02/09/2026
[fontresizer_tawhidurrahmandear_widget]

‘പലരും വന്ന് ഫോട്ടോ എടുക്കും, അതിനെന്താ കുഴപ്പം?’: ലഹരി വിവാദത്തിൽ നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി

 ‘പലരും വന്ന് ഫോട്ടോ എടുക്കും, അതിനെന്താ കുഴപ്പം?’: ലഹരി വിവാദത്തിൽ നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി

തിരുവനന്തപുരം: പെരുമ്പാവൂർ MDMA കേസിലെ പ്രതിയോടൊപ്പമുള്ള ചിത്രം പുറത്തുവന്ന സംഭവത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി വി.ഡി സതീശൻ. പൊതുപ്രവർത്തകൻ എന്ന നിലയിൽ നിരവധി ആളുകൾ തന്നോടൊപ്പം ഫോട്ടോ എടുക്കാറുണ്ടെന്നും അതിൽ തെറ്റില്ലെന്നും അദ്ദേഹം പറഞ്ഞു. നവകേരള സദസുമായി ബന്ധപ്പെട്ടാണ് പ്രതിയെ പരിചയപ്പെട്ടതെന്നും ഇക്കാര്യം മുൻപുതന്നെ വ്യക്തമാക്കിയതാണെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ അറിയിച്ചു.

സംസ്ഥാനത്തെ വികസന പദ്ധതികളുടെ മെല്ലെപ്പോക്കിനെയും അദ്ദേഹം രൂക്ഷമായി വിമർശിച്ചു. മുൻ സർക്കാരിന്റെ വീഴ്ച റോഡ്-റെയിൽ കണക്റ്റിവിറ്റിയെയും കയറ്റുമതി-ഇറക്കുമതി മേഖലയെയും ബാധിച്ചു. സമയബന്ധിതമായി വികസനം പൂർത്തിയാക്കാത്തത് വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കുന്നു. റിങ് റോഡ് പദ്ധതിക്ക് ഭൂമി ഏറ്റെടുക്കാൻ മുൻപ് 1600 കോടി രൂപ മതിയെന്നിരിക്കെ, കാലതാമസം കാരണം അത് 3200 കോടിയായി ഉയർന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

മെസ്സിയുടെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട വിവാദത്തിൽ, ജിഎസ്ടി വകുപ്പിലെ 22 കോടിയിലധികം രൂപയുടെ തട്ടിപ്പ് അന്വേഷിക്കാൻ പ്രത്യേക സംഘത്തെ (SIT) നിയോഗിച്ചു. മുൻ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് കണ്ടെത്തിയ തട്ടിപ്പ് മരവിപ്പിച്ചത് എന്തുകൊണ്ടാണെന്നും ഉദ്യോഗസ്ഥരുടെ പങ്ക് എത്രത്തോളമുണ്ടെന്നും അന്വേഷിക്കും. കായിക വകുപ്പ് സെക്രട്ടറിയുടെ പരാതിയിന്മേൽ കുറ്റക്കാർക്കെതിരെ ഉടൻ നടപടിയുണ്ടാകും.

ട്രാൻസ്ഫർ വിവാദങ്ങളിലും അദ്ദേഹം പ്രതികരിച്ചു. എൽഡിഎഫ് ഭരണകാലത്ത് രാഷ്ട്രീയ വൈരാഗ്യത്താൽ ക്രൂരമായ സ്ഥലംമാറ്റങ്ങൾ നടന്നിരുന്നു. സർക്കാർ മാറുമ്പോൾ സ്വാഭാവിക മാറ്റങ്ങൾ ഉണ്ടാകുമെന്നും ട്രാൻസ്ഫറിന്റെ പേരിൽ ആത്മഹത്യ നടന്നു എന്ന പ്രചാരണം തെറ്റാണെന്നും സതീശൻ പറഞ്ഞു. രാഷ്ട്രീയ നിയമന ചർച്ചകൾ ഓണം കഴിയുന്നതോടെ പൂർത്തിയാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

Also read: