10/06/2026
[fontresizer_tawhidurrahmandear_widget]

കോഴിക്കോട് ബൈപ്പാസിൽ ഇരുചക്രവാഹനങ്ങൾക്കും ഓട്ടോകൾക്കും നോ എൻട്രി; നിരോധനം നടപ്പാക്കി തുടങ്ങി

 കോഴിക്കോട് ബൈപ്പാസിൽ ഇരുചക്രവാഹനങ്ങൾക്കും ഓട്ടോകൾക്കും നോ എൻട്രി; നിരോധനം നടപ്പാക്കി തുടങ്ങി

കോഴിക്കോട്: രാമനാട്ടുകര മുതൽ വെങ്ങളം വരെയുള്ള കോഴിക്കോട് ബൈപ്പാസിലെ ആറുവരിപ്പാതയിലൂടെ ഇരുചക്രവാഹനങ്ങൾക്കും ഓട്ടോറിക്ഷകൾക്കും ഏർപ്പെടുത്തിയിരുന്ന നിരോധനം കർശനമായി നടപ്പാക്കിത്തുടങ്ങി. നേരത്തെ തന്നെ ഈ വിലക്കുണ്ടായിരുന്നെങ്കിലും ഇപ്പോഴാണ് കർശന പരിശോധനകളിലേക്ക് കടക്കുന്നത്. നടപടികൾ ആരംഭിച്ചതായും ഘട്ടംഘട്ടമായി ബൈപ്പാസിലെ എല്ലാ പ്രവേശന കവാടങ്ങളിലും വിലക്ക് പൂർണ്ണമായി നടപ്പാക്കുമെന്നും ദേശീയപാതാ അതോറിറ്റി പ്രോജക്‌ട് ഡയറക്ടർ പ്രശാന്ത് ദുബെ അറിയിച്ചു. യാത്രക്കാരുടെ സുരക്ഷ മുൻനിർത്തിയാണ് ഇത്തരമൊരു തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി.

ആറുവരിപ്പാത തുറന്ന സമയത്തുതന്നെ ഇരുചക്രവാഹനങ്ങൾക്കും ഓട്ടോകൾക്കും നിയന്ത്രണമുണ്ടെന്ന് കാണിച്ച് ബോർഡുകൾ സ്ഥാപിച്ചിരുന്നുവെങ്കിലും ഭൂരിഭാഗം പേരും ഇത് പാലിക്കാറില്ലായിരുന്നു. ഓവർടേക്ക് ചെയ്യാനായുള്ള മൂന്നാമത്തെ ട്രാക്കിലൂടെ വരെ ഇരുചക്രവാഹനങ്ങൾ സർവീസ് നടത്തുന്നത് പതിവാണ്. കാലവർഷം ആരംഭിച്ച സാഹചര്യത്തിൽ ഇത് വലിയ അപകടങ്ങൾക്ക് കാരണമാകുമെന്ന വിലയിരുത്തലിനെ തുടർന്നാണ്, സിറ്റി പോലീസ് ഡെപ്യൂട്ടി കമ്മിഷണർ പദം സിങ്ങിന്റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ നിരോധനം കർശനമാക്കാൻ തീരുമാനിച്ചത്.

നിരോധനം ലംഘിച്ച് ആറുവരിപ്പാതയിലേക്ക് പ്രവേശിക്കുന്ന വാഹനങ്ങൾക്കെതിരെ കടുത്ത നിയമനടപടികൾ സ്വീകരിക്കും. ഇതോടൊപ്പം ബൈപ്പാസിലെ പ്രധാന പാതയിലും സർവീസ് റോഡുകളിലും വാഹനങ്ങൾ പാർക്ക് ചെയ്യുന്നവർക്കെതിരെയും നടപടിയുണ്ടാകും. നിയമവിരുദ്ധമായി നിർത്തിയിടുന്ന വാഹനങ്ങൾ പൊലീസിന്റെ സഹായത്തോടെ ദേശീയപാതാ അതോറിറ്റി ക്രെയിൻ ഉപയോഗിച്ച് നീക്കം ചെയ്യും. വാഹനം കേടാകുന്ന അടിയന്തര സാഹചര്യങ്ങളിൽ മാത്രമേ നിർത്തിയിടാൻ അനുവാദമുണ്ടാകൂ. നിലവിൽ തൊണ്ടയാട്, കുടിൽത്തോട്, പുറക്കാട്ടിരി പാലത്തിന് സമീപമുള്ള പാലോറമല എന്നിവിടങ്ങളിൽ ടാങ്കർ ലോറികൾ ഉൾപ്പെടെയുള്ള വലിയ വാഹനങ്ങൾ സ്ഥിരമായി പാർക്ക് ചെയ്യുന്നത് പതിവാണ്. ഇതിനെതിരെയാണ് പുതിയ നീക്കം.

Also read: