20/07/2026
[fontresizer_tawhidurrahmandear_widget]

തൃണമൂലിന്‍റെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ സമർപ്പിക്കാന്‍ ഇഡിയോട് നിർദേശിച്ച് ഹൈകോടതി

 തൃണമൂലിന്‍റെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ സമർപ്പിക്കാന്‍ ഇഡിയോട് നിർദേശിച്ച് ഹൈകോടതി

കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിന്റെ (ടി.എം.സി) എല്ലാ ബാങ്ക് അക്കൗണ്ട് വിവരങ്ങളും സമർപ്പിക്കാൻ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റിന് (ഇ.ഡി) കൊൽക്കത്ത ഹൈക്കോടതി നിർദേശം നൽകി. പാർട്ടി ബാങ്ക് അക്കൗണ്ടുകൾ ഉപയോഗിക്കുന്നതിന് തടസ്സം നിന്ന അലിപ്പൂർ സിവിൽ കോടതിയുടെ സമീപകാല ഉത്തരവിനെയും ഹൈക്കോടതി ശക്തമായി ചോദ്യം ചെയ്തു.

മമത ബാനർജിയുടെ വിശ്വസ്തയും രാജ്യസഭാംഗവുമായ ഡോളാ സെൻ സമർപ്പിച്ച ഹരജി പരിഗണിക്കവെയാണ് ജസ്റ്റിസ് കൃഷ്ണ റാവുവിന്റെ ഉത്തരവ്. ജൂലൈ ഏഴിന് ഇ.ഡി. മരവിപ്പിച്ച എട്ട് ബാങ്ക് അക്കൗണ്ടുകൾ ഉപയോഗിക്കാൻ അനുമതി നൽകണമെന്നായിരുന്നു ഹരജിയിലെ പ്രധാന ആവശ്യം. പശ്ചിമ ബംഗാൾ നിയമസഭ ഔദ്യോഗിക പ്രതിപക്ഷമായി അംഗീകരിച്ച റിതബ്രത ബാനർജിയുടെ നേതൃത്വത്തിലുള്ള വിമതവിഭാഗത്തിന്റെ പ്രധാന വിമർശകരിലൊരാളാണ് ഡോളാ സെൻ.

ഹരജിയിൽ വാദം കേൾക്കുന്നതിനിടെ, ഇ.ഡിക്കുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ എസ്.വി. രാജു അലിപ്പൂർ കീഴ്ക്കോടതിയുടെ ഉത്തരവ് ചൂണ്ടിക്കാട്ടിയതായി ഹിയറിങ്ങിൽ പങ്കെടുത്ത അഭിഭാഷകൻ അറിയിച്ചു. മമത ബാനർജിയുടെ നേതൃത്വത്തിന് പാർട്ടിയുടെ ബാങ്ക് അക്കൗണ്ടുകളോ പാർട്ടി ഓഫീസോ ഉപയോഗിക്കാൻ കഴിയില്ലെന്നും ആഗസ്റ്റ് ആറ് വരെ നിലവിലെ സ്ഥിതി തുടരണമെന്നുമാണ് അലിപ്പൂർ കോടതി ഉത്തരവിട്ടിരുന്നത്.

എന്നാൽ അലിപ്പൂർ കോടതിയുടെ ഈ നടപടി ഏകപക്ഷീയമാണെന്നും തങ്ങളുടെ കക്ഷിക്ക് നോട്ടീസ് പോലും ലഭിച്ചിരുന്നില്ലെന്നും വാദിഭാഗത്തിന് വേണ്ടി ഹാജരായ പ്രമുഖ അഭിഭാഷകൻ അഭിഷേക് മനു സിങ്വി വാദിച്ചു. ടി.എം.സിയുടെ യഥാർഥ വിഭാഗം ഏതാണെന്ന് തീരുമാനിക്കാനുള്ള പൂർണ്ണ അധികാരം തെരഞ്ഞെടുപ്പ് കമ്മീഷന് മാത്രമാണുള്ളതെന്നും അദ്ദേഹം കോടതിയെ ബോധിപ്പിച്ചു. ഇതിന് പിന്നാലെയാണ്, കീഴ്ക്കോടതിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ അധികാരം വിനിയോഗിക്കാനാകുമോ എന്ന് ജസ്റ്റിസ് കൃഷ്ണ റാവു ചോദ്യമുയർത്തിയത്. റിതബ്രത ബാനർജി വിഭാഗത്തിന് വേണ്ടി ഹാജരായ അഭിഭാഷകന്റെ വാദം കേൾക്കാനും കോടതി ഈ ഘട്ടത്തിൽ തയ്യാറായില്ല.

നേരത്തെ കൊൽക്കത്ത പൊലീസ് ജൂണിൽ മരവിപ്പിച്ച മൂന്ന് ബാങ്ക് അക്കൗണ്ടുകൾ മമത ബാനർജി വിഭാഗത്തിന് നിയമകാര്യങ്ങൾക്ക് മാത്രമായി ഉപയോഗിക്കാൻ ജൂലൈ ഒമ്പതിന് മറ്റൊരു ഉത്തരവിലൂടെ അനുമതി നൽകിയിരുന്നു. എന്നാൽ, വിരമിച്ച ഹൈക്കോടതി ജഡ്ജിയുടെ മേൽനോട്ടത്തിലായിരിക്കണം ഈ അക്കൗണ്ടുകളുടെ ഉപയോഗമെന്നും കോടതി അന്ന് വ്യവസ്ഥ വെച്ചിരുന്നു.

Also read: