‘ഞങ്ങളെ ദേശസ്നേഹം പഠിപ്പിക്കാൻ ഏത് ബിജെപിക്കാരനാണ് സ്വാതന്ത്ര്യത്തിനുവേണ്ടി പോരാടിയത്? യഥാർഥത്തിൽ ദേശവിരുദ്ധർ അവരാണ്’: മല്ലികാർജുൻ ഖാർഗെ
മല്ലികാർജുൻ ഖാർഗെ
പനാജി: സ്വാതന്ത്ര്യദിനാഘോഷ വേളയിലെ വന്ദേമാതരം ആലാപനവുമായി ബന്ധപ്പെട്ട് ബിജെപി ഉയർത്തിയ അനാദരവ് ആരോപണങ്ങൾക്ക് ശക്തമായ മറുപടിയുമായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. ന്യൂഡൽഹിയിൽ നടന്ന കോൺഗ്രസിന്റെ സ്വാതന്ത്ര്യദിനാഘോഷ പരിപാടിക്കിടെ സോണിയാ ഗാന്ധി, മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി എന്നിവർ കാണിച്ച പെരുമാറ്റം വന്ദേമാതരത്തോടുള്ള അനാദരവാണെന്നായിരുന്നു ബിജെപിയുടെ വിമർശനം. വിഷയത്തിൽ ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് പരസ്യമായി രംഗത്തുവരികയും, മുൻ ബിജെപി എംപി നരേന്ദ്ര സവായ്കർ പോണ്ട പൊലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു.
എന്നാൽ വന്ദേമാതരം ആലാപനം മുൻനിർത്തിയുള്ള ബിജെപിയുടെ രാജ്യസ്നേഹ അവകാശവാദങ്ങളെ ഖാർഗെ രൂക്ഷമായ ഭാഷയിൽ തള്ളിപ്പറഞ്ഞു. “ഏത് ബിജെപിക്കാരനാണ് സ്വാതന്ത്ര്യത്തിനുവേണ്ടി പോരാടിയത്? ഏതെങ്കിലും ആർഎസ്എസ് അംഗങ്ങൾ ഈ രാജ്യത്തിനുവേണ്ടി സമരം ചെയ്തിട്ടുണ്ടോ? എന്നിട്ടാണോ അവർ ഞങ്ങളെ രാജ്യസ്നേഹം പഠിപ്പിക്കുന്നത്? ഞങ്ങൾ രാജ്യത്തിനെതിരാണെന്നും ദേശവിരുദ്ധരാണെന്നും അവർ പറയുന്നു. യഥാർഥത്തിൽ ദേശവിരുദ്ധർ അവരാണ്,” ഖാർഗെ തുറന്നടിച്ചു.
ദേശീയ തലത്തിലെ വിമർശനങ്ങൾക്കൊപ്പം, നിലവിൽ ഗോവ കോൺഗ്രസ് നേരിടുന്ന ആഭ്യന്തര ഭിന്നതകൾ പരിഹരിക്കാനും അദ്ദേഹം നിർദേശം നൽകി. സംസ്ഥാന പാർട്ടി അധ്യക്ഷനായി ഗിരീഷ് ചോഡങ്കറിന്റെ തിരിച്ചുവരവിനെച്ചൊല്ലി പാർട്ടിയിൽ നിലനിൽക്കുന്ന ഗ്രൂപ്പ് അഭിപ്രായവ്യത്യാസങ്ങൾ അവസാനിപ്പിക്കണമെന്ന് ഖാർഗെ നേതൃത്വത്തോട് ആവശ്യപ്പെട്ടു. മുൻ സംസ്ഥാന അധ്യക്ഷൻ അമിത് പട്കറെ അനുകൂലിക്കുന്നവരും യോഗത്തിൽ പങ്കെടുത്തിരുന്നു. പാർട്ടി ഒറ്റക്കെട്ടായി പ്രവർത്തിച്ചാൽ കൂറുമാറിയവരെ പരാജയപ്പെടുത്തി ഇരട്ടി സീറ്റുകൾ നേടാൻ സാധിക്കുമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.
ഗോവയിലെ പ്രമോദ് സാവന്തിന്റെ നേതൃത്വത്തിലുള്ള ബിജെപി സർക്കാറിനെതിരെയും ഖാർഗെ കടുത്ത വിമർശനങ്ങൾ ഉന്നയിച്ചു. ഗോവ സർക്കാർ മയക്കുമരുന്ന് മാഫിയയുടെ പിടിയിലാണെന്നും കോൺഗ്രസ് അധികാരത്തിൽ വന്നാൽ മയക്കുമരുന്ന് വ്യാപാരം പൂർണ്ണമായി അവസാനിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഗോവൻ യുവജനങ്ങൾക്ക് തൊഴിലവസരങ്ങൾ ഉറപ്പാക്കുമെന്നും, ഭൂമിയും പ്രകൃതിവിഭവങ്ങളും പരിസ്ഥിതിയും സംരക്ഷിക്കുമെന്നും അദ്ദേഹം ഉറപ്പുനൽകി.