26/07/2026
[fontresizer_tawhidurrahmandear_widget]

‘ഏതൊരു പദവിയേക്കാളും വലുത് വിദ്യാർത്ഥികൾ’; ധർമ്മേന്ദ്ര പ്രധാന്റെ രാജി മാതൃകാപരമെന്ന് അമിത് ഷാ

 ‘ഏതൊരു പദവിയേക്കാളും വലുത് വിദ്യാർത്ഥികൾ’; ധർമ്മേന്ദ്ര പ്രധാന്റെ രാജി മാതൃകാപരമെന്ന് അമിത് ഷാ

ന്യൂഡൽഹി: ബി.ജെ.പിക്ക് ഏതൊരു പദവിയേക്കാളും വലുത് രാജ്യവും യുവജനങ്ങളും വിദ്യാർത്ഥികളുമാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. നീറ്റ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട വിവാദങ്ങളെത്തുടർന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെച്ചതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. ചോദ്യപേപ്പർ ചോർച്ചയ്ക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനും ആവശ്യമായ പരിഷ്കാരങ്ങൾ നടപ്പിലാക്കാനും സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് ശനിയാഴ്ച രാത്രി എക്സിലൂടെ പങ്കുവെച്ച കുറിപ്പിൽ അദ്ദേഹം വ്യക്തമാക്കി.

പരീക്ഷാ സമ്പ്രദായത്തിലെ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പുവരുത്താനും ചോദ്യപേപ്പർ ചോർച്ചയ്ക്ക് പിന്നിൽ പ്രവർത്തിച്ച കുറ്റക്കാർക്ക് കർശന ശിക്ഷ നൽകാനും പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വീകരിച്ച തീരുമാനങ്ങൾ ഏറെ പ്രശംസനീയമാണെന്ന് അമിത് ഷാ പറഞ്ഞു. രാജ്യത്തെ യുവാക്കളുടെ വികാരങ്ങളെ സർക്കാർ മാനിക്കുന്നു. സർക്കാരിന്റെ ഈ സുപ്രധാന തീരുമാനങ്ങൾ നീറ്റ് പരീക്ഷയിൽ വിജയിച്ച വിദ്യാർത്ഥികൾക്ക് പൂർണ്ണ നീതി ഉറപ്പാക്കുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും ആഭ്യന്തര മന്ത്രി കൂട്ടിച്ചേർത്തു.

വിദ്യാഭ്യാസ മന്ത്രിയെന്ന നിലയിലുള്ള ധർമ്മേന്ദ്ര പ്രധാന്റെ പ്രവർത്തനങ്ങളെയും അമിത് ഷാ പ്രശംസിച്ചു. ദേശീയ വിദ്യാഭ്യാസ നയം (എൻ.ഇ.പി) നടപ്പിലാക്കിയതും, മാതൃഭാഷയിലുള്ള പരീക്ഷകൾ വിപുലീകരിച്ചതും, പി.എം ശ്രീ സ്കൂളുകൾ ശാക്തീകരിച്ചതും അദ്ദേഹത്തിന്റെ മികച്ച നേട്ടങ്ങളാണെന്ന് അമിത് ഷാ ഓർമ്മിപ്പിച്ചു. ഡിജിറ്റൽ വിദ്യാഭ്യാസം, നൈപുണ്യ വികസനം, വ്യവസായ-അക്കാദമിക ഏകോപനം എന്നിവ മെച്ചപ്പെടുത്തുന്നതിലും അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ ശ്രദ്ധേയമായിരുന്നു. പരീക്ഷാ സമ്പ്രദായം കൂടുതൽ സമഗ്രവും വിദ്യാർത്ഥി സൗഹൃദവുമാക്കുന്നതിനും ഇന്ത്യയെ ഒരു വികസിത രാജ്യമാക്കി മാറ്റുന്നതിനുമുള്ള അദ്ദേഹത്തിന്റെ അർപ്പണബോധത്തിന്റെ തെളിവാണ് ഈ കാലയളവെന്നും അമിത് ഷാ ചൂണ്ടിക്കാട്ടി. ആഴ്ചകൾ നീണ്ട വിദ്യാർത്ഥി പ്രതിഷേധങ്ങൾക്കും കനത്ത രാഷ്ട്രീയ സമ്മർദ്ദങ്ങൾക്കുമൊടുവിലാണ് ശനിയാഴ്ച ധർമ്മേന്ദ്ര പ്രധാൻ വിദ്യാഭ്യാസ മന്ത്രി സ്ഥാനം രാജിവെച്ചത്.

Also read: