‘പിശകുകൾ സംഭവിച്ചാൽ കുട്ടികളെ തിരുത്തണം, അല്ലെങ്കിൽ അവർ മയ, കുയി, പുയ എന്നൊക്കെയാവും പറയുക’; വിശദീകരണവുമായി കെ.ടി ജലീൽ
കോഴിക്കോട്: മണ്ണാർക്കാട് അനുമോദന ചടങ്ങിനിടെ വിദ്യാർഥിയെ അപമാനിച്ചെന്ന വിവാദങ്ങളിൽ വിശദീകരണവുമായി മുൻ മന്ത്രി കെ.ടി ജലീൽ. കുട്ടികൾക്ക് പിശകുകൾ സംഭവിച്ചാൽ അത് തമാശയായോ ഗൗരവത്തിലോ ചൂണ്ടിക്കാണിച്ച് കൊടുക്കൽ മുതിർന്നവരുടെയും അധ്യാപകരുടെയും ചുമതലയാണെന്നും, അല്ലെങ്കിൽ അവർ എത്ര വളർന്നാലും മയ, കുയി, പുയ, പുയു, മയു എന്നൊക്കെയാകും പറയുകയെന്നും ജലീൽ വ്യക്തമാക്കി.
പന്ത്രണ്ടര വർഷം അധ്യാപകനായി പ്രവർത്തിച്ച താൻ കുട്ടികളോട് എപ്പോഴും സുഹൃത്തിനെപ്പോലെയാണ് ഇടപെട്ടിട്ടുള്ളത്. വിദ്യാർഥികളുടെ നന്മയല്ലാതെ മറ്റൊന്നും ആഗ്രഹിച്ചിട്ടില്ല. ഒരു കുട്ടിയെയും വേദനിപ്പിക്കും വിധം ശിക്ഷിച്ചിട്ടില്ലെന്നും എന്തെങ്കിലും തെറ്റു പറഞ്ഞാൽ തമാശയായി ചിരിച്ച് ചെവിയിൽ പിടിക്കുക മാത്രമാണ് ചെയ്യാറുള്ളതെന്നും അദ്ദേഹം പറഞ്ഞു.
മണ്ണാർക്കാട്ടും അധ്യാപകൻ എന്ന നിലയിൽ കുട്ടികളെ അവരുടെ കഴിവുകളും കുറവുകളും ചിരിയിലൂടെയും തമാശയിലൂടെയും ബോധ്യപ്പെടുത്താനാണ് ശ്രമിച്ചത്. ചടങ്ങിൻ്റെ വീഡിയോ പൂർണമായി കണ്ടാൽ ഇത് വ്യക്തമാകും. ചിരിച്ചുകൊണ്ട് ഒരു കുട്ടിയുടെ ചെവിയിൽ പിടിക്കുമ്പോൾ അവനും ചിരിക്കുകയായിരുന്നു. കുട്ടിയുടെ മുഖം ബ്ലർ ചെയ്തതുകൊണ്ടാണ് പുറത്തുനിന്നുള്ളവർക്ക് അത് കാണാൻ കഴിയാത്തത്. താൻ ആ കുട്ടിയെ വേദനിപ്പിച്ചിട്ടില്ലെന്നും കുട്ടിയോട് ചോദിച്ചാൽ അത് മനസ്സിലാകുമെന്നും കെ.ടി ജലീൽ കൂട്ടിച്ചേർത്തു.