21/07/2026
[fontresizer_tawhidurrahmandear_widget]

വഖഫ് ബോർഡ് കേസ് സുപ്രീംകോടതിയിൽ; ഹൈക്കോടതിയുടെ താൽക്കാലിക നിയന്ത്രണത്തിനെതിരെ ഹരജി

 വഖഫ് ബോർഡ് കേസ് സുപ്രീംകോടതിയിൽ; ഹൈക്കോടതിയുടെ താൽക്കാലിക നിയന്ത്രണത്തിനെതിരെ ഹരജി

തിരുവനന്തപുരം: കേരള സംസ്ഥാന വഖഫ് ബോർഡിന്റെ പ്രവർത്തനങ്ങൾക്ക് ഹൈക്കോടതി താൽക്കാലിക നിയന്ത്രണം ഏർപ്പെടുത്തിയതിനെതിരെ ബോർഡ് സുപ്രീംകോടതിയെ സമീപിച്ചു. നയപരമായ തീരുമാനങ്ങളും ഭരണപരമായ നടപടികളും കൈക്കൊള്ളാനുള്ള പൂർണ്ണമായ അധികാരം തങ്ങൾക്ക് നൽകണമെന്നാണ് സുപ്രീംകോടതിയിൽ സമർപ്പിച്ച ഹർജിയിലെ പ്രധാന ആവശ്യം.

ഇതര മതവിഭാഗങ്ങളിൽ നിന്നുള്ള അംഗങ്ങളെ വഖഫ് ബോർഡിൽ ഉൾപ്പെടുത്തിയില്ല എന്ന ഒറ്റ കാരണത്താൽ ബോർഡിന്റെ പ്രവർത്തനങ്ങളിൽ ഇത്തരത്തിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ പാടില്ലെന്ന വാദവും സംസ്ഥാന വഖഫ് ബോർഡ് ഹർജിയിലൂടെ മുന്നോട്ടുവെച്ചിട്ടുണ്ട്. നിലവിൽ പണമിടപാടുകൾ നടത്തുന്നതിലടക്കം ബോർഡിന് മേൽ കർശന നിയന്ത്രണങ്ങളുണ്ട്. വഖഫ് ബോർഡുമായി ബന്ധപ്പെട്ട ദൈനംദിന പ്രവർത്തനങ്ങൾ ഇനി പ്രത്യേക ജോയിന്റ് സെക്രട്ടറിയുടെ മേൽനോട്ടത്തിലായിരിക്കണം നടക്കേണ്ടതെന്നാണ് ഹൈക്കോടതി ഉത്തരവിട്ടിരുന്നത്.

നിയമപ്രകാരം നിർദ്ദേശിച്ചിട്ടുള്ള മതിയായ അംഗങ്ങളുടെ പ്രാതിനിധ്യമില്ലാതെ നിലവിലെ വഖഫ് ബോർഡിന് മുന്നോട്ട് പോകാനാകില്ലെന്ന് പ്രഥമദൃഷ്ട്യാ വിലയിരുത്തിയാണ് ചീഫ് ജസ്റ്റിസ് സൗമെൻ സെൻ, ജസ്റ്റിസ് വി.എം. ശ്യാംകുമാർ എന്നിവരടങ്ങുന്ന ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ബോർഡിന്റെ പ്രവർത്തനം തടഞ്ഞ് കഴിഞ്ഞ ദിവസം ഉത്തരവിറക്കിയത്. വഖഫ് ബോർഡിന്റെ ഭരണനിർവഹണം താൽക്കാലികമായി ജോയിന്റ് സെക്രട്ടറി നിർവ്വഹിക്കണമെന്നും ഗൗരവമുള്ള നയപരമായ തീരുമാനങ്ങളൊന്നും എടുക്കരുതെന്നും നിർദ്ദേശിച്ച കോടതി, വിഷയം കൂടുതൽ വാദത്തിനായി അടുത്ത ആഴ്ചത്തേക്ക് മാറ്റിവെച്ചിരിക്കുകയാണ്.

അതേസമയം, നിലവിലുള്ളത് നിയമപരമായ മാനദണ്ഡങ്ങൾ പാലിക്കാത്ത വികലമായ ബോർഡാണെന്നും, അത് പുനഃസംഘടിപ്പിക്കാനുള്ള അടിയന്തര തയ്യാറെടുപ്പിലാണ് സർക്കാരെന്നും ചൂണ്ടിക്കാട്ടി റവന്യൂ സെക്രട്ടറി അഡ്വക്കറ്റ് ജനറൽ (AG) മുഖേന കോടതിയിൽ വിശദീകരണ പത്രിക സമർപ്പിച്ചിരുന്നു. ഈ വിശദീകരണത്തിന്റെ കൂടി അടിസ്ഥാനത്തിലാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് നിയന്ത്രണങ്ങളിലേക്ക് കടന്നത്.

വഖഫ് ബോർഡിലെ പതിനൊന്നംഗ സമിതിയിൽ രണ്ട് അമുസ്‌ലിം അംഗങ്ങളുടെ ഒഴിവ് നികത്താത്തതും, ശിയാ വിഭാഗത്തിൽ നിന്നുള്ള പ്രതിനിധികളെ ഉൾപ്പെടുത്താത്തതും ചോദ്യം ചെയ്തുകൊണ്ടുള്ള ഹർജികളാണ് കോടതി പരിഗണിച്ചത്. അമുസ്ലിം അംഗങ്ങളെ ഉൾപ്പെടുത്താതെ രൂപീകരിച്ച നിലവിലെ ബോർഡിന്റെ പ്രവർത്തനം പൂർണ്ണമായി അസാധുവാക്കണമെന്നായിരുന്നു ഹർജിക്കാരനായ ബി.ജെ.പി നേതാവ് ഷോൺ ജോർജിന്റെ പ്രധാന വാദം. പ്രത്യേക വിഭാഗങ്ങളെ പ്രതിനിധീകരിക്കാൻ നിയമപരമായ യോഗ്യതയില്ലാത്തവരെയാണ് ബോർഡിൽ നിയമിച്ചിട്ടുള്ളതെന്ന വാദവും കോടതിക്ക് മുന്നിലെത്തി.

ഈ വാദങ്ങളെല്ലാം കണക്കിലെടുത്ത്, 1995-ലെ യൂണിഫൈഡ് വഖഫ് മാനേജ്‌മെന്റ് എംപവർമെന്റ്, എഫിഷ്യൻസി ആൻഡ് ഡെവലപ്‌മെന്റ് ആക്ടിലെ 14-ാം വകുപ്പ് പ്രകാരം ബോർഡ് പൂർണ്ണമായി പുനഃസംഘടിപ്പിക്കാൻ തയ്യാറാണെന്ന് വാദത്തിനിടെ സർക്കാരിന് വേണ്ടി അഡ്വക്കറ്റ് ജനറൽ ജാജു ബാബു കോടതിയെ അറിയിക്കുകയായിരുന്നു. നിലവിലെ ബോർഡ് രൂപീകരണം നിയമാനുസൃതമല്ലെന്ന ഹർജിക്കാരുടെ വാദത്തോട് എ.ജിയും യോജിച്ചു. 11 അംഗങ്ങൾ വേണ്ടിടത്ത് ഒമ്പത് പേർ മാത്രമാണ് നിലവിലുള്ളതെന്നും, വിവിധ മുസ്‌ലിം വിഭാഗ പ്രതിനിധികളെ നിയമപരമായി ഉൾപ്പെടുത്താൻ മുൻ സർക്കാർ വേണ്ടത്ര ശ്രദ്ധിച്ചില്ലെന്നും എ.ജി ചൂണ്ടിക്കാട്ടി.

എന്നാൽ, അമുസ്‌ലിം അംഗങ്ങളുടെ നിയമനം സംബന്ധിച്ച് നിലവിൽ സുപ്രീംകോടതിയുടെ അന്തിമ വിധി വരാനുള്ളതിനാലാണ് ഈ ഒഴിവുകളിൽ നിയമനം നടത്താതിരുന്നതെന്നാണ് വഖഫ് ബോർഡിന്റെ അഭിഭാഷകൻ കോടതിയിൽ വ്യക്തമാക്കിയത്. എന്നാൽ നിയമപ്രകാരം അമുസ്ലിം അംഗങ്ങളെ നിയമിച്ചില്ലെങ്കിൽ നിലവിലെ ബോർഡിന് പ്രവർത്തിക്കാൻ അർഹതയില്ലെന്ന് നിരീക്ഷിച്ച ഹൈക്കോടതി, തർക്കത്തിൽ അന്തിമ തീരുമാനം ഉണ്ടാകും വരെ ദൈനംദിന ചുമതലകൾ ജോയിന്റ് സെക്രട്ടറിക്ക് കൈമാറാൻ നിർദ്ദേശിക്കുകയായിരുന്നു. ഈ ഉത്തരവിനെതിരെയാണ് വഖഫ് ബോർഡ് ഇപ്പോൾ രാജ്യത്തിന്റെ പരമോന്നത കോടതിയെ സമീപിച്ചിരിക്കുന്നത്.

Also read: