ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: സിബിഐ അന്വേഷണം വേണമെന്ന ആവശ്യം തള്ളി ഹൈക്കോടതി; ഹരജി തീർപ്പാക്കി
കൊച്ചി: സിഎംആർഎൽ-എക്‌സാലോജിക് പണമിടപാട് കേസുമായി ബന്ധപ്പെട്ട് അന്വേഷണത്തിനെത്തിയ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) സംഘം ആക്രമിക്കപ്പെട്ട സംഭവത്തിൽ സിബിഐ അന്വേഷണം വേണമെന്ന ആവശ്യം ഹൈക്കോടതി നിരാകരിച്ചു. കേസിൽ നിലവിലെ ഘട്ടത്തിൽ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് വിലയിരുത്തിയ ചീഫ് ജസ്റ്റിസ് സൗമൻ സെൻ, ജസ്റ്റിസ് ശ്യാംകുമാർ വി.എം എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ഇതുസംബന്ധിച്ച പൊതുതാൽപര്യ ഹർജി തീർപ്പാക്കുകയായിരുന്നു. കേസിന്റെ അന്വേഷണം സംബന്ധിച്ച് സംസ്ഥാന സർക്കാർ ഇന്ന് ഹൈക്കോടതിയിൽ വിശദമായ പുരോഗതി റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കോടതിയുടെ നിർണായക തീരുമാനം.
വീണ ടി. പ്രതിയായ സിഎംആർഎൽ-എക്‌സാലോജിക് പണമിടപാടുമായി ബന്ധപ്പെട്ട് മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ വസതിയിൽ പരിശോധന നടത്തിയ ശേഷം തിരിച്ചുപോകുമ്പോഴാണ് ഇഡി സംഘത്തിന് നേരെ ആക്രമണമുണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് ഇതിനോടകം 25ഓളം പേർ അറസ്റ്റിലാവുകയും ചെയ്തിരുന്നു. ഇതിനിടയിലാണ് ഇഡി ഉദ്യോഗസ്ഥർക്കെതിരെ നടന്ന ആക്രമണം സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കണ്ണൂർ സ്വദേശിയായ ഹർജിക്കാരൻ പൊതുതാൽപര്യ ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചത്.
ഇഡി ഉദ്യോഗസ്ഥർക്കെതിരായ ആക്രമണത്തിൽ ലോക്കൽ പൊലീസ് രജിസ്റ്റർ ചെയ്ത കേസിന്റെ അന്വേഷണം വളരെ പതുക്കെയാണെന്നും, അതിനാൽ സിബിഐ അന്വേഷണം വേണമെന്നുമായിരുന്നു ഹർജിക്കാരന്റെ പ്രധാന വാദം. എന്നാൽ സംഭവം നടന്നിട്ട് പത്ത് ദിവസം പോലും തികഞ്ഞിട്ടില്ലെന്ന് മുൻപ് കേസ് പരിഗണിച്ചപ്പോൾ ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാണിച്ചിരുന്നു. കൂടാതെ പൊലീസ് ഇതുവരെ സ്വീകരിച്ച നടപടികളെക്കുറിച്ച് വിശദമായ സത്യവാങ്മൂലം സമർപ്പിക്കാൻ കോടതി സർക്കാരിന് നിർദേശവും നൽകി. ഇതിൻപ്രകാരം ഇന്ന് കേസിന്റെ അന്വേഷണ പുരോഗതി റിപ്പോർട്ട് സർക്കാർ കോടതിയിൽ സമർപ്പിച്ചു. കഴിഞ്ഞ മേയ് 27നാണ് പിണറായി വിജയന്റെ വസതിയിൽ പരിശോധന പൂർത്തിയാക്കി മടങ്ങുകയായിരുന്ന ഇ.ഡി. ഉദ്യോഗസ്ഥർക്ക് നേരെ വൻ ആക്രമണം ഉണ്ടായത്.