ഡൽഹിയിൽ സിജെപി പ്രതിഷേധത്തിന് പോലീസ് അനുമതി; പുസ്തകങ്ങളും പൂക്കളുമായി എത്താൻ അണികൾക്ക് അഭിജിത് ദീപ്കെയുടെ നിർദേശം
ന്യൂഡൽഹി: പരീക്ഷാക്രമക്കേടുകളിൽ കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്രപ്രധാന്റെ രാജി ആവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടി (സിജെപി) ഇന്ന് ഡൽഹിയിൽ പ്രതിഷേധിക്കും. പാർട്ടിയുടെ ആദ്യ പരസ്യപ്രതിഷേധമാണിത്. സമരത്തിൽ പങ്കെടുക്കാൻ പാർട്ടി സ്ഥാപകൻ അഭിജീത് ദീപ്കെ യുഎസിൽനിന്ന് തലസ്ഥാനത്തെത്തിയിട്ടുണ്ട്. രാവിലെ ഒൻപതിന് ജന്തർ മന്ദറിൽ ആരംഭിക്കുന്ന പ്രതിഷേധത്തിന് ഡൽഹി പോലീസ് അനുമതി നൽകിയതായി സിജെപി അറിയിച്ചു.
പ്രവർത്തകർ പുസ്തകവും ത്രിവർണ പതാകയുമായി ഗ്രൂപ്പുകളായി മാത്രമേ സമരത്തിനെത്താവൂ എന്ന് പാർട്ടി നിർദേശിച്ചിട്ടുണ്ട്. സമരം പൂർണമായും സമാധാനപരമായിരിക്കണമെന്നും പോലീസുകാർക്ക് കരുണയുടേയും കൃതജ്ഞതയുടേയും അടയാളമായി പൂക്കൾ സമർപ്പിക്കണമെന്നും അഭിജീത് ദീപ്കെ ട്വീറ്റ് ചെയ്തു. സമരത്തിന് എസ്എഫ്ഐ ഉൾപ്പെടെയുള്ള സംഘടനകൾ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാനിന്റെ വസതി, ഡൽഹി വിമാനത്താവളം, അതിർത്തി കവാടങ്ങൾ ഉൾപ്പെടെയുള്ള പ്രധാന സ്ഥലങ്ങളിൽ പോലീസ് സുരക്ഷ ശക്തമാക്കുകയും കൂടുതൽ ഉദ്യോഗസ്ഥരെ വിന്യസിക്കുകയും ചെയ്തു.