‘ധവളപത്രം തയ്യാറാക്കിയത് എഐ ഉപയോഗിച്ച്, ധനവകുപ്പിലെ രഹസ്യരേഖകള്‍ ചോര്‍ന്നു’; മുഖ്യമന്ത്രി വ്യക്തത വരുത്തണമെന്ന് തോമസ് ഐസക്
തിരുവനന്തപുരം: എഐ ഉപയോഗിച്ചാണ് ധവളപത്രം തയ്യാറാക്കിയതെന്ന ആരോപണവുമായി മുൻ ധനമന്ത്രി തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകൾ എഐ പ്ലാറ്റ്‌ഫോമുകൾക്ക് നൽകിയെന്നും ഇക്കാര്യത്തിൽ മുഖ്യമന്ത്രി വ്യക്തത വരുത്തണമെന്നും തോമസ് ഐസക് പറഞ്ഞു. തിരുവനന്തപുരം എകെജി സെന്ററിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു തോമസ് ഐസക്.
ഒരാഴ്ചയിൽ താഴെ സമയത്തിനുള്ളിൽ 190 ലധികം പേജുകളുള്ള ധവളപത്രം തയ്യാറാക്കിയപ്പോൾ തന്നെ അത്ഭുതം തോന്നിയെന്നും ഐസക് പറഞ്ഞു. എഐ കണ്ടന്റ് ഡിറ്റക്ഷൻ ടൂൾസ് ഉപയോഗിച്ച് പരിശോധിച്ചപ്പോൾ ധവളപത്രത്തിന്റെ ഭൂരിഭാവും തയ്യാറാക്കിയത് എഐ ഉപയോഗിച്ചാണെന്ന് കണ്ടെത്തി. ആധുനികകാലത്ത് എഐ ഉപയോഗിക്കുന്നതിന് താൻ എതിരല്ല. പക്ഷെ ധനവകുപ്പ് രഹസ്യമായി സൂക്ഷിക്കേണ്ട രേഖകൾ ഇതേതുടർന്ന് പരസ്യപ്പെട്ടു കഴിഞ്ഞെന്നും ഐസക് പറഞ്ഞു.
ഇത്തരം കാര്യങ്ങൾ ചെയ്യുന്നത് സംബന്ധിച്ച് സുപ്രീം കോടതി, ഹൈക്കോടതി, കേന്ദ്ര ധനവകുപ്പ് തുടങ്ങിയവയെല്ലാം തന്നെ ഇതിനകം മാർഗനിർദേശം നൽകിയിട്ടുണ്ട്. അപ്രൂവ്ഡ് ടൂൾസ് ഉപയോഗിക്കണമെന്നതടക്കമുള്ള വിശദമായ കാര്യങ്ങൾ മാർഗനിർദേശത്തിൽ ഉണ്ട്. എഐ ടൂൾസ്, ചാറ്റ് ജിപിടി തുടങ്ങിയവ ഉപയോഗിക്കാൻ പാടില്ലെന്നും തോമസ് ഐസക് പറഞ്ഞു.