ക്യൂബയിലേക്ക് ജീവൻരക്ഷാ മരുന്നുകളുമായി പി.കെ ശ്രീമതി ഉൾപ്പെടുന്ന സിപിഎം സംഘം
ന്യൂഡൽഹി: ഉപരോധത്തിൽ പ്രതിസന്ധിയിലായ ക്യൂബക്ക് സഹായഹസ്തവുമായി സിപിഎം. മരുന്നുകൾ ഉൾപ്പെടെയുള്ള അവശ്യവസ്തുക്കളുമായി മുതിർന്ന നേതാക്കളുടെ നേതൃത്വത്തിലുള്ള സിപിഎം സംഘം ക്യൂബയിലേക്ക് തിരിച്ചു. അർബുദം, ഹൃദ്രോഗം എന്നിവയ്ക്കുള്ള അടിയന്തര മരുന്നുകളാണ് പ്രധാനമായും ക്യൂബയിലെത്തിക്കുന്നത്. സന്ദർശനത്തിനിടെ സംഘം ക്യൂബയിലെ ചിൽഡ്രൻസ് ആശുപത്രിയും ഹൃദ്രോഗ ആശുപത്രിയും സന്ദർശിക്കും.
ആഗസ്റ്റ് 10 മുതൽ 13 വരെ നടക്കുന്ന ഫിദൽ കാസ്ട്രോയുടെ നൂറാം ജന്മവാർഷിക ആഘോഷങ്ങളിലും സിപിഎം നേതാക്കൾ പങ്കാളികളാകും. കൂടാതെ ഫിദൽ കാസ്ട്രോ സെന്റർ, ചെഗുവേര സെന്റർ, ക്യൂബൻ വിപ്ലവവുമായി ബന്ധപ്പെട്ട ചരിത്രപരമായ സ്ഥലങ്ങൾ എന്നിവയും സംഘം സന്ദർശിക്കാൻ പദ്ധതിയിട്ടിട്ടുണ്ട്.
സിപിഐ (എം) പൊളിറ്റ് ബ്യൂറോ അംഗം വിജൂ കൃഷ്ണൻ, കേന്ദ്ര കമ്മിറ്റി അംഗം പി.കെ ശ്രീമതി, കർണാടക സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം മീനാക്ഷി സുന്ദരം, ഛത്തീസ്ഗഡ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ധർമരാജ് മഹാപാത്ര, കേരള സംസ്ഥാന കമ്മിറ്റി അംഗം എൻ. ചന്ദ്രൻ, അഖിലേന്ത്യാ കർഷകത്തൊഴിലാളി യൂണിയൻ ജനറൽ സെക്രട്ടറി ബി. വെങ്കട്ട്, ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ ദേശീയ പ്രസിഡന്റ് അനിൽ എസ്.എസ് എന്നിവരാണ് പ്രതിനിധി സംഘത്തിലുള്ളത്.