ലോകത്തെ ഏറ്റവും മലിനമായ രാജ്യം പാകിസ്താൻ, മോശം നഗരം ഇന്ത്യയിലും; ഐക്യുഎയർ പട്ടിക പുറത്ത്
ന്യൂഡൽഹി: ലോകത്തിൽ ഏറ്റവും കൂടുതൽ വായു മലിനീകരണമുള്ള രാജ്യമായി പാകിസ്താനെ തിരഞ്ഞെടുത്തു. സ്വിസ് എയർ ക്വാളിറ്റി മോണിറ്ററിങ് ഗ്രൂപ്പായ ‘ഐ.ക്യു എയർ’പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോർട്ടാണ് ഇക്കാര്യം വ്യക്തമാക്കിയത്.
അന്തരീക്ഷത്തിലെ പി.എം 2.5 കണികകളുടെ അളവ് പരിശോധിച്ചാണ് ഈ ആഗോള വായുഗുണനിലവാര പട്ടിക തയ്യാറാക്കിയിരിക്കുന്നത്. ലോകാരോഗ്യ സംഘടന നിഷ്‌കർഷിച്ചിട്ടുള്ള സുരക്ഷിത പരിധിയേക്കാൾ 13 മടങ്ങിലധികം മലിനീകരണമാണ് പാകിസ്താന്റെ അന്തരീക്ഷത്തിലുള്ളത്. ഈ പട്ടികയിൽ ബംഗ്ലാദേശും തജിക്കിസ്താനുമാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിലുള്ളത്. ആഗോള മലിനീകരണ സൂചികയിൽ ഇന്ത്യ ആറാം സ്ഥാനത്താണ്.
രാജ്യങ്ങളുടെ പട്ടികയിൽ പാകിസ്താനാണ് ഒന്നാമതെങ്കിലും, ലോകത്തിലെ ഏറ്റവും മലിനമായ നഗരമായി തിരഞ്ഞെടുക്കപ്പെട്ടത് ഇന്ത്യയിലാണ്. ഉത്തർപ്രദേശിലെ ലോണി നഗരമാണ് വായുമലിനീകരണത്തിൽ ആഗോളതലത്തിൽ ഒന്നാമത്. 112.5 മൈക്രോഗ്രാം പി.എം 2.5 അളവാണ് ഇവിടെ രേഖപ്പെടുത്തിയത്.
മേഘാലയയിലെ ബൈർണിഹട്ടാണ് പട്ടികയിൽ മൂന്നാം സ്ഥാനത്തുള്ള ഇന്ത്യൻ നഗരം. രാജ്യതലസ്ഥാനമായ ഡൽഹി ലോകത്തിലെ ഏറ്റവും മലിനമായ തലസ്ഥാന നഗരമായി തുടരുകയും ആഗോള നഗരങ്ങളുടെ പട്ടികയിൽ നാലാം സ്ഥാനം നേടുകയും ചെയ്തു. ആഗോളതലത്തിൽ വായുനിലവാരം വിലയിരുത്തുമ്പോൾ വലിയൊരു വിഭാഗം രാജ്യങ്ങളും ഇപ്പോഴും സുരക്ഷിത മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.