പാതിവഴിയിൽ മുടങ്ങി ലൈഫ് ഭവന പദ്ധതി; മുഖ്യമന്ത്രി പിണറായി വിജയൻ തറക്കല്ലിട്ടത് 2020 സെപ്റ്റംബറിൽ
നടുവണ്ണൂർ: നടുവണ്ണൂർ പഞ്ചായത്തിലെ ഭൂമിരഹിതരും ഭവനരഹിതരുമായ കുടുംബങ്ങളുടെ സ്വപ്ന പദ്ധതിയായ ലൈഫ് ഫ്ലാറ്റ് സമുച്ചയത്തിന്റെ നിർമാണം അനിശ്ചിതത്വത്തിൽ. മന്ദങ്കാവിൽ നിർമിക്കാൻ ലക്ഷ്യമിട്ട ഈ ഫ്ലാറ്റ് സമുച്ചയം പാതിവഴിയിൽ മുടങ്ങിക്കിടക്കാൻ തുടങ്ങിയിട്ട് അഞ്ച് വർഷമാകുന്നു. 2020 സെപ്റ്റംബറിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി തറക്കല്ലിട്ട പദ്ധതിയുടെ പ്രവൃത്തികൾ 2021 മാർച്ചിലാണ് ആരംഭിച്ചത്. എന്നാൽ നിർദിഷ്ട സ്ഥലത്ത് മണ്ണെടുത്ത് ഫൗണ്ടേഷൻ പണികൾ ഭാഗികമായി നടത്തിയതല്ലാതെ പിന്നീട് യാതൊരു പുരോഗതിയും ഉണ്ടായിട്ടില്ല. പില്ലറുകൾക്കായി സ്ഥാപിച്ച കമ്പികൾ മഴയും വെയിലുമേറ്റ് തുരുമ്പെടുത്ത് നശിക്കുന്ന അവസ്ഥയിലാണ്.
72 കുടുംബങ്ങൾക്കായി രണ്ട് ബ്ലോക്കുകളിലായി നാല് നില കെട്ടിടം നിർമിക്കാനായിരുന്നു പദ്ധതിയെങ്കിലും കരാർ ഏറ്റെടുത്ത കമ്പനി പണി ഉപേക്ഷിച്ചതാണ് തിരിച്ചടിയായത്. എൽ.ജി.എസ്.എഫ് സാങ്കേതികവിദ്യ ഉപയോഗിച്ച് ഹൈദരാബാദ് ആസ്ഥാനമായുള്ള മിറ്റ് സുമി എന്ന കമ്പനിയാണ് നിർമാണം ഏറ്റെടുത്തിരുന്നത്. എന്നാൽ എസ്റ്റിമേറ്റ് തുക പര്യാപ്തമല്ലെന്ന് ചൂണ്ടിക്കാട്ടി ഇവർ പിൻവാങ്ങുകയായിരുന്നു. സംസ്ഥാന ബജറ്റിൽ എട്ടു കോടിയിലധികം രൂപ വകയിരുത്തിയിരുന്ന പദ്ധതിയാണിത്. യുഡിഎഫ് സർക്കാർ അധികാരമേറ്റ സാഹചര്യത്തിൽ കരാറുകാരുമായും ഉദ്യോഗസ്ഥരുമായും ചർച്ച നടത്തി നിർമാണ പ്രവൃത്തികൾ പുനരാരംഭിക്കാൻ നടപടി സ്വീകരിക്കുമെന്ന് നിയുക്ത എം.എൽ.എ വി.ടി. സൂരജ് അറിയിച്ചു.