‘കൊച്ചി മെട്രോയുടെ പേര് അതേപടി തുടരും’- വിശദീകരണവുമായി കെഎംആർഎൽ
കോഴിക്കോട്: കൊച്ചി മെട്രോയുടെ പേര് മാറ്റാൻ നിർദേശം നൽകിയെന്ന വാർത്തകളിൽ വ്യക്തത വരുത്തി കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെഎംആർഎൽ). കേന്ദ്ര സർക്കാരിന്റെ നിർദേശപ്രകാരമല്ല കമ്പനിയുടെ പേരുമാറ്റത്തിന് ശുപാർശ നൽകിയതെന്നും ‘കൊച്ചി മെട്രോ’ എന്ന പേരിൽ തന്നെ സർവീസുകൾ തുടർന്നും പ്രവർത്തിക്കുമെന്നും കെഎംആർഎൽ അധികൃതർ അറിയിച്ചു.
ഒരു സംസ്ഥാനത്ത് ഒന്നിലധികം നഗരങ്ങളിൽ മെട്രോ സംവിധാനങ്ങൾ വരുമ്പോൾ അവയെല്ലാം ഒറ്റ കമ്പനിക്ക് കീഴിലാക്കണമെന്നതാണ് കേന്ദ്ര സർക്കാരിന്റെ പൊതുവായ മാർഗനിർദേശം. സംസ്ഥാനത്ത് കൂടുതൽ മെട്രോ പദ്ധതികൾ പരിഗണനയിലുള്ള പശ്ചാത്തലത്തിലാണ് ‘കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ്’ എന്ന കമ്പനിയുടെ പേര് മാറ്റുന്ന കാര്യം ആലോചിച്ചത്. കമ്പനിയുടെ പേര് മാറ്റണമോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള പൂർണ അധികാരം സംസ്ഥാന സർക്കാരിനാണ്. സർക്കാർ ഈ ആവശ്യം നിരസിക്കുകയാണെങ്കിൽ തുടർനടപടികളുമായി മുന്നോട്ടുപോകില്ലെന്നും കെഎംആർഎൽ വ്യക്തമാക്കി.
കൊച്ചിക്ക് പുറമെ സംസ്ഥാനത്തൊട്ടാകെയുള്ള നഗര ഗതാഗത പദ്ധതികൾ ആസൂത്രണം ചെയ്തു നടപ്പിലാക്കുക എന്ന ലക്ഷ്യത്തോടെ കെഎംആർഎൽ എം.ഡി ലോക്‌നാഥ് ബെഹ്റയാണ് സർക്കാരിന് ശുപാർശ സമർപ്പിച്ചത്. തിരുവനന്തപുരം, കോഴിക്കോട് മെട്രോ പദ്ധതികളുടെ ചുമതലയും നിലവിൽ കെഎംആർഎല്ലിനാണ്. കമ്പനിയുടെ വിപുലമായ പ്രവർത്തന മേഖലയ്ക്ക് അനുയോജ്യമായ രീതിയിൽ ‘കേരളം മെട്രോ റെയിൽ’ എന്ന പുതിയ പേരാണ് നിർദേശിച്ചിരുന്നത്. നാഗ്‌പൂർ മെട്രോ ‘മഹാരാഷ്ട്ര മെട്രോ’യായും ലഖ്നൗ മെട്രോ ‘ഉത്തർപ്രദേശ് മെട്രോ’യായും അഹമ്മദാബാദ് മെട്രോ ‘ഗുജറാത്ത് മെട്രോ’യായും മാറിയ ദേശീയ മാതൃക പിന്തുടർന്നായിരുന്നു ഈ നീക്കം.
അതേസമയം, പേരുമാറ്റ ശുപാർശയിൽ ശക്തമായ എതിർപ്പുമായി ഹൈബി ഈഡൻ എം.പി രംഗത്തെത്തിയിരുന്നു. പുനർനാമകരണം വിചിത്രമാണെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് കത്തയച്ച അദ്ദേഹം, അഭിപ്രായ ഐക്യമില്ലാതെ അന്തിമ തീരുമാനത്തിലേക്ക് കടക്കരുതെന്നും ആവശ്യപ്പെട്ടിരുന്നു.
നിലവിൽ ആലുവ മുതൽ തൃപ്പൂണിത്തുറ വരെയുള്ള ഒന്നാംഘട്ടം വിജയകരമായി പൂർത്തിയാക്കി ലാഭത്തിലാണ് കൊച്ചി മെട്രോ പ്രവർത്തിക്കുന്നത്. കലൂർ ജെഎൽഎൻ സ്റ്റേഡിയം മുതൽ സ്‌മാർട്ട് സിറ്റി വരെയുള്ള രണ്ടാംഘട്ടം ഒരു വർഷത്തിനകം പൂർത്തിയാകും. ഇതിനുപുറമെ കൊച്ചി വാട്ടർ മെട്രോ, ഇലക്ട്രിക് മൊബിലിറ്റി പദ്ധതികൾ തുടങ്ങിയവയും കെഎംആർഎൽ നടത്തിവരുന്നുണ്ട്.