20/07/2026
[fontresizer_tawhidurrahmandear_widget]

‘ജനങ്ങളെ അമ്മാനമാടരുത്, ഒന്നേകാൽ മണിക്കൂർ വൈദ്യുതി മുടങ്ങി’; കെഎസ്ഇബിക്കെതിരെ പിണറായി വിജയൻ

 ‘ജനങ്ങളെ അമ്മാനമാടരുത്, ഒന്നേകാൽ മണിക്കൂർ വൈദ്യുതി മുടങ്ങി’; കെഎസ്ഇബിക്കെതിരെ പിണറായി വിജയൻ

തിരുവനന്തപുരം: സംസ്ഥാനത്ത് ഏർപ്പെടുത്തിയിരിക്കുന്ന അപ്രഖ്യാപിത വൈദ്യുതി നിയന്ത്രണത്തിനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ രംഗത്ത്. മുൻകൂട്ടി അറിയിക്കാതെയുള്ള വൈദ്യുതി മുടക്കം ജനങ്ങൾക്ക് വലിയ ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നതെന്നും ജനങ്ങളെയിട്ട് അമ്മാനമാടരുതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞ ദിവസം സ്വന്തം വീട്ടിൽ ഒന്നേകാൽ മണിക്കൂറോളമാണ് വൈദ്യുതി മുടങ്ങിയത്. വൈദ്യുതി ലഭ്യതയിൽ കുറവുണ്ടാകാം, എന്നാൽ അത് മുൻകൂട്ടിക്കണ്ട് ആവശ്യമായ വൈദ്യുതി വാങ്ങാനുള്ള നടപടികളാണ് അധികൃതർ സ്വീകരിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി അതീവ രൂക്ഷമായി തുടരുകയാണെന്നും നിയന്ത്രണം തുടരേണ്ടി വരുമെന്നും കെഎസ്ഇബി ചെയർമാൻ ഡോ. എം.ജി രാജമാണിക്യം വ്യക്തമാക്കി. നിലവിൽ പ്രതിദിനം ആയിരം മെഗാവാട്ട് വൈദ്യുതിയുടെ കുറവാണ് സംസ്ഥാനത്തുള്ളത്. കൂടിയ വില നൽകാൻ തയ്യാറായാൽ പോലും വൈദ്യുതി കിട്ടാത്ത സാഹചര്യമാണ് നിലവിലുള്ളതെന്നും, ഈ പ്രതിസന്ധി എപ്പോൾ പരിഹരിക്കാൻ കഴിയുമെന്ന് പറയാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ, അർജന്റീന-സ്പെയിൻ ഫുട്ബോൾ ഫൈനൽ മത്സരത്തിനിടെ സംസ്ഥാനത്ത് ഒരിടത്തും വൈദ്യുതി മുടങ്ങില്ലെന്ന് ചെയർമാൻ ഉറപ്പുനൽകി. മത്സരം തടസ്സമില്ലാതെ കാണുന്നതിനായി ഞായർ, തിങ്കൾ ദിവസങ്ങളിൽ കൂടുതൽ തുക നൽകി വൈദ്യുതി വാങ്ങും. നിലവിലെ സാഹചര്യത്തിൽ ഉപഭോഗം കുറച്ച് ജനങ്ങൾ കെഎസ്ഇബിയോട് സഹകരിക്കണമെന്നും രാജമാണിക്യം അഭ്യർത്ഥിച്ചു.

Also read: