‘ഫലസ്തീന്‍ രാഷ്ട്രമാണ് നിങ്ങളുടെ ആവശ്യമെങ്കില്‍, പോയി മരുഭൂമിയില്‍ ഒട്ടകത്തെ മേച്ചുനടന്നോളൂ’; സൗദിക്കെതിരെ അധിക്ഷേപവുമായി ഇസ്രയേല്‍ മന്ത്രി സ്‌മോട്രിച്ച്
തെല്‍ അവീവ്: സൗദി അറേബ്യയ്‌ക്കെതിരെ അധിക്ഷേപവുമായി ഇസ്രയേല്‍ ധനമന്ത്രി ബെസലേല്‍ സ്‌മോട്രിച്ച്. ഇസ്രയേലുമായി ബന്ധം സാധാരണവല്‍ക്കരിക്കുന്നതിന് പകരമായി ഫലസ്തീന്‍ രാജ്യം വേണമെന്നാണ് ആവശ്യമെങ്കില്‍, ‘പോയി മരുഭൂമിയില്‍ ഒട്ടകത്തെ മേച്ചുനടന്നോളൂ’ എന്നാണ് പറയാനുള്ളതെന്നായിരുന്നു മന്ത്രിയുടെ അധിക്ഷേപം.
ജറുസലേമില്‍ നടന്ന ഒരു സമ്മേളനത്തിലാണ് സ്‌മോട്രിച്ച് വിവാദ പരാമര്‍ശം നടത്തിയത്. ‘ഇസ്രയേലുമായി ബന്ധം സാധാരണവല്‍ക്കരിക്കാന്‍ സൗദി അറേബ്യ ആവശ്യപ്പെടുന്നത് ഫലസ്തീന്‍ രാഷ്ട്രമാണെങ്കില്‍, കൂട്ടുകാരേ, ഒന്നും പറയാനില്ല. സൗദി മരുഭൂമിയിലെ മണലില്‍ ഒട്ടകങ്ങളെയും മേച്ചുനടന്നോളൂ’-സ്‌മോട്രിച്ച് പറഞ്ഞു. ഞങ്ങള്‍ ഞങ്ങളുടെ സമൂഹത്തെയും സമ്പദ്ഘടനയെയും രാഷ്ട്രത്തെയുമെല്ലാം പുരോഗതിയിലേക്കു നയിച്ചോളാമെന്നും അദ്ദേഹം പറഞ്ഞു.
ഫലസ്തീന്‍ വിഷയം പ്രാദേശിക ബന്ധങ്ങളുമായി കൂട്ടിക്കെട്ടേണ്ടതില്ലെന്നും, ഫലസ്തീന്‍ സര്‍ക്കാര്‍ ഇപ്പോഴില്ലെന്നും, ഇനി ഉണ്ടാകുകയുമില്ലെന്നും സ്‌മോട്രിച്ച് വ്യക്തമാക്കി. ഫലസ്തീന്‍ രാഷ്ട്രമില്ലാത്ത യാഥാര്‍ഥ്യം അംഗീകരിക്കുന്ന രാജ്യങ്ങളുമായി എബ്രഹാം ഉടമ്പടികള്‍ വിപുലീകരിക്കാന്‍ ഞങ്ങള്‍ക്കു സാധിക്കും. വെസ്റ്റ് ബാങ്കില്‍ ഇസ്രയേലിന്റെ അധികാരം സ്ഥാപിക്കുകയാണ് നിലവിലെ സര്‍ക്കാരിന്റെ ലക്ഷ്യം. ഫലസ്തീന്‍ രാഷ്ട്രത്തിലേക്ക് നയിക്കുന്ന ഒരു നയതന്ത്ര നടപടിക്രമങ്ങളും അനുവദിക്കില്ലന്നും, അന്താരാഷ്ട്ര ഉപരോധങ്ങളെ താന്‍ ഭയപ്പെടുന്നില്ലെന്നും സ്‌മോട്രിച്ച് വ്യക്തമാക്കി.
തീവ്ര വലതുപക്ഷ നേതാവ് കൂടിയായ സ്‌മോട്രിച്ചിന്‍രെ പരസ്യ അധിക്ഷേപം വലിയ വിവാദമായി മാറിയിട്ടുണ്ട്.