ബസ് അപകടത്തില്‍പ്പെട്ട് വസ്ത്രം നഷ്ടപ്പെട്ട യുവതിക്ക് സ്വന്തം ഉടുമുണ്ട് അഴിച്ചു നൽകി; ചായവിൽപ്പനക്കാരനായ ഷാജിക്ക് ഒരു ലക്ഷം രൂപ പാരിതോഷികം നല്‍കി എംസിആര്‍ മുണ്ട് കമ്പനി
തൃപ്പൂണിത്തുറ: വാഹനാപകടത്തിൽപ്പെട്ട് വസ്ത്രം കീറിപ്പറിഞ്ഞ അവസ്ഥയിലായ സ്ത്രീക്ക് സ്വന്തം ഉടുമുണ്ട് അഴിച്ചുനൽകി മാനം കാത്ത ചായവിൽപ്പനക്കാരന് പ്രമുഖ ടെക്സ്റ്റൈൽസ് കമ്പനിയായ എംസിആറിന്റെ (MCR) ആദരം. സമൂഹത്തിന് വലിയൊരു മാതൃകയായ ഷാജി എന്ന ഈ സാധാരണക്കാരന് എംസിആർ ചെയർമാൻ എം.സി റോബിനാണ് ഒരു ലക്ഷം രൂപ പാരിതോഷികമായി കൈമാറിയത്. സ്വന്തം ബുദ്ധിമുട്ടുകൾ മറന്ന് ഷാജി കാട്ടിയ ഈ വലിയ മനുഷ്യസ്നേഹത്തെ അഭിനന്ദിച്ചാണ് കമ്പനി അദ്ദേഹത്തെ തേടിയെത്തിയത്.
കഴിഞ്ഞ ജൂൺ 16-ന് ഉച്ചയ്ക്ക് 12 മണിയോടെ തൃപ്പൂണിത്തുറ സ്റ്റാച്യു ജങ്ഷന് സമീപമാണ് ഈ സംഭവം നടന്നത്. സൈക്കിളിൽ പതിവുപോലെ ചായ വിതരണം നടത്തുകയായിരുന്ന ഷാജി വലിയൊരു ശബ്ദവും നിലവിളിയും കേട്ടാണ് അവിടേക്ക് ഓടിയെത്തിയത്. ഒരു സ്വകാര്യ ബസ് ഇടിച്ച് സ്കൂട്ടർ യാത്രക്കാരി ബസിന്റെ മുൻചക്രത്തിനടിയിൽ പെട്ടുകിടക്കുന്നതാണ് അദ്ദേഹം കണ്ടത്. ഓടിക്കൂടിയവർക്കൊപ്പം ചേർന്ന് ഇവരെ പുറത്തെടുത്തപ്പോൾ, വസ്ത്രങ്ങളെല്ലാം പൂർണ്ണമായും കീറിപ്പറിഞ്ഞ് രക്തത്തിൽ കുളിച്ച നിലയിലായിരുന്നു അവർ. മറ്റൊന്നും ആലോചിക്കാൻ നിൽക്കാതെ ഷാജി താൻ ഉടുത്തിരുന്ന മുണ്ടഴിച്ച് ആ സ്ത്രീയുടെ ശരീരം മറയ്ക്കുകയായിരുന്നു. തുടർന്ന് അപകടത്തിൽപ്പെട്ട ചോറ്റാനിക്കര എരുവേലി സ്വദേശിനി ഷീജാ ജോർജിനെ (52) ഉടൻ തന്നെ ഒരു ഓട്ടോറിക്ഷയിൽ ആശുപത്രിയിലേക്ക് മാറ്റി. ഇവർ നിലവിൽ ഒരു സ്വകാര്യ ആശുപത്രിയിൽ അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ തുടരുകയാണ്.
സ്ത്രീയുടെ ശരീരം മറയ്ക്കുന്നതിനിടയിൽ സ്വന്തം ഉടുമുണ്ട് നഷ്ടപ്പെട്ട് റോഡിൽ നിൽക്കേണ്ടി വന്ന ഷാജിക്ക്, സമീപത്തെ ഒരു തുണിക്കടയുടമയാണ് അന്ന് പുതിയ മുണ്ട് നൽകിയത്. തുടർന്ന് ആ മുണ്ടുടുത്ത് ഷാജി വീണ്ടും തന്റെ ദൈനംദിന ഉപജീവനമാർഗ്ഗമായ ചായക്കച്ചവടവുമായി മുന്നോട്ടുപോയി. മറ്റുള്ളവരുടെ വേദനകളിൽ കാഴ്ചക്കാരായി നിൽക്കുന്നവർക്ക് മുന്നിൽ സഹജീവി സ്നേഹത്തിന്റെ വലിയൊരു മാതൃക തീർത്താണ് ഷാജി ഈ നാടിന്റെ ഹീറോ ആയി മാറുന്നത്.