‘വിദ്യാർത്ഥികൾക്ക് അഭിനന്ദനങ്ങൾ, ഈ സർക്കാറിനെ പുറത്താക്കാൻ സമയമായി’; ധർമ്മേന്ദ്ര പ്രധാന്റെ രാജിയിൽ പ്രതികരിച്ച് രാഹുൽ ഗാന്ധി
ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജിയെത്തുടർന്ന് വിദ്യാർത്ഥികൾക്ക് അഭിനന്ദനങ്ങളുമായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി രംഗത്തെത്തി. വിദ്യാഭ്യാസ സമ്പ്രദായം പുനഃസംഘടിപ്പിക്കുന്നതിലേക്കുള്ള വലിയൊരു ചുവടുവെയ്പ്പാണ് ഈ രാജിയെന്ന് അദ്ദേഹം പ്രതികരിച്ചു. ജനാധിപത്യത്തിനും രാജ്യത്തിന്റെ ഭാവിക്കും ഭരണഘടന സംരക്ഷിക്കുന്നതിനുമായി തെരുവിലിറങ്ങി പോരാടിയ ഓരോ വിദ്യാർത്ഥിയെയും ഓർത്ത് അഭിമാനിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി സമഗ്രമായ പരിഹാരത്തിന്റെ ഒരു സൂചന മാത്രമാണെന്നും, ഈ സർക്കാരിനെ പൂർണ്ണമായി പുറത്താക്കാനുള്ള സമയം അടുത്തിരിക്കുകയാണെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി. രാജ്യത്തെ വിദ്യാർത്ഥികളോട് പ്രധാനമന്ത്രി നരേന്ദ്ര മോദി പരസ്യമായി ക്ഷമാപണം നടത്തണമെന്നും, പ്രതിഷേധിച്ച വിദ്യാർത്ഥികൾക്ക് നേരെ ആക്രമണം നടത്താൻ ഉത്തരവിട്ടവർക്കെതിരെയും അത് നടപ്പിലാക്കിയവർക്കെതിരെയും കർശന നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.