02/06/2026
[fontresizer_tawhidurrahmandear_widget]

‘എല്ലാവർക്കും നന്ദി’; ഇരുപത് വർഷത്തെ ജയിൽ വാസത്തിന് ശേഷം പെരുന്നാൾ ദിനത്തിൽ അബ്‌ദുൽ റഹീം നാട്ടിലെത്തി

 ‘എല്ലാവർക്കും നന്ദി’; ഇരുപത് വർഷത്തെ ജയിൽ വാസത്തിന് ശേഷം പെരുന്നാൾ ദിനത്തിൽ അബ്‌ദുൽ റഹീം നാട്ടിലെത്തി

കോഴിക്കോട്: സൗദി അറേബ്യയിൽ ജയിൽ മോചിതനായ കോഴിക്കോട് രാമനാട്ടുകര കോടമ്പുഴ സ്വദേശി അബ്‌ദുൽ റഹീം വലിയ പെരുന്നാൾ ദിനത്തിൽ സ്വന്തം നാട്ടിലേക്ക് തിരിച്ചെത്തി. പുലർച്ചെ റിയാദിൽ നിന്നുള്ള എയർ ഇന്ത്യ വിമാനത്തിലാണ് അദ്ദേഹം കരിപ്പൂർ വിമാനത്താവളത്തിൽ ഇറങ്ങിയത്. വിമാനത്താവളത്തിന്റെ ടെർമിനലിൽ നിന്നും പുറത്തേക്ക് വരുമ്പോൾ റഹീമിന്റെ കണ്ണുകൾ സന്തോഷം കൊണ്ട് നിറഞ്ഞിരുന്നു. തന്നെ സഹായിച്ച എല്ലാവർക്കും വലിയ നന്ദിയുണ്ടെന്ന് റഹീം മാധ്യമങ്ങളോട് പറഞ്ഞു. റഹീമിന്റെ മോചനത്തിനായി ലോകമെമ്പാടുമുള്ള ഒരു കൂട്ടം സുമനസ്സുകൾ ഒരുമിച്ചു ചേർന്ന് നടത്തിയ വലിയ പ്രവർത്തനങ്ങളാണ് പെരുന്നാൾ ദിനത്തിൽ ശുഭകരമായി പൂർത്തിയായത്. സൗദി പൗരന്റെ മകന്റെ മരണവുമായി ബന്ധപ്പെട്ട കേസിലാണ് റഹീം ജയിലിൽ കഴിഞ്ഞിരുന്നത്. കോടിക്കണക്കിന് രൂപ ദയാധനമായി സ്വീകരിച്ച് സൗദി കുടുംബം റഹീമിന് മാപ്പ് നൽകിയതോടെയാണ് ജയിൽ മോചനം സാധ്യമായത്.

കരിപ്പൂരിൽ നിന്നും കോടമ്പുഴയിലെ തന്റെ പഴയ തറവാട്ടുവീടായ ‘സീനത്ത് മൻസിലി’ലേക്കാണ് റഹീം യാത്ര തിരിച്ചത്. 2024 ജൂലൈ രണ്ടിന് ദയാധനം സ്വീകരിച്ച് സൗദി കോടതി റഹീമിന്റെ വധശിക്ഷ ഔദ്യോഗികമായി റദ്ദാക്കിയിരുന്നു. എന്നാൽ പബ്ലിക് റൈറ്റ്സ് പ്രകാരമുള്ള കേസിൽ 20 വർഷത്തെ തടവുശിക്ഷ പൂർത്തിയാക്കേണ്ടി വന്നതിനാലാണ് ജയിൽ മോചനം ഇത്രയും നീണ്ടുപോയത്.

Also read: