‘താമസിക്കാന്‍ രണ്ട് മുറികളുള്ള ഫ്ലാറ്റ് വേണമെന്ന ഭാര്യയുടെ ആവശ്യം ക്രൂരത’; 9 വർഷമായി അകന്നു കഴിയുന്ന ദമ്പതികൾക്ക് വിവാഹമോചനം അനുവദിച്ച് ഹൈക്കോടതി
കൊച്ചി: വ്യക്തമായ കാരണങ്ങളില്ലാതെ ഭർത്താവിന്റെ കുടുംബത്തിൽ നിന്നും മാറിത്താമസിക്കാൻ ഭാര്യ ആവശ്യപ്പെടുന്നത് ക്രൂരതയാണെന്ന് വിലയിരുത്തി ഹൈക്കോടതി ദമ്പതികൾക്ക് വിവാഹമോചനം അനുവദിച്ചു. ഗൾഫിലുള്ള ഭർത്താവിനടുത്തേക്ക് മടങ്ങിയെത്തണമെങ്കിൽ താമസിക്കാൻ രണ്ട് മുറികളുള്ള പ്രത്യേക ഫ്ലാറ്റ് വേണമെന്ന് ഭാര്യ നിർബന്ധം പിടിച്ചതിനെ തുടർന്ന് കഴിഞ്ഞ ഒൻപത് വർഷമായി ഇവർ അകന്നുകഴിയുകയായിരുന്നു. ഈ കേസിലാണ് ജസ്റ്റിസ് സതീഷ് നൈനാൻ, ജസ്റ്റിസ് പി. കൃഷ്ണകുമാർ എന്നിവരടങ്ങിയ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് സുപ്രധാനമായ നിരീക്ഷണം നടത്തിയത്. കണ്ണൂർ കുടുംബക്കോടതി വിവാഹമോചനം നിഷേധിച്ചതിനെതിരെ ഭർത്താവ് നൽകിയ അപ്പീൽ പരിഗണിച്ചുകൊണ്ടാണ് ഹൈക്കോടതിയുടെ ഈ ഉത്തരവ്.
2015-ൽ ഹിന്ദു വിവാഹ നിയമപ്രകാരമാണ് ഇവർ വിവാഹിതരായത്. ഇലക്ട്രിക്കൽ എഞ്ചിനീയറായ ഭർത്താവിനൊപ്പം ഗൾഫിലായിരുന്നു വിവാഹശേഷം യുവതിയുടെ താമസം. ഭർത്താവിന്റെ മാതാപിതാക്കളും ഇവർക്കൊപ്പമുണ്ടായിരുന്നു. പിന്നീട് ഗർഭിണിയായ സമയത്ത് നാട്ടിലേക്ക് മടങ്ങിയ യുവതി, പ്രസവശേഷം ഗൾഫിലേക്ക് തിരികെ പോകാൻ തയ്യാറായില്ല. ഭർത്താവിന്റെ മാതാപിതാക്കൾക്കൊപ്പം ഇനി താമസിക്കാൻ കഴിയില്ലെന്നും, രണ്ട് മുറികളുള്ള പ്രത്യേക ഫ്ലാറ്റ് എടുത്തുനൽകിയാൽ മാത്രമേ മടങ്ങിവരികയുള്ളൂ എന്നും യുവതി ഭർത്താവിനെ അറിയിക്കുകയായിരുന്നു. ഭർത്താവിന്റെ അമ്മയായിരുന്നു തങ്ങൾക്കിടയിലെ പ്രശ്നങ്ങൾക്ക് കാരണമെന്നാണ് യുവതി കോടതിയിൽ മൊഴി നൽകിയത്. ഭർത്താവിന്റെ അമ്മയുമായി മാത്രമാണ് യുവതിക്ക് പ്രശ്നങ്ങളുള്ളതെന്നും മറ്റ് ബുദ്ധിമുട്ടുകൾ ഒന്നുമില്ലെന്നും ചൂണ്ടിക്കാട്ടിയാണ് കണ്ണൂർ കുടുംബക്കോടതി നേരത്തെ വിവാഹമോചന ഹരജി തള്ളിയത്.
എന്നാൽ നാട്ടിലെത്തിയ ശേഷം ഭാര്യ തന്നോട് സംസാരിക്കാൻ പോലും തയ്യാറായിരുന്നില്ലെന്നും, ഭാര്യാസഹോദരൻ വഴിയാണ് വിവരങ്ങൾ അറിഞ്ഞിരുന്നതെന്നും ഭർത്താവ് കോടതിയെ അറിയിച്ചു. കുഞ്ഞ് ജനിച്ചതിന് ശേഷമുള്ള പേരിടൽ ചടങ്ങോ മറ്റ് കാര്യങ്ങളോ തന്നെ അറിയിച്ചില്ലെന്നും ഭർത്താവ് പരാതിപ്പെട്ടു. ഇത് തെളിയിക്കുന്നതിനായി ഫോൺ സംഭാഷണങ്ങളുടെ രേഖകളും അദ്ദേഹം കോടതിയിൽ ഹാജരാക്കി. ഭർത്താവ് ഉന്നയിച്ച ഈ ആരോപണങ്ങൾ നിഷേധിക്കാൻ ഭാര്യ തയ്യാറാകാത്ത സാഹചര്യവും, മതിയായ കാരണമില്ലാതെ ഭർത്താവിന്റെ മാതാപിതാക്കളിൽ നിന്നും മാറിത്താമസിക്കാൻ ആവശ്യപ്പെടുന്നത് ക്രൂരതയാണെന്ന വിലയിരുത്തലും കണക്കിലെടുത്താണ് ഹൈക്കോടതി വിവാഹമോചനം അനുവദിച്ച് ഉത്തരവായത്.