10/06/2026
[fontresizer_tawhidurrahmandear_widget]

അയർലൻഡിൽ ഇസ്രയേൽ മന്ത്രിമാർക്ക് വിലക്ക്; ഇ.യു ഉപരോധത്തിനും നീക്കം

 അയർലൻഡിൽ ഇസ്രയേൽ മന്ത്രിമാർക്ക് വിലക്ക്; ഇ.യു ഉപരോധത്തിനും നീക്കം

ഡബ്ലിൻ: ഫലസ്തീൻ ജനതയ്‌ക്കെതിരെയുള്ള വംശീയവും പ്രകോപനപരവുമായ പ്രസ്താവനകളുടെയും നടപടികളുടെയും പശ്ചാത്തലത്തിൽ ഇസ്രയേൽ മന്ത്രിമാർക്കെതിരെ നടപടിയുമായി അയർലൻഡ്. ഇസ്രയേൽ ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമർ ബെൻ ഗിവിർ, ധനകാര്യ മന്ത്രി ബെസാലെൽ സ്‌മോട്രിച്ച് എന്നിവർക്കാണ് അയർലൻഡ് യാത്രാവിലക്ക് ഏർപ്പെടുത്തിയത്. നീതിന്യായ മന്ത്രാലയമാണ് ഔദ്യോഗികമായി പ്രവേശന വിലക്ക് പ്രഖ്യാപിച്ചത്.

തീവ്രവലതുപക്ഷ നേതാക്കളായ രണ്ടു മന്ത്രിമാരുടെയും പ്രകോപന പരാമർശങ്ങളും ഇടപെടലുകളും ഫലസ്തീനിൽനിന്ന് ഫലസ്തീനികളെ പൂർണമായി തുടച്ചുനീക്കാനുള്ള ആഗ്രഹമാണ് വെളിപ്പെടുത്തുന്നതെന്ന് അയർലൻഡ് പ്രധാനമന്ത്രി മീഹോൾ മാർട്ടിൻ ചൂണ്ടിക്കാട്ടി മോണ്ടിനെഗ്രോയിൽ നടന്ന യുറോപ്യൻ യൂണിയൻ-വെസ്റ്റേൺ ബാൽക്കൺസ് ഉച്ചകോടിക്കിടെ മാധ്യമങ്ങളോട് സംസാരിക്കവെയാണ് പ്രധാനമന്ത്രി കടുത്ത നയതന്ത്ര നടപടി സ്ഥിരീകരിച്ചത്.

ഇറാനും ഇസ്രയേലും തമ്മിലുള്ള കടുത്ത യുദ്ധപ്രതിസന്ധികൾക്കിടയിലും, ഗസ്സയിലും വെസ്റ്റ് ബാങ്കിലും ഇസ്രയേൽ നടത്തുന്ന മനുഷ്യത്വരഹിതമായ സൈനിക നീക്കങ്ങളെ പരസ്യമായി പ്രോത്സാഹിപ്പിക്കുന്നത് ഈ രണ്ട് മന്ത്രിമാരുമാണ്. അയർലൻഡ് നീതിന്യായ മന്ത്രി ജിം ഒക്കലഹന്റെ നിർദേശപ്രകാരമാണ് ഇവർക്ക് വിലക്കേർപ്പെടുത്തിയത്. ഇവർ അയർലൻഡിലേക്ക് പ്രവേശിക്കാൻ ശ്രമിച്ചാൽ അടിയന്തരമായി തടയാൻ എമിഗ്രേഷൻ ഉദ്യോഗസ്ഥർക്ക് സർക്കാർ നിർദേശം നൽകിയിട്ടുണ്ട്.

കഴിഞ്ഞ മെയ് മാസത്തിൽ ഗസ്സയിലേക്ക് സഹായങ്ങളുമായി പോയ കപ്പൽവ്യൂഹം ഇസ്രയേൽ സൈന്യം തടഞ്ഞപ്പോൾ, അതിലുണ്ടായിരുന്ന അന്താരാഷ്ട്ര മനുഷ്യാവകാശ പ്രവർത്തകരെ അപമാനിക്കുന്ന തരത്തിലുള്ള ഒരു വീഡിയോ ഇറ്റാമർ ബെൻ ഗിവിർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. കൈകൾ കെട്ടിയിട്ട് തല നിലത്തുറപ്പിച്ചു നിർത്തിയിരിക്കുന്ന തടവുകാരെ ബെൻ ഗിവിർ അധിക്ഷേപിക്കുന്ന ദൃശ്യങ്ങൾ രാജ്യാന്തതലത്തിൽ വലിയ പ്രതിഷേധങ്ങൾക്കും കാരണമായി. നടപടിയെ അയർലൻഡ് വിദേശകാര്യ മന്ത്രി ഹെലൻ മക്എൻടിയും കടുത്ത ഭാഷയിൽ അപലപിച്ചിരുന്നു.

അയർലൻഡ് ഏർപ്പെടുത്തിയ യാത്രാവിലക്ക് വ്യക്തിഗതമായ ഒന്നല്ലെന്നും, ഗസ്സയിൽ ദുരന്തം വിതയ്ക്കുന്നതിൽ പ്രധാന പങ്കുവഹിച്ച ഇസ്രയേൽ ഭരണകൂടത്തിന്റെ പ്രതിനിധികൾക്കുള്ള ശക്തമായ താക്കീതാണെന്നും അയർലൻഡ് വ്യക്തമാക്കി. രണ്ട് മന്ത്രിമാരുടെയും പെരുമാറ്റം യൂറോപ്യൻ യൂണിയൻ (ഇയു) തലത്തിൽ തന്നെ കടുത്ത സാമ്പത്തിക-നയതന്ത്ര ഉപരോധങ്ങൾ ഏർപ്പെടുത്താൻ അർഹതയുള്ളതാണെന്ന് പ്രധാനമന്ത്രി മീഹോൾ മാർട്ടിൻ ചൂണ്ടിക്കാണിച്ചു. ഈ വിഷയം തങ്ങൾ യൂറോപ്യൻ പങ്കാളികൾക്കിടയിൽ ചർച്ചയ്ക്ക് വയ്ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കഴിഞ്ഞ മാസം ഫ്രാൻസും ഇറ്റാമർ ബെൻ ഗിവിറിന് രാജ്യത്തേക്ക് പ്രവേശന വിലക്ക് ഏർപ്പെടുത്തിയിരുന്നു. ബ്രിട്ടൻ, കാനഡ, ഓസ്ട്രേലിയ, നോർവേ, ന്യൂസിലൻഡ് എന്നീ രാജ്യങ്ങളും ഈ മന്ത്രിമാർക്കെതിരെ നേരത്തെ തന്നെ വിവിധ തരത്തിലുള്ള ഉപരോധങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്.

Also read: