സ്നാപ്ചാറ്റ് പ്രണയം അതിർത്തി കടന്നു; കാമുകിയെ കാണാൻ പാകിസ്ഥാനിൽ നിന്ന് ഇന്ത്യയിലെത്തി യുവാവ്
സ്നാപ്ചാറ്റ് വഴി പരിചയപ്പെട്ട ജമ്മു കശ്മീർ സ്വദേശിനിയായ യുവതിയോടുള്ള പ്രണയം മൂലം നിയന്ത്രണരേഖ കടന്ന് ഇന്ത്യയിലെത്തിയ പാക് അധീന കശ്മീർ സ്വദേശിയായ യുവാവിനെ ഔദ്യോഗിക നടപടികൾക്ക് ശേഷം തിരികെ അയച്ചു.
പാക് അധീന കശ്മീരിലെ മുസാഫറാബാദ് സ്വദേശിയായ സീഷാൻ മിർ ആണ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ സ്നാപ്ചാറ്റ് വഴി ജമ്മു കശ്മീരിലെ ഉറി സ്വദേശിനിയായ ഇറാം മജീദുമായി പ്രണയത്തിലായത്. ഓൺലൈൻ വഴിയുള്ള ഈ പ്രണയമാണ് ഒടുവിൽ കാമുകിയെ നേരിൽ കാണാൻ നിയന്ത്രണരേഖ നിയമവിരുദ്ധമായി മുറിച്ചുകടക്കാൻ സീഷാന് പ്രേരണയായതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
ഇന്ത്യൻ അതിർത്തിക്കുള്ളിലേക്ക് കടന്ന സീഷാനെ, കഴിഞ്ഞ മെയ് 31-നാണ് ഉറിയിലെ സിലിക്കോട്ട് സെക്ടറിന് സമീപത്തുനിന്ന് ഇന്ത്യൻ സൈന്യത്തിന്റെ 12 ഗ്രനേഡിയേഴ്‌സ് വിഭാഗം പിടികൂടുന്നത്. അതിർത്തി കടന്ന് ഏകദേശം ഒരു മാസത്തോളം കഴിഞ്ഞാണ് ഇയാൾ പിടിയിലാകുന്നത്. ആവശ്യമായ നിയമപരവും സുരക്ഷാപരവുമായ എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കിയ ശേഷം, ജൂലൈ 4-ന് കമാൻ അമൻ സേതു ക്രോസിംഗിൽ വെച്ച് സീഷാനെ പാകിസ്ഥാൻ സൈനിക ഉദ്യോഗസ്ഥർക്ക് കൈമാറി.