‘മോദിയും വാജ്പേയിയും വന്ദേമാതരം പൂർണമായി ആലപിച്ചിട്ടുണ്ടോ? അവരും ദേശവിരുദ്ധരാണോ’; അമിത് ഷായ്ക്ക് മറുപടിയുമായി കപിൽ സിബൽ
കപിൽ സിബൽ
ന്യൂഡൽഹി: പാർട്ടി യോഗങ്ങളിൽ ദേശീയഗാനമായ വന്ദേമാതരത്തിന്റെ ആദ്യ രണ്ടു ചരണങ്ങൾ മാത്രം ആലപിക്കാനുള്ള കോൺഗ്രസ് തീരുമാനത്തെ ‘ദേശവിരുദ്ധം’ എന്ന് വിമർശിച്ച കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കെതിരെ കപിൽ സിബൽ എം.പി. 1950 മുതൽ ബി.ജെ.പി നടത്തുന്ന ഔദ്യോഗികവും സ്വകാര്യവുമായ പരിപാടികളിൽ ഗാനം പൂർണ്ണമായി പാടാറുണ്ടോയെന്ന് അദ്ദേഹം ചോദിച്ചു. ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന വേളയിൽ നരേന്ദ്ര മോദിയോ, പ്രധാനമന്ത്രിയായിരുന്ന സമയത്ത് അടൽ ബിഹാരി വാജ്പേയിയോ ഇത് പൂർണ്ണമായി ആലപിച്ചിട്ടുണ്ടോയെന്നും അദ്ദേഹം ആരാഞ്ഞു.
സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിലൂടെയാണ് സിബൽ തന്റെ നിലപാട് വ്യക്തമാക്കിയത്. അന്ന് ബി.ജെ.പി നേതാക്കൾ ഇത് പൂർണ്ണമായി പാടിയിട്ടില്ലെങ്കിൽ അവരെയും ‘ദേശവിരുദ്ധർ’ എന്ന് വിളിക്കാനാകുമോ എന്ന് ചോദിച്ച അദ്ദേഹം, വിഷയത്തിൽ ബി.ജെ.പിയുടെ വോട്ട് ബാങ്ക് രാഷ്ട്രീയം മാത്രമാണ് പ്രകടമാകുന്നതെന്നും കുറിച്ചു. സ്വാതന്ത്ര്യസമര സേനാനികളുടെ ചരിത്രപരമായ തീരുമാനങ്ങളെ അപകീർത്തിപ്പെടുത്തി അനാവശ്യ വിവാദങ്ങൾ ഉണ്ടാക്കാനാണ് ഭരണപക്ഷം ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
1937-ൽ കോൺഗ്രസ് എടുത്ത തീരുമാനത്തിന് അനുസൃതമായി പാർട്ടി പരിപാടികളിൽ ആദ്യത്തെ രണ്ട് ചരണങ്ങൾ മാത്രം ആലപിച്ചാൽ മതിയെന്ന് അടുത്തിടെ കോൺഗ്രസ് പ്രവർത്തക സമിതി തീരുമാനിച്ചിരുന്നു. കോൺഗ്രസിന്റെ ഈ നീക്കം പ്രീണന രാഷ്ട്രീയത്തിന്റെ ഭാഗമാണെന്നും രാജ്യവിരുദ്ധമാണെന്നുമാണ് അമിത് ഷാ വിശേഷിപ്പിച്ചത്. 1937-ലെ ഈ നിലപാടാണ് രാജ്യവിഭജനത്തിന് വഴിതെളിച്ചതെന്നും, വന്ദേമാതരത്തിന്റെ 150-ാം വാർഷിക വേളയിൽ കേന്ദ്ര സർക്കാർ ഗാനം പൂർണ്ണമായി ആലപിക്കാൻ നിയമപരമായ സംവിധാനം കൊണ്ടു വന്നപ്പോൾ കോൺഗ്രസ് അതിനെ എതിർക്കുകയാണെന്നും അമിത് ഷാ വാദിച്ചിരുന്നു.
എന്നാൽ, തൊഴിലില്ലായ്മയും വിദ്യാർത്ഥി പ്രക്ഷോഭങ്ങളും ഉൾപ്പെടെയുള്ള യഥാർത്ഥ പ്രശ്നങ്ങളിൽ നിന്ന് ജനശ്രദ്ധ മാറ്റാനാണ് കേന്ദ്ര സർക്കാർ ഇത്തരം കാര്യങ്ങൾ ഉന്നയിക്കുന്നതെന്ന് പ്രതിപക്ഷ കക്ഷികൾ അഭിപ്രായപ്പെടുന്നു. വ്യാജ ദേശീയത മുൻനിർത്തി രാഷ്ട്രീയ നേട്ടമുണ്ടാക്കാനും ചരിത്രവസ്തുതകളെ വളച്ചൊടിച്ച് സമൂഹത്തിൽ ധ്രുവീകരണം സൃഷ്ടിക്കാനുമാണ് ബി.ജെ.പിയുടെ ശ്രമമെന്ന് കപിൽ സിബൽ വ്യക്തമാക്കി.