‘യുഡിഎഫിന്റെ വിജയത്തിന് പിന്നിൽ AI; വിചിത്രന്യായീകരണവുമായി ടി.കെ ഹംസ
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിനുണ്ടായ വൻ വിജയത്തിന് പിന്നിൽ എഐ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള അട്ടിമറിയാണെന്ന വിചിത്ര ആരോപണവുമായി മുതിർന്ന സിപിഎം നേതാവ് ടി.കെ ഹംസ. വോട്ടിങ് യന്ത്രങ്ങളിൽ എഐ സഹായത്തോടെ കൃത്രിമം നടന്നിട്ടുണ്ടോ എന്ന് വിശദമായി പരിശോധിക്കണമെന്ന് അദ്ദേഹം ഒരു മലയാള മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ആവശ്യപ്പെട്ടു.
പോൾ ചെയ്ത വോട്ടും എണ്ണിയ വോട്ടും തമ്മിൽ വലിയ വ്യത്യാസമുണ്ടെന്ന് ഹംസ ആരോപിച്ചു. എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് എവിടെയിരുന്നും വോട്ടുകൾ കൂട്ടിച്ചേർക്കാൻ സാധിക്കുമെന്നും, വോട്ടിങ് യന്ത്രങ്ങളെക്കുറിച്ച് ദേശീയതലത്തിൽ ഉയർന്ന സംശയങ്ങൾ കേരളത്തിലും പ്രസക്തമാണെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫിനെ സഹായിക്കാൻ കോലീബി സഖ്യം സജീവമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇടതുപക്ഷത്തിന്റെ പരാജയം മുന്നണിയുടെ തകർച്ചയല്ലെന്നും ഭരണത്തുടർച്ച ഭയന്നുള്ള പ്രതിപക്ഷ ഏകീകരണത്തിന്റെ ഫലമാണെന്നും ഹംസ ന്യായീകരിച്ചു. കോൺഗ്രസ് നേതാക്കളുടെ ബന്ധുക്കൾ കൂട്ടത്തോടെ ബിജെപിയിലേക്ക് പോകുന്നത് പാർട്ടിക്കുള്ളിലെ വിശ്വാസ്യത തകർക്കുന്നുണ്ട്. കോൺഗ്രസിലെ ആഭ്യന്തര തർക്കങ്ങൾ വരും ദിവസങ്ങളിൽ രൂക്ഷമാകുമെന്നും ഇത് ഇടതുപക്ഷത്തിന് ശക്തമായ തിരിച്ചുവരവിന് അവസരമൊരുക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
പാർട്ടിയിലെ പ്രായപരിധി നിബന്ധനകളിൽ പ്രത്യേക സാഹചര്യങ്ങളിൽ ഇളവ് നൽകുന്നത് സ്വാഭാവികമായ സംഘടനാ രീതിയാണെന്നും, തന്റെ വഖഫ് ബോർഡ് അധ്യക്ഷ സ്ഥാനം ഇതിന്റെ ഭാഗമാണെന്നും ഹംസ വ്യക്തമാക്കി. ജനക്ഷേമ പ്രവർത്തനങ്ങളിലൂടെ നഷ്ടപ്പെട്ട ജനപിന്തുണ തിരിച്ചുപിടിക്കുമെന്നും അദ്ദേഹം പറഞ്ഞു.