സിപിഎം ആരംഭിച്ച ഇസ്‌ലാമിക് ബാങ്കിങ് സംരംഭം ‘ഹലാൽ ഫായിദ’ പൊളിഞ്ഞതായി ആരോപണം; പരാതിയുമായി പണം നഷ്ടമായവർ
കണ്ണൂർ: സിപിഎമ്മിന്റെ നേതൃത്വത്തിൽ കണ്ണൂരിൽ ആരംഭിച്ച പലിശരഹിത ഇസ്‌ലാമിക് ബാങ്കിങ് സംരംഭമായ ‘ഹലാൽ ഫായിദ’ സഹകരണ സംഘം പൊളിഞ്ഞതായി ആരോപണം. സ്ഥാപനത്തിൽ നിക്ഷേപിച്ച പണം തിരികെ ലഭിക്കുന്നില്ലെന്ന പരാതിയുമായി നിക്ഷേപകൻ രംഗത്തെത്തി. മയ്യിൽ സ്വദേശിയായ കെ.പി. നാസറാണ് തളിപ്പറമ്പ് എംഎൽഎ ടി.കെ. ഗോവിന്ദന് പരാതി നൽകിയത്. ഈ പരാതി എംഎൽഎ മുഖ്യമന്ത്രിക്ക് കൈമാറിയതോടെയാണ് തട്ടിപ്പ് വിവരങ്ങൾ പുറത്തുവന്നത്.
2017 ഡിസംബർ 24-ന് അന്ന് മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയനാണ് ‘ഹലാൽ ഫായിദ’ സഹകരണ സംഘം ഉദ്ഘാടനം ചെയ്തത്. നിക്ഷേപകരിൽ നിന്ന് സ്വീകരിക്കുന്ന തുക വിവിധ പദ്ധതികളിൽ നിക്ഷേപിച്ച്, അതിൽ നിന്നുള്ള ലാഭം നിക്ഷേപകർക്ക് നൽകുക എന്നതായിരുന്നു ലക്ഷ്യം. എന്നാൽ ലക്ഷക്കണക്കിന് രൂപ സമാഹരിച്ച ശേഷം ഈ സ്ഥാപനത്തിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് പിന്നീട് യാതൊരു വിവരവുമുണ്ടായില്ലെന്ന് പരാതിക്കാരനായ നാസർ ആരോപിക്കുന്നു. എത്രപേരിൽ നിന്ന് പണം പിരിച്ചു, എന്തിനൊക്കെ വിനിയോഗിച്ചു എന്നതിലൊന്നും വ്യക്തതയില്ല. ഹലാൽ ഫായിദയുടെ വരവ്-ചെലവ് കണക്കുകൾ ഇതുവരെ എവിടെയും അവതരിപ്പിച്ചിട്ടുമില്ല.
ഒരു ലക്ഷം രൂപയുടെ ഓഹരിയാണ് നാസറിന് ഹലാൽ ഫായിദയിൽ ഉണ്ടായിരുന്നത്. ഡിവൈഎഫ്ഐ കണ്ണൂർ മുൻ ജില്ലാ പ്രസിഡന്റും സിപിഎം ജില്ലാ കമ്മിറ്റി അംഗവുമായ എം. ഷാജറാണ് പദ്ധതിയുടെ പ്രൊമോട്ടർ. പണം തിരികെ ലഭിക്കുന്നതിനായി ഷാജറിനെ പലതവണ വിളിച്ചിട്ടും ഫോൺ എടുത്തിരുന്നില്ലെന്നും, ഹലാൽ ഫായിദയുടെ കണ്ണൂരിലെ ഓഫീസ് ഇപ്പോൾ അടഞ്ഞുകിടക്കുകയാണെന്നും നാസർ വ്യക്തമാക്കിയിരുന്നു.
അതേസമയം, നിക്ഷേപകന്റെ പരാതി വാർത്തയായതിന് പിന്നാലെ നാസറിന് സുഹൃത്ത് മുഖേന ഒരു ലക്ഷം രൂപ തിരികെ ലഭിച്ചു. നിക്ഷേപിച്ച പണം തിരികെ ലഭിച്ച സാഹചര്യത്തിൽ പരാതിയുമായി മുന്നോട്ടുപോകാൻ താൽപര്യമില്ലെന്ന് നാസർ വ്യക്തമാക്കിയിട്ടുണ്ട്.
സ്ഥാപനത്തിന്റെ മറവിൽ നടന്ന സാമ്പത്തിക ക്രമക്കേടുകളെക്കുറിച്ച് സഹകരണ വകുപ്പ് മന്ത്രിക്ക് പരാതി നൽകുമെന്ന് കണ്ണൂരിൽ നിന്നുള്ള കോൺഗ്രസ് നേതാവ് റിജിൽ മാക്കുറ്റി അറിയിച്ചു. എന്നാൽ വിഷയത്തിൽ സിപിഎം നേതാക്കളാരും ഇതുവരെ പ്രതികരിക്കാൻ തയ്യാറായിട്ടില്ല.