‘പരാതിയും പരിഭവവും ഉണ്ടായാലും സിപിഎമ്മുകാർ പാർട്ടിക്കെതിരായി വോട്ട് ചെയ്യാൻ പാടില്ല,നേതൃമാറ്റം മാധ്യമങ്ങളുടെ അജണ്ട മാത്രം’-എം.എ.ബേബി
ന്യൂഡൽഹി: പാർട്ടി തീരുമാനങ്ങളിൽ പരാതികളും പരിഭവങ്ങളുമുണ്ടെങ്കിലും സിപിഎം അംഗങ്ങൾ പാർട്ടി നിശ്ചയിച്ച സ്ഥാനാർത്ഥികൾക്ക് തന്നെ വോട്ട് ചെയ്യണമെന്ന് പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി. തളിപ്പറമ്പിലും പയ്യന്നൂരിലും പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും മുഖ്യമന്ത്രി പിണറായി വിജയനും പറഞ്ഞ കാര്യങ്ങളെ പിന്തുണച്ചുകൊണ്ടായിരുന്നു എം.എ. ബേബിയുടെ ഈ പ്രതികരണം.
കേരളത്തിലെ പ്രധാന നേതാക്കൾ വിശദീകരിച്ചത് പോലെ, പാർട്ടിക്കൊപ്പം നിൽക്കുക എന്ന ഉത്തരവാദിത്തത്തിൽ നിന്ന് ഏത് സാഹചര്യത്തിലും വ്യതിചലിക്കാൻ പാടില്ല. അത്തരത്തിൽ മാറിനിൽക്കുന്നത് തെറ്റാണ്. എന്തെങ്കിലും പരാതിയുടെ പേരിലാണ് അങ്ങനെയൊരു തെറ്റായ നിലപാടിലേക്ക് പോകുന്നതെങ്കിൽ, ആ പരാതികൾ പാർട്ടിക്കുള്ളിലാണ് പറയേണ്ടത്. തെറ്റുകൾ ഏറ്റുപറയാനും അത് തിരിച്ചറിയാനും കഴിയുന്ന പാർട്ടിയാണ് സിപിഎമ്മെന്നും എം.എ. ബേബി വ്യക്തമാക്കി. പാർട്ടിക്കെതിരായി സഖാക്കൾ വോട്ട് ചെയ്താൽ അത് പാർട്ടിയുടെ ഭരണഘടനാ ലംഘനമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ സിപിഎമ്മിന് സ്ഥിരമായി വോട്ട് ചെയ്തിരുന്ന നിരവധി പേർ പാർട്ടിക്കെതിരെ മത്സരിച്ചവർക്ക് വോട്ട് ചെയ്ത കാര്യം ചൂണ്ടിക്കാട്ടിയ ബേബി, അങ്ങനെ ചെയ്യാൻ പാടുണ്ടോ എന്നും ചോദിച്ചു. പാർട്ടി ഭരണഘടനയിൽ ഒരു പ്രതിജ്ഞയുണ്ട്, സർവ്വതിലും ഉപരിയായി പാർട്ടി താല്പര്യങ്ങൾ ഉയർത്തിപ്പിടിക്കുമെന്ന് ഓരോ അംഗവും പ്രതിജ്ഞയെടുക്കണം. പാർട്ടി നിശ്ചയിച്ച സ്ഥാനാർത്ഥികളെക്കുറിച്ച് സഖാക്കൾക്ക് പരാതികളോ പരിഭവങ്ങളോ ഉണ്ടാകാം. എന്നാൽ അതൊരിക്കലും പാർട്ടിക്കെതിരെ വോട്ട് ചെയ്യുന്നതിലേക്ക് നയിക്കാൻ പാടില്ല. അത് പാർട്ടിക്കുള്ളിൽ തന്നെ ചർച്ച ചെയ്ത് പരിഹരിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
കോഴിക്കോട് നടക്കാനിരിക്കുന്ന സിപിഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിയിൽ ഒമ്പത് പോളിറ്റ് ബ്യൂറോ അംഗങ്ങൾ പങ്കെടുക്കുമെന്നും അദ്ദേഹം അറിയിച്ചു. ചർച്ചകൾ കേൾക്കാനും വിലയിരുത്താനുമാണ് പി.ബി. നേതാക്കൾ എത്തുന്നത്. കേന്ദ്ര കമ്മിറ്റി ആവശ്യപ്പെട്ടതുകൊണ്ടല്ല, മറിച്ച് സംസ്ഥാന കമ്മിറ്റികൾ ആവശ്യം മുന്നോട്ടുവെച്ചതിനെ തുടർന്നാണ് വിപുലീകൃത സംസ്ഥാന കമ്മിറ്റി യോഗങ്ങൾ നടത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. വരും നാളുകളിൽ സ്വീകരിക്കേണ്ട പ്രവർത്തന പദ്ധതികളെക്കുറിച്ച് കമ്മിറ്റി ചർച്ച ചെയ്യും. നേതൃമാറ്റമെന്നത് മാധ്യമങ്ങൾ സൃഷ്ടിച്ച അജണ്ട മാത്രമാണെന്നും, പാർട്ടിയുടെ ബലഹീനതകൾ പരിഹരിച്ച് പാർട്ടിക്ക് തിരിച്ചുവരാനുള്ള നീക്കങ്ങൾക്കാണ് മുൻഗണന നൽകുന്നതെന്നും എം.എ. ബേബി കൂട്ടിച്ചേർത്തു.