വിജയിച്ച 2024-ലെ വാരണാസി ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കണമെന്നും വീണ്ടും വോട്ടെടുപ്പ് നടത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആഗ്രയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 2024-ലെ തെരഞ്ഞെടുപ്പിൽ വാരണാസിയിൽ പ്രധാനമന്ത്രി മോദിക്കെതിരെ മത്സരിച്ച് ഒന്നര ലക്ഷത്തോളം വോട്ടുകൾക്ക് പരാജയപ്പെട്ട സ്ഥാനാർത്ഥിയായിരുന്നു അജയ് റായ്.

“ഗ്യാനേഷ് കുമാർ ഒരു അഴിമതിക്കാരനായ ഉദ്യോഗസ്ഥനാണ്. ബിജെപിയുടെ തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നിൽ അദ്ദേഹമാണ്. സംസ്ഥാനത്തൊട്ടാകെ തെരഞ്ഞെടുപ്പ് അട്ടിമറിച്ചാണ് അദ്ദേഹം മോദിയുടെ വിജയം ഉറപ്പാക്കിയത്. അദ്ദേഹം ഇപ്പോഴും ബിജെപിയെയും പ്രധാനമന്ത്രിയെയും സഹായിക്കുകയാണ്. നമ്മുടെ വോട്ടുകൾ മോഷ്ടിച്ചാണ് അവർ സർക്കാർ രൂപീകരിച്ചത്. അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയും വാരണാസിയിലെ തെരഞ്ഞെടുപ്പ് റദ്ദാക്കി വീണ്ടും വോട്ടെടുപ്പ് നടത്തുകയും വേണം. അദ്ദേഹത്തിന്റെ കാലയളവിൽ തെരഞ്ഞെടുപ്പ് നടന്ന സംസ്ഥാനങ്ങളിലെ ഫലങ്ങൾ റദ്ദാക്കി വീണ്ടും വോട്ടെടുപ്പ് നടത്തണം,” അജയ് റായ് പറഞ്ഞു.

വോട്ടർപട്ടിക പരിഷ്‌കരണവുമായി ബന്ധപ്പെട്ട സുപ്രധാന തീരുമാനങ്ങളിൽ രണ്ട് തെരഞ്ഞെടുപ്പ് കമ്മീഷണർമാർ 10 മാസത്തിനിടെ 14 തവണ വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു എന്ന വാർത്താ റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെയാണ് കോൺഗ്രസ് കടുത്ത വിമർശനവുമായി രംഗത്തെത്തിയത്. വോട്ടർപട്ടികയിലെ ക്രമക്കേടുകൾ, പുതിയ വോട്ടർമാരെ ചേർക്കുന്നതിലെ പാളിച്ചകൾ എന്നിവ കോൺഗ്രസ് ആവർത്തിച്ച് ചൂണ്ടിക്കാണിച്ചിട്ടും തെരഞ്ഞെടുപ്പ് കമ്മീഷൻ അത് പരിഗണിച്ചില്ലെന്ന് അജയ് റായ് ആരോപിച്ചു.

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ മറ്റു കമ്മീഷണർമാരെ ഒതുക്കുകയും സർക്കാരിന്റെ സമ്മർദ്ദത്തിന് വഴങ്ങി ഏകപക്ഷീയമായി തീരുമാനങ്ങളെടുക്കുകയും ചെയ്തുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഭരണഘടനാ സ്ഥാപനങ്ങളിൽ ഭിന്നാഭിപ്രായങ്ങളും ചർച്ചകളും സ്വാഭാവികമാണെന്നും കമ്മീഷന്റെ ഉത്തരവുകൾ നിയമപരമായ നടപടിക്രമങ്ങൾ പൂർണ്ണമായും പാലിച്ചാണ് പുറപ്പെടുവിക്കുന്നതെന്നുമാണ് ഈ വിഷയത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശദീകരണം.

Also read: