‘കെ.എം.ആര്‍എല്‍ വാര്‍ത്ത നല്‍കിയത് സര്‍ക്കാരിനോട് ആലോചിക്കാതെ’; ‘കൊച്ചി മെട്രോ’ പേരുമാറ്റം ആലോചനയിലില്ലെന്ന് മുഖ്യമന്ത്രി
കൊച്ചി: കൊച്ചി മെട്രോയുടെ പേര് മാറ്റുന്ന കാര്യം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ. സർക്കാരിനോട് ആലോചിക്കാതെയാണ് കെ.എം.ആർ.എൽ ഈ വാർത്ത മാധ്യമങ്ങൾക്ക് നൽകിയതെന്നും അദ്ദേഹം വ്യക്തമാക്കി. കൊച്ചിയിൽ മാത്രം ഒതുങ്ങാതെ വിശാലാർത്ഥത്തിൽ സംസ്ഥാനത്താകെ നടപ്പാക്കുന്ന പദ്ധതി എന്ന നിലയ്ക്കാണ് കെഎംആർഎൽ പേരുമാറ്റം സംബന്ധിച്ച വിവരം പുറത്തുവിട്ടത്. എന്നാൽ മുൻകൂട്ടി അറിയിക്കാതെയുള്ള ഈ നീക്കത്തിൽ ജനപ്രതിനിധികളും നേതാക്കളും കടുത്ത അതൃപ്തി അറിയിച്ചതിനെ തുടർന്നാണ് പദ്ധതിയുടെ പേര് മാറ്റില്ലെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി രംഗത്തെത്തിയത്.
കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന്റെ പേര് ‘കേരളം മെട്രോ റെയിൽ ലിമിറ്റഡ്’ എന്ന് മാറ്റാനുള്ള നീക്കത്തിനെതിരെ ഹൈബി ഈഡൻ എം.പി മുൻപ് പരാതി നൽകിയിരുന്നു. പേര് മാറ്റത്തിനായി കെഎംആർഎൽ എം.ഡി വിചിത്രമായ നീക്കത്തിലൂടെ സംസ്ഥാന സർക്കാരിന്റെ അനുമതി തേടിയിരിക്കുകയാണെന്ന് ഹൈബിയുടെ കത്തിൽ ചൂണ്ടിക്കാട്ടുന്നു. സംസ്ഥാനത്തെ നഗര ഗതാഗതം ആസൂത്രണം ചെയ്യാനും നടപ്പാക്കാനും കെഎംആർഎലിന്റെ സഹായം തേടാമെങ്കിലും അതിനായി കമ്പനിയുടെ പേര് മാറ്റരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന്റെ പേര് ‘കേരളം മെട്രോ റെയിൽ ലിമിറ്റഡ്’ എന്ന് പുനർനാമകരണം ചെയ്യാൻ കെ.എം.ആർ.എൽ എം.ഡി ലോക്നാഥ് ബെഹ്റയാണ് സംസ്ഥാന സർക്കാരിന് ശുപാർശ സമർപ്പിച്ചത്. കൊച്ചിയിലെ സർവീസുകൾക്ക് പുറമെ, സംസ്ഥാനത്തൊട്ടാകെയുള്ള നഗര ഗതാഗത പദ്ധതികൾ ആസൂത്രണം ചെയ്യാനും നടപ്പിലാക്കാനും ലക്ഷ്യമിട്ടാണ് പേരുമാറ്റമെന്നായിരുന്നു ലോക്‌നാഥ് ബെഹ്റയുടെ വാദം.
ആലുവ മുതൽ തൃപ്പൂണിത്തുറ വരെയുള്ള ഒന്നാംഘട്ടം വിജയകരമായി പൂർത്തിയാക്കി പ്രവർത്തന ലാഭത്തിലാണ് നിലവിൽ കമ്പനി. കലൂർ ജെ.എൽ.എൻ സ്റ്റേഡിയം മുതൽ സ്മാർട്ട് സിറ്റി വരെയുള്ള രണ്ടാംഘട്ടം ഒരു വർഷത്തിനകം പൂർത്തിയാകും. ഇതിന് പുറമെ കൊച്ചി വാട്ടർ മെട്രോ, ഇലക്ട്രിക് മൊബിലിറ്റി പദ്ധതികൾ തുടങ്ങിയവയും കെ.എം.ആർ.എൽ ഏറ്റെടുത്ത് നടത്തുന്നുണ്ട്. തിരുവനന്തപുരം, കോഴിക്കോട് മെട്രോ പദ്ധതികളുടെ ചുമതലയും കെ.എം.ആർ.എല്ലിനാണ്. ഈ സാഹചര്യത്തിലാണ് നഗരകേന്ദ്രീകൃതമായ പേര് നിലവിലെയും ഭാവിയിലെയും വിപുലമായ പ്രവർത്തന മേഖലയ്ക്ക് അനുയോജ്യമല്ലാത്തതിനാൽ ‘കേരളം മെട്രോ റെയിൽ’ എന്ന പുതിയ പേര് നിർദ്ദേശിച്ചതെന്ന് ലോക്‌നാഥ് ബെഹ്റ പറഞ്ഞിരുന്നു.
നാഗ്‌പൂർ മെട്രോ ‘മഹാരാഷ്ട്ര മെട്രോ’ ആയും, ലക്നൗ മെട്രോ ‘ഉത്തർപ്രദേശ് മെട്രോ’ ആയും, അഹമ്മദാബാദ് മെട്രോ ‘ഗുജറാത്ത് മെട്രോ’ ആയും പുനഃസംഘടിപ്പിച്ച ദേശീയ മാതൃക പിന്തുടർന്നായിരുന്നു കെ.എം.ആർ.എല്ലിന്റെ ഈ നീക്കം.