20/07/2026
[fontresizer_tawhidurrahmandear_widget]

ജി20 രാജ്യങ്ങളിൽ സുരക്ഷയിൽ ഒന്നാമത് സൗദി; ആദ്യ 5 സ്ഥാനങ്ങളിൽ പോലുമില്ലാതെ യുകെയും യുഎസും

 ജി20 രാജ്യങ്ങളിൽ സുരക്ഷയിൽ ഒന്നാമത് സൗദി; ആദ്യ 5 സ്ഥാനങ്ങളിൽ പോലുമില്ലാതെ യുകെയും യുഎസും

റിയാദ്: ജി20 രാജ്യങ്ങളിൽ ഏറ്റവും സുരക്ഷയുള്ള രാജ്യങ്ങളിൽ ഒന്നാം സ്ഥാനത്ത് സൗദി അറേബ്യ. ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ സൂചികാ ഡാറ്റാബേസിലെ വിവരങ്ങളും സൗദി ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്‌സ് പുറത്തുവിട്ട സുരക്ഷാ സൂചികയും മുൻനിർത്തിയാണ് ജി20 രാജ്യങ്ങളുടെ കൂട്ടത്തിൽ ഏറ്റവും സുരക്ഷിതമായ രാജ്യമായി സൗദി അറേബ്യയെ തിരഞ്ഞെടുക്കപ്പെട്ടത്. രാജ്യത്തെ ജനസംഖ്യയുടെ 97.7 ശതമാനം ആളുകളും രാത്രി സമയങ്ങളിൽ തങ്ങളുടെ താമസസ്ഥലങ്ങളിലൂടെ ഒറ്റയ്ക്ക് നടക്കാൻ പൂർണ സുരക്ഷിതരാണെന്ന് സർവേയിൽ വ്യക്തമാക്കുന്നു.

ഇതിൽ 94.9 ശതമാനം സ്ത്രീകളും രാത്രികാലങ്ങളിൽ തങ്ങൾ സുരക്ഷിതരാണെന്ന് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. രാജ്യത്തെ വിവിധ മേഖലകളിൽ സുരക്ഷയും ജീവിതനിലവാരവും ഉയർത്തുന്നതിനായി വിവിധ സർക്കാർ ഏജൻസികളും സുരക്ഷാ വകുപ്പുകളും സംയുക്തമായി നടത്തുന്ന പ്രവർത്തനങ്ങളുടെ വിജയമായാണ് ഈ നേട്ടം വിലയിരുത്തപ്പെടുന്നത്.

സൗദി വിഷൻ 2030ന്റെ ഭാഗമായി സാമ്പത്തികം, ആരോഗ്യം, പരിസ്ഥിതി, സൈബർ സുരക്ഷ തുടങ്ങിയ മേഖലകളിൽ രാജ്യം കൈവരിച്ച പുരോഗതിയും ഈ സുരക്ഷാ നേട്ടത്തിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. ജി20 രാജ്യങ്ങളുടെ ഈ സുരക്ഷാ പട്ടികയിൽ റഷ്യയാണ് രണ്ടാം സ്ഥാനത്തുള്ളത്. ചൈന മൂന്നാം സ്ഥാനത്തും, കാനഡ നാലാം സ്ഥാനത്തും, ജപ്പാൻ അഞ്ചാം സ്ഥാനത്തും, ഫ്രാൻസ് ആറാം സ്ഥാനത്തുമാണ് വരുന്നത്. യുകെ, യുഎസ് അടക്കമുള്ള യൂറോപ്യൻ രാജ്യങ്ങൾ ആദ്യ അഞ്ച് സ്ഥാനങ്ങളേക്കാൾ പിന്നിലാണ്.

ഐക്യരാഷ്ട്രസഭയുടെ ഡാറ്റാബേസിൽ രാജ്യങ്ങൾ ഔദ്യോഗികമായി സമർപ്പിച്ച റിപ്പോർട്ടുകൾ പ്രകാരമാണ് ജി20 രാജ്യങ്ങളുടെ ഈ റാങ്കിങ് തയ്യാറാക്കിയിരിക്കുന്നത്. അന്താരാഷ്ട്ര തലത്തിൽ രാജ്യത്തിന്റെ പ്രതിച്ഛായ വർദ്ധിപ്പിക്കുന്ന ഈ സുരക്ഷാ നേട്ടം ടൂറിസം, വിദേശ നിക്ഷേപം തുടങ്ങിയ മേഖലകളിൽ സൗദിക്ക് കൂടുതൽ കരുത്താകും.

Also read: