04/09/2026
[fontresizer_tawhidurrahmandear_widget]

മോഡിഫിക്കേഷൻ പ്രിയർക്ക് ഇരുട്ടടി; വാഹനങ്ങളിലെ ഓരോ നിയമലംഘനത്തിനും ഇനി 5000 രൂപ വീതം പിഴ! കർശന നിർദേശവുമായി ഹൈക്കോടതി

 മോഡിഫിക്കേഷൻ പ്രിയർക്ക് ഇരുട്ടടി; വാഹനങ്ങളിലെ ഓരോ നിയമലംഘനത്തിനും ഇനി 5000 രൂപ വീതം പിഴ! കർശന നിർദേശവുമായി ഹൈക്കോടതി

തിരുവനന്തപുരം: വാഹനങ്ങളിൽ വരുത്തുന്ന അനധികൃത മോഡിഫിക്കേഷനുകൾക്കെതിരെ കർശന നടപടിയെടുക്കാൻ മോട്ടോർ വാഹന വകുപ്പിനും പോലീസിനും കേരള ഹൈക്കോടതിയുടെ നിർദേശം. വാഹനത്തിൽ വരുത്തുന്ന ഓരോ രൂപമാറ്റത്തിനും 5000 രൂപ വീതം പിഴ ഈടാക്കണമെന്നാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. മോട്ടോർ വാഹന നിയമത്തിൽ അനുശാസിക്കുന്നതിന് അപ്പുറം യാതൊരുവിധ രൂപമാറ്റങ്ങളും വാഹനങ്ങളിൽ അനുവദിക്കാൻ പാടില്ലെന്നും കോടതി വ്യക്തമാക്കി. വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷനുകളുമായി ബന്ധപ്പെട്ട് ഹൈക്കോടതി സ്വമേധയാ എടുത്ത ഹർജി പരിഗണിക്കുമ്പോഴാണ് ഈ സുപ്രധാന നിർദേശം നൽകിയത്.

അടുത്തിടെ പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് ഉപയോഗിച്ച, രൂപമാറ്റം വരുത്തിയ ഒരു മഹീന്ദ്ര ഥാറിന് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പിഴ ചുമത്തിയിരുന്നു. ഇതിന്റെ പേരിൽ രണ്ട് ഉദ്യോഗസ്ഥരെ ആദ്യം സസ്പെൻഡ് ചെയ്യുകയും പിന്നീട് അത് പിൻവലിച്ച് അവരെ സ്ഥലം മാറ്റുകയും ചെയ്ത സംഭവം കോടതിയുടെ മുൻപാകെ എത്തിയിരുന്നു. ഈ വാഹനത്തിന്റെ ചിത്രങ്ങൾ പരിശോധിച്ച ഹൈക്കോടതി, ട്രാൻസ്പോർട്ട് കമ്മീഷണറുടെ റിപ്പോർട്ട് പ്രകാരം വാഹനത്തിൽ അനധികൃതമായി ആറ് നിയമലംഘനങ്ങൾ നടന്നിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി. എന്നാൽ ഇതിനെല്ലാം കൂടി ആകെ 5000 രൂപയും, പൊലൂഷൻ സർട്ടിഫിക്കറ്റ് സംബന്ധിച്ച വീഴ്ചയ്ക്ക് 2000 രൂപയും മാത്രമാണ് പിഴ ഈടാക്കിയിരുന്നത്. ഇതിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തിയ കോടതി, ആറ് നിയമലംഘനങ്ങൾ (ആറ് അനധികൃത ലൈറ്റുകൾ) ഉണ്ടെങ്കിൽ ഓരോന്നിനും അയ്യായിരം രൂപ വീതം പിഴ ചുമത്തേണ്ടതായിരുന്നു എന്ന് വ്യക്തമാക്കി. പ്രളയരക്ഷാപ്രവർത്തനത്തിനെത്തിയതാണെങ്കിലും നിയമലംഘനം കണ്ടെത്തി വാഹനത്തിന് പിഴയിട്ട ഉദ്യോഗസ്ഥരെ പിന്തുണയ്ക്കുന്ന നിലപാടാണ് കോടതി ഇക്കാര്യത്തിൽ സ്വീകരിച്ചത്.

ഇതിനുപുറമെ, രൂപമാറ്റം വരുത്തിയ മറ്റ് വാഹനങ്ങൾക്കെതിരെയും യാതൊരു വിട്ടുവീഴ്ചയുമില്ലാതെ നടപടിയെടുക്കാൻ അധികൃതർക്ക് ഹൈക്കോടതി നിർദേശം നൽകിയിട്ടുണ്ട്. വാഹനങ്ങളിൽ നിയമവിരുദ്ധമായി ഉപയോഗിക്കുന്ന വീതിയേറിയ ടയറുകൾ, തീ തുപ്പുന്ന എക്സ്ഹോസ്റ്റുകൾ, കണ്ണിന് മങ്ങലേൽപ്പിക്കുന്ന തീവ്രതയേറിയ ഹെഡ്‌ലൈറ്റുകൾ, മറ്റ് അനധികൃത എൽ.ഇ.ഡി ലൈറ്റുകൾ എന്നിവ ഘടിപ്പിച്ച് നിരത്തിലിറങ്ങുന്നവർക്കെതിരെ കർശനമായ പരിശോധനയും നിയമനടപടിയും ഉറപ്പാക്കണമെന്നാണ് ഹൈക്കോടതിയുടെ ഉത്തരവ്.

Also read: