അബ്ദുല്ലക്കുട്ടി തെറിച്ച പദവിയിൽ അലിഗഢ് മുൻ വി.സി താരിഖ് മൻസൂർ, യു.പിയിൽനിന്ന് 2 മുസ്ലിം നേതാക്കൾ; മുസ്ലിം വോട്ട് ലക്ഷ്യമിട്ട് ബി.ജെ.പി? | Muslim Leaders in BJP Reshuffle
ന്യൂഡൽഹി: ബി.ജെ.പി ദേശീയ ഭാരവാഹി പട്ടിക പുനഃസംഘടിപ്പിച്ചപ്പോൾ ദേശീയ ഉപാധ്യക്ഷ പദവിയിൽനിന്ന് കേരളത്തിൽനിന്നുള്ള പ്രമുഖ നേതാവ് എ.പി അബ്ദുല്ലക്കുട്ടി പുറത്തായിരിക്കുകയാണ്(Muslim Leaders in BJP Reshuffle). അബ്ദുല്ലക്കുട്ടി ഒഴിഞ്ഞ ദേശീയ ഉപാധ്യക്ഷ സ്ഥാനത്ത് ഉത്തർപ്രദേശിൽനിന്നുള്ള പ്രമുഖ വിദ്യാഭ്യാസ വിചക്ഷണനും അലിഗഢ് മുസ്ലിം സർവകലാശാല മുൻ വൈസ് ചാൻസലറുമായ പ്രൊഫ. താരിഖ് മൻസൂറിനെയാണ് പാർട്ടി നിയമിച്ചിരിക്കുന്നത്. ഇതിനൊപ്പം ഉത്തർപ്രദേശിൽനിന്നുള്ള മറ്റൊരു മുസ്ലിം നേതാവായ കുൻവർ ബാസിത് അലിയെ ബി.ജെ.പി ന്യൂനപക്ഷ മോർച്ചയുടെ ദേശീയ പ്രസിഡന്റായും നിയമിച്ചു.
ഉത്തർപ്രദേശിൽനിന്നുള്ള രണ്ട് പ്രമുഖ മുസ്ലിം മുഖങ്ങൾക്ക് ഒരേസമയം ദേശീയ നേതൃനിരയിൽ നിർണായക ചുമതലകൾ നൽകിയിരിക്കുകയാണ് ബി.ജെ.പി നേതൃത്വം. ഇതിലൂടെ വടക്കേന്ത്യൻ സംസ്ഥാനങ്ങളിൽ മുസ്ലിം വോട്ടർമാരെ തങ്ങളിലേക്ക് അടുപ്പിക്കാനുള്ള വലിയ രാഷ്ട്രീയ നീക്കമാണ് ബി.ജെ.പി കേന്ദ്ര നേതൃത്വം നടത്തിയിരിക്കുന്നത്. പ്രത്യേകിച്ചും വരാനിരിക്കുന്ന യു.പി നിയമസഭാ തെരഞ്ഞെടുപ്പിൽ മുസ്ലിം വോട്ടിൽ നോട്ടമിട്ടാണ് ബി.ജെ.പിയുടെ പുതിയ നീക്കമെന്നും രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.
എ.പി അബ്ദുല്ലക്കുട്ടിയുടെ പടിയിറക്കം | Muslim Leaders in BJP Reshuffle
കേരളത്തിൽനിന്നുള്ള ന്യൂനപക്ഷ പ്രാതിനിധ്യമായി ദീർഘകാലം ബി.ജെ.പിയുടെ ദേശീയ വൈസ് പ്രസിഡന്റായും കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയർമാനായും പ്രവർത്തിച്ച നേതാവാണ് എ.പി അബ്ദുല്ലക്കുട്ടി. സി.പി.എമ്മിൽനിന്ന് കോൺഗ്രസിലേക്കും അവിടെനിന്ന് ബി.ജെ.പിയിലെത്തുമെത്തിയ നേതാവാണ് അദ്ദേഹം. ഒടുവിൽ ദേശീയ നേതൃപദവിയിൽ അവരോധിച്ചു തന്നെ ബി.ജെ.പി അബ്ദുല്ലക്കുട്ടിക്ക് അംഗീകാരം നൽകി.
എന്നാൽ, അബ്ദുല്ലക്കുട്ടിയെ ഇറക്കിയുള്ള ന്യൂനപക്ഷ-മുസ്ലിം ഔട്ട്റീച്ച് ഒട്ടും ഫലംകണ്ടില്ലെന്ന വിലയിരുത്തൽ നേതൃത്വത്തിനുണ്ട്. കേരളത്തിൽ മുസ്ലിം സമൂഹത്തിന് ബി.ജെ.പിയോടുള്ള അസ്പൃശ്യത ഇല്ലാതാക്കുകയായിരുന്നു അദ്ദേഹത്തിന്റെ ദൗത്യം. ഇക്കാര്യത്തിൽ ഒരു ഇളക്കവുമുണ്ടാക്കാൻ അബ്ദുല്ലക്കുട്ടിക്കായില്ലെന്ന പരാതി സംസ്ഥാന നേതൃത്വത്തിനിടയിൽ തന്നെയുണ്ട്. ഇതിനിടയിലാണ് അദ്ദേഹത്തെ പുതിയ പട്ടികയിൽനിന്ന് ഒഴിവാക്കിയ വാർത്തയും വരുന്നത്.
ദക്ഷിണേന്ത്യൻ മുസ്ലിം നേതാവിൽനിന്നു പാർട്ടി തങ്ങളുടെ ശ്രദ്ധ പൂർണമായും ഹിന്ദി ഹൃദയഭൂമിയായ ഉത്തർപ്രദേശിലെ മുസ്ലിം വോട്ടർമാരിലേക്ക് കേന്ദ്രീകരിക്കുന്നു എന്നതിന്റെ വ്യക്തമായ രാഷ്ട്രീയ സൂചന കൂടിയാണ് അബ്ദുല്ലക്കുട്ടിയുടെ ഒഴിവാക്കലും താരിഖ് മൻസൂറിന്റെ നിയമനവും.
ആരാണ് പ്രൊഫ. താരിഖ് മൻസൂറും ബാസിത് അലിയും? | Muslim Leaders in BJP Reshuffle
അലിഗഢ് മുസ്ലിം സർവകലാശാലയുടെ വൈസ് ചാൻസലറായി ശ്രദ്ധേയമായ സേവനമനുഷ്ഠിച്ച വ്യക്തിയാണ് പ്രൊഫ. താരിഖ് മൻസൂർ. അക്കാദമിക് രംഗത്ത് പ്രമുഖ സാന്നിധ്യമായ അദ്ദേഹം വി.സി കാലാവധി പൂർത്തിയാകുന്നതിന് തൊട്ടുമുമ്പ് സ്ഥാനം രാജിവച്ചാണ് സജീവ രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചത്. ഇതിനു പിന്നാലെ അദ്ദേഹത്തെ ഉത്തർപ്രദേശ് ലെജിസ്ലേറ്റീവ് കൗൺസിൽ അംഗമായി ബി.ജെ.പി നാമനിർദേശം ചെയ്തു.
ഉത്തർപ്രദേശിലെ പിന്നാക്ക മുസ്ലിം (പസ്മാന്ദ) വിഭാഗങ്ങൾക്കിടയിൽ സ്വാധീനം ഉറപ്പിക്കാൻ ബി.ജെ.പി മുന്നോട്ടുവെക്കുന്ന പ്രധാന മുഖമാണ് താരിഖ് മൻസൂർ. പരമ്പരാഗത രാഷ്ട്രീയ നേതാക്കളിൽനിന്ന് വ്യത്യസ്തമായി, പ്രൊഫഷണലുകളും ബുദ്ധിജീവികളുമായ ന്യൂനപക്ഷ വിഭാഗങ്ങളുമായി പാർട്ടിയെ ബന്ധിപ്പിക്കുന്ന പാലമായി അദ്ദേഹം പ്രവർത്തിക്കുന്നു.
യു.പിയിൽനിന്നുള്ള മറ്റൊരു ശക്തനായ ന്യൂനപക്ഷ നേതാവായ കുൻവർ ബാസിത് അലിയെ ബി.ജെ.പി ന്യൂനപക്ഷ മോർച്ചയുടെ ദേശീയ തലവനായാണ് നിയോഗിച്ചിരിക്കുന്നത്. ഉത്തർപ്രദേശ് ന്യൂനപക്ഷ മോർച്ചയുടെ സംസ്ഥാന അധ്യക്ഷനായി പ്രവർത്തിച്ച അനുഭവസമ്പത്തുള്ള ബാസിത് അലി, സംസ്ഥാനത്തെ സൂഫി സമ്മേളനങ്ങളും പസ്മന്ദ മുസ്ലിം സംഗമങ്ങളും വിജയകരമായി സംഘടിപ്പിച്ച നേതാവാണ്. ഇദ്ദേഹത്തിന്റെ സംഘടനാ പാടവത്തിന് ലഭിച്ച അംഗീകാരമായാണ് ദേശീയ പദവി വിലയിരുത്തപ്പെടുന്നത്.
രാഷ്ട്രീയ തന്ത്രം: യു.പിയിലെ മുസ്ലിം വോട്ട് ബാങ്ക് ലക്ഷ്യം | Muslim Leaders in BJP Reshuffle
ഉത്തർപ്രദേശിലെ ജനസംഖ്യയിൽ ഏകദേശം 19 മുതൽ 20 ശതമാനം വരെ മുസ്ലിം വോട്ടർമാരാണ്. സംസ്ഥാനത്തെ 80-ലധികം നിയമസഭാ മണ്ഡലങ്ങളിലും നിരവധി ലോക്സഭാ മണ്ഡലങ്ങളിലും തെരഞ്ഞെടുപ്പ് ഫലങ്ങളെ നിർണ്ണയിക്കാൻ ഈ വിഭാഗത്തിന് സാധിക്കും. സമാജ്വാദി പാർട്ടി, കോൺഗ്രസ്, ബി.എസ്.പി തുടങ്ങിയ പാർട്ടികൾക്കൊപ്പം പരമ്പരാഗതമായി നിലകൊള്ളുന്ന ഈ വോട്ട് ബാങ്കിൽ വിള്ളലുണ്ടാക്കുക എന്നതാണ് ബി.ജെ.പിയുടെ ദീർഘകാല തന്ത്രം.
മുസ്ലിം സമുദായത്തിലെ ഭൂരിപക്ഷം വരുന്ന പിന്നാക്ക (പസ്മാന്ദ) വിഭാഗങ്ങൾക്ക് ക്ഷേമപദ്ധതികളുടെ ആനുകൂല്യങ്ങൾ നേരിട്ടെത്തിച്ച് അവരെ ഒപ്പം നിർത്താനാണ് പാർട്ടി നീക്കം. ഏക സിവിൽ കോഡ് ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ന്യൂനപക്ഷങ്ങൾക്കിടയിലെ ആശങ്കകൾ ലഘൂകരിക്കാനും വികസന അജണ്ട ചർച്ചയാക്കാനും താരിഖ് മൻസൂറിനെപ്പോലുള്ള നേതാക്കളെ പാർട്ടി പ്രയോജനപ്പെടുത്തുന്നു. തീവ്ര യാഥാസ്ഥിതിക നിലപാടുകളിൽനിന്ന് വ്യത്യസ്തമായി സൂഫി ആശയങ്ങളെ പിന്തുണയ്ക്കുന്ന മുസ്ലിം വിഭാഗങ്ങളെ ചേർത്തുനിർത്താൻ ബാസിത് അലിയെപ്പോലുള്ള നേതാക്കൾക്ക് സാധിക്കുമെന്നും നേതൃത്വം വിലയിരുത്തുന്നുണ്ട്.
വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലെ രാഷ്ട്രീയ സമവാക്യങ്ങൾ രൂപപ്പെടുത്തുന്നതിലും ന്യൂനപക്ഷങ്ങൾക്കിടയിൽ പാർട്ടിയുടെ സ്വീകാര്യത വർധിപ്പിക്കുന്നതിലും ഉത്തർപ്രദേശിൽനിന്നുള്ള ഈ രണ്ട് നേതാക്കളുടെ ദേശീയ നിയമനം നിർണായക പങ്കുവഹിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.