മാസപ്പടി കേസ്: പിണറായി വിജയനെ ചോദ്യം ചെയ്യാൻ ഇ.ഡി നീക്കം
കൊച്ചി: സി.എം.ആർ.എൽ.-എക്സാലോജിക് മാസപ്പടി കേസിൽ മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയനെ ചോദ്യം ചെയ്യാൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന്റെ (ഇ.ഡി.) നീക്കം. കേസിലെ പ്രതിയും അദ്ദേഹത്തിന്റെ മകളുമായ ടി. വീണ ഉൾപ്പെടെയുള്ളവരുടെ സ്വത്തുക്കൾ കണ്ടുകെട്ടുന്നതിന് മുന്നോടിയായി ഡൽഹിയിലെ ഇ.ഡി. അഡ്‌ജുഡിക്കേറ്റിങ് അതോറിറ്റിക്ക് കൊച്ചി ഇ.ഡി. ഓഫീസ് സമർപ്പിച്ച റിപ്പോർട്ടിലാണ് ഇതുസംബന്ധിച്ച നിർണായക വിവരങ്ങളുള്ളത്.
എക്സാലോജിക്കിനും ഡയറക്‌ടറായ വീണയ്ക്കും പണം കൈമാറിയത് പിണറായി വിജയനുമായുള്ള വ്യക്തിബന്ധത്തിന്റെ പുറത്താണെന്ന് സി.എം.ആർ.എൽ. എം.ഡി. എസ്.എൻ. ശശിധരൻ കർത്ത 2024 ഏപ്രിൽ 17-ന് മൊഴി നൽകിയിരുന്നു. യാതൊരുവിധ സേവനങ്ങളും നൽകാതെയാണ് ഈ സാമ്പത്തിക ഇടപാടുകൾ നടന്നതെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. ഐ.ടി. കൺസൾട്ടൻസി സേവനങ്ങളുടെ പേരിൽ 2.78 കോടി രൂപ ലഭിച്ചെങ്കിലും സേവനങ്ങളൊന്നും നൽകിയിട്ടില്ലെന്ന് വീണയും സമ്മതിച്ചതായി ഇ.ഡി. റിപ്പോർട്ടിൽ പറയുന്നു. ശശിധരൻ കർത്ത നൽകിയ ഈ മൊഴിയുടെ അടിസ്ഥാനത്തിലായിരിക്കും പിണറായി വിജയനെ ഇ.ഡി. ചോദ്യം ചെയ്യുക.
കേസുമായി ബന്ധപ്പെട്ട് ഇ.ഡി. സ്പെഷ്യൽ ഡയറക്‌ടർ പ്രശാന്ത് കുമാർ അവലോകനത്തിനായി കൊച്ചിയിലെത്തിയപ്പോൾ പിണറായി വിജയനെ ചോദ്യം ചെയ്യുന്നത് സംബന്ധിച്ച് ഉന്നതതല ചർച്ചകൾ നടത്തിയിരുന്നു. ഡയറക്‌ടർ രാഹുൽ നവീന്റെ അനുമതി ലഭിച്ചശേഷമേ തുടർനടപടികളിലേക്ക് കടക്കാവൂ എന്ന നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ, ഇതിനുള്ള ഔദ്യോഗിക അനുമതി ഇതിനോടകം ലഭിച്ചതായാണ് പുറത്തുവരുന്ന സൂചനകൾ. ഇല്ലാത്ത ഐ.ടി. കൺസൾട്ടൻസിയുടെ പേരിൽ എക്സാലോജിക്കിന് സി.എം.ആർ.എൽ. 1.72 കോടി രൂപ നൽകിയിട്ടുണ്ടെന്ന് 2019 ജനുവരി 25-ന് ആദായനികുതി വകുപ്പ് നടത്തിയ റെയ്‌ഡിൽ കണ്ടെത്തിയിരുന്നു. ഇതിനുപുറമെ വീണയ്ക്കും കമ്പനിക്കുമാകെ വിവിധ കരാറുകളിലൂടെ 2.78 കോടി രൂപ നൽകിയിട്ടുണ്ടെന്നാണ് ഇ.ഡിയുടെ കണ്ടെത്തൽ.