23/10/2026
[fontresizer_tawhidurrahmandear_widget]

‘ഗസ്സ മോഡൽ സൈനിക നടപടി വെസ്റ്റ് ബാങ്കിലും നടത്തണം’:വംശഹത്യ നടപ്പിലാക്കാൻ ആഹ്വാനം ചെയ്‌ത്‌ ഇസ്രയേൽ മന്ത്രി

 ‘ഗസ്സ മോഡൽ സൈനിക നടപടി വെസ്റ്റ് ബാങ്കിലും നടത്തണം’:വംശഹത്യ നടപ്പിലാക്കാൻ ആഹ്വാനം ചെയ്‌ത്‌ ഇസ്രയേൽ മന്ത്രി

ജെറുസലേം: ഗസ്സയിലും ലെബനനിലും നടപ്പിലാക്കിയത് പോലെ വെസ്റ്റ് ബാങ്കിലും ശക്തമായ സൈനികാക്രമണം നടത്തണമെന്ന് ഇസ്രയേൽ ധനകാര്യ മന്ത്രി ബെസലേൽ സ്മോട്രിച്ച്. അധിനിവേശ വെസ്റ്റ് ബാങ്കിൽ അഞ്ച് പേർക്ക് പരിക്കേറ്റ വെടിവെപ്പിന് പിന്നാലെയാണ് പ്രകോപനപരമായ പ്രസ്‌താവന.

ഫലസ്തീൻ ഭരണകൂടത്തെ പൂർണമായി തകർക്കാനും ആയുധങ്ങൾ പിടിച്ചെടുക്കാനും ഭീകരരെ ഉന്മൂലനം ചെയ്യാനും ഇത്തരം സൈനിക കാമ്പയിനാണ് ഏക പോംവഴിയെന്ന് അദ്ദേഹം വ്യക്തമാക്കി. അടുത്ത സർക്കാറിൽ തങ്ങൾ ആവശ്യപ്പെടുകയും നടപ്പിലാക്കുകയും ചെയ്യേണ്ട പ്രധാന നടപടികളിൽ ഒന്നായിരിക്കും ഇതെന്നും പ്രതിരോധ മന്ത്രാലയത്തിന്റെ കൂടി ചുമതലയുള്ള സ്മോട്രിച്ച് കൂട്ടിച്ചേർത്തു.

വെടിവെപ്പ് നടന്ന മേഖലയിൽ ഇസ്രയേൽ സൈന്യം റെയ്ഡുകളും കർശന നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. കൂടാതെ, സംഭവസ്ഥലത്തിന് സമീപത്തെ അനധികൃത നിർമിതികൾ അടിയന്തരമായി പൊളിച്ചുനീക്കാൻ ഉത്തരവിട്ടതായും മന്ത്രി അറിയിച്ചു. മുമ്പും ‘Ynet’ പോഡ്‌കാസ്റ്റ് അഭിമുഖത്തിൽ സമാന നിലപാട് വ്യക്തമാക്കിയ സ്മോട്രിച്ച്, വെസ്റ്റ് ബാങ്കിലെ ജൂത കുടിയേറ്റങ്ങൾ വൻതോതിൽ വിപുലീകരിച്ചതായി അവകാശപ്പെട്ടിരുന്നു.

കഴിഞ്ഞ ആഴ്‌ച തയ്ബെയിൽ ഒലിവ് വിളവെടുപ്പിൽ പങ്കെടുക്കാനെത്തിയ യൂറോപ്യൻ നയതന്ത്രജ്ഞർ, ഫ്രഞ്ച് മേയർ, ആർച്ച്ബിഷപ്പ് എന്നിവരുൾപ്പെടെയുള്ള സംഘത്തിന് നേരെയും ഇസ്രയേൽ കുടിയേറ്റക്കാരുടെ ആക്രമണമുണ്ടായിരുന്നു. ഈ സംഭവത്തിൽ മൂന്ന് പേർക്ക് പരിക്കേൽക്കുകയുമുണ്ടായി.

Also read: