02/09/2026
[fontresizer_tawhidurrahmandear_widget]

‘കോൺഗ്രസ് മുസ്‌ലിം പ്രീണനത്തിനായി വന്ദേമാതരം രണ്ടായി വിഭജിച്ചു; അത് രാജ്യവിഭജനത്തിനും വഴിയൊരുക്കി’: അമിത് ഷാ

 ‘കോൺഗ്രസ് മുസ്‌ലിം പ്രീണനത്തിനായി വന്ദേമാതരം രണ്ടായി വിഭജിച്ചു; അത് രാജ്യവിഭജനത്തിനും വഴിയൊരുക്കി’: അമിത് ഷാ

അമിത് ഷാ

ന്യൂഡൽഹി: സർക്കാർ പരിപാടികളിൽ ‘വന്ദേമാതരം’ ആലപിക്കുന്നതുമായി ബന്ധപ്പെട്ട പ്രോട്ടോക്കോൾ പാലിക്കില്ലെന്ന കോൺഗ്രസ് നിലപാടിനെതിരെ രൂക്ഷവിമർശനവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കോൺഗ്രസിന്റെ നിലപാട് രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി പോരാടുകയും ജീവൻ ബലിയർപ്പിക്കുകയും ചെയ്ത ധീരദേശാഭിമാനികളെ അപമാനിക്കുന്നതിന് തുല്യമാണെന്ന് അമിത് ഷാ ആരോപിച്ചു. കോൺഗ്രസ് പ്രീണന രാഷ്ട്രീയമാണ് പിന്തുടരുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

1937-ൽ കോൺഗ്രസ് മുസ്‌ലിം പ്രീണനത്തിന്റെ ഭാഗമായാണ് വന്ദേമാതരം രണ്ട് ഭാഗങ്ങളായി വിഭജിച്ചതെന്നാണ് അമിത് ഷായുടെ പ്രധാന ആരോപണം. ഈ തീരുമാനം പിന്നീട് രാജ്യവിഭജനത്തിന് തന്നെ വഴിയൊരുക്കിയെന്നും അദ്ദേഹം പറഞ്ഞു. വന്ദേമാതരത്തിന്റെ പൂർണരൂപം ആലപിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാർ സ്വീകരിച്ച പുതിയ നടപടികളെ ചരിത്രപരമായ തെറ്റ് തിരുത്താനുള്ള ശ്രമമായും അമിത് ഷാ വിശേഷിപ്പിച്ചു.

വന്ദേമാതരത്തിന്റെ 150-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി നരേന്ദ്ര മോദി സർക്കാർ പൂർണ വന്ദേമാതരം ആലപിക്കുന്നതിലൂടെ ചരിത്രപരമായ തെറ്റ് തിരുത്താനും ദേശീയ ഐക്യം കൂടുതൽ ശക്തിപ്പെടുത്താനും ശ്രമിച്ചുവെന്നും അമിത് ഷാ വ്യക്തമാക്കി. വന്ദേമാതരം ദേശീയ പ്രസ്ഥാനത്തിന്റെ ചരിത്രവുമായി ആഴത്തിൽ ബന്ധപ്പെട്ട ഗാനമാണെന്നും അതിനോടുള്ള എതിർപ്പ് കേവലം രാഷ്ട്രീയ വിവാദമായി മാറിയിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കഴിഞ്ഞദിവസം, പാർട്ടി പരിപാടികളിൽ വന്ദേമാതരം ആലപിക്കുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ നിലപാട് വ്യക്തമാക്കി കോൺഗ്രസും രംഗത്തെത്തിയിരുന്നു. ബുധനാഴ്‌ച ചേർന്ന കോൺഗ്രസ് പ്രവർത്തകസമിതി (സി.ഡബ്ല്യു.സി) യോഗത്തിലാണ് വന്ദേമാതരത്തിന്റെ ആദ്യ രണ്ട് ഖണ്ഡികകൾ മാത്രം ആലപിച്ചാൽ മതിയെന്ന പരമ്പരാഗത പാർട്ടി നിലപാട് തുടർന്നുപോകാൻ തീരുമാനിച്ചത്. 1937-ൽ കോൺഗ്രസ് കൈക്കൊണ്ട ഈ ചരിത്രപരമായ തീരുമാനത്തിൽ ഉറച്ചുനിൽക്കാനാണ് ഉന്നത നേതൃത്വത്തിന്റെ തീരുമാനമെന്ന് ദേശീയ കോൺഗ്രസ് വൃത്തങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

വന്ദേമാതരത്തിന്റെ മുഴുവൻ വരികളും ആലപിക്കണമെന്ന കേന്ദ്ര സർക്കാരിന്റെ തീരുമാനത്തോട് കോൺഗ്രസ് നേരത്തെ തന്നെ വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു. ഇതിനിടെ, ഇക്കഴിഞ്ഞ സ്വാതന്ത്ര്യദിനത്തിൽ എ.ഐ.സി.സി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ വന്ദേമാതരം പൂർണമായി ആലപിച്ചത് വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ആദ്യ രണ്ടു ചരണങ്ങൾ പിന്നിട്ടിട്ടും ആലാപനം തുടർന്നുപോയപ്പോൾ കോൺഗ്രസ് പാർലമെന്ററി പാർട്ടി അധ്യക്ഷ സോണിയ ഗാന്ധിയും എ.ഐ.സി.സി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും ഇടപെട്ട് നിർത്താൻ പലവട്ടം ശ്രമിച്ചെങ്കിലും ഗാനാലാപനം തുടരുകയായിരുന്നു. ഈ സംഭവവും ഇതിന് പിന്നാലെയുണ്ടായ ആശയക്കുഴപ്പങ്ങളും ബി.ജെ.പി വലിയ രീതിയിൽ രാഷ്ട്രീയ ആയുധമാക്കി മാറ്റിയ സാഹചര്യത്തിലാണ് പ്രവർത്തകസമിതി യോഗം ചേർന്ന് പാർട്ടി നിലപാടിൽ വീണ്ടും വ്യക്തത വരുത്തിയത്.

Also read: