‘ശബരിമലയിൽ ഇപ്പോഴുള്ളത് വെറ്റിലക്കച്ചവടക്കാരന്റേത് പോലെയുള്ള രജിസ്റ്റർ’;സമഗ്രമായത് വേണമെന്ന് ഹൈക്കോടതി
കൊച്ചി: ശബരിമലയിലെ സാധനങ്ങളുടെ സ്റ്റോക്ക് വിവരങ്ങൾ രേഖപ്പെടുത്തുന്നതിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിന് ഹൈക്കോടതിയുടെ രൂക്ഷവിമർശനം. വെറ്റിലക്കച്ചവടക്കാരൻ സൂക്ഷിക്കുന്നതുപോലെയുള്ള സാധന രജിസ്റ്ററാണ് ശബരിമലയിലുള്ളതെന്നും ഇത് അനുവദിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി. 93 തരത്തിലുള്ള സാധനങ്ങളുടെ വിവരങ്ങൾ മാത്രമുള്ള നിലവിലെ സ്റ്റോക്ക് ബുക്കിന് പകരം സമഗ്രമായ രജിസ്റ്റർ തയ്യാറാക്കാൻ ജസ്റ്റിസ് വി. രാജ വിജയരാഘവൻ, ജസ്റ്റിസ് കെ.വി ജയകുമാർ എന്നിവരടങ്ങിയ ദേവസ്വം ബെഞ്ച് നിർദേശിച്ചു.
ശബരിമലയിലേക്ക് 1.66 കോടി രൂപ എസ്റ്റിമേറ്റിൽ രണ്ടു നിലകളുള്ള 1000 സ്റ്റീൽ കട്ടിലുകൾ വാങ്ങുന്നതുമായി ബന്ധപ്പെട്ട വിഷയം പരിഗണിക്കവേയാണ് കോടതിയുടെ ഈ പരാമർശം. നിലവിൽ 3,167 കട്ടിലുകൾ ശബരിമലയിലുണ്ടെന്നും 1,752 എണ്ണം കൂടി ആവശ്യമുണ്ടെന്നുമാണ് വിവരം. കട്ടിലുകൾ വാങ്ങാൻ ദേവസ്വം ബോർഡ് ഭരണാനുമതി നൽകിയിരുന്നെങ്കിലും ഓംബുഡ്‌സ്‌മാൻ അപാകതകൾ ചൂണ്ടിക്കാട്ടിയതിനെത്തുടർന്ന് ഓഡിറ്റ് വകുപ്പ് ഇതിനെ എതിർത്തിരുന്നു. തുടർന്ന് കോടതി നിർദേശപ്രകാരം ഹാജരാക്കിയ സ്റ്റോക്ക് ബുക്ക് പരിശോധിച്ചപ്പോഴാണ് കോടതി അതൃപ്തി രേഖപ്പെടുത്തിയത്.
2010 മുതലുള്ള വിവരങ്ങൾ സ്റ്റോക്ക് ബുക്കിലുണ്ടെങ്കിലും വിശദാംശങ്ങൾ മനസ്സിലാക്കാൻ ഇത് പര്യാപ്തമല്ലെന്ന് കോടതി നിരീക്ഷിച്ചു. പുതിയ സാഹചര്യത്തിൽ ഡിജിറ്റൽ രജിസ്റ്റർ തയ്യാറാക്കുമെന്ന് ദേവസ്വം ബോർഡ് കോടതിയെ അറിയിച്ചു. ഈ ഡിജിറ്റൈസേഷൻ പ്രക്രിയ കോടതിയുടെ മേൽനോട്ടത്തിൽ നടക്കുന്ന സംവിധാനത്തിന്റെ ഭാഗമാക്കാൻ ഹൈക്കോടതി നിർദേശിച്ചിട്ടുണ്ട്. കൂടാതെ, പുതിയ കട്ടിലുകൾ വാങ്ങുമ്പോൾ കൃത്യമായ ടെൻഡർ മാനദണ്ഡങ്ങൾ പാലിക്കണമെന്നും കോടതി ബോർഡിനോട് ആവശ്യപ്പെട്ടു.