പ്രിയദർശിനി ഇഫക്റ്റ്; ‘മിനിമം ചാർജ് 15 രൂപയാക്കണം’; സംസ്ഥാന വ്യാപകമായി സമരം നടത്താൻ ഒരുങ്ങി സ്വകാര്യ ബസ് ഉടമകൾ
കൊച്ചി: മിനിമം യാത്രാ നിരക്ക് 15 രൂപയാക്കുക, വിദ്യാർത്ഥികളുടെ കൺസെഷൻ നിരക്ക് വർദ്ധിപ്പിക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സംസ്ഥാന വ്യാപകമായി സമരം നടത്താനൊരുങ്ങി സ്വകാര്യ ബസ് ഉടമകൾ. ഡീസൽ സബ്സിഡി ഉൾപ്പെടെയുള്ള ആവശ്യങ്ങൾ മുൻനിർത്തിയുള്ള ഈ സമരത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ചൊവ്വാഴ്ച ഉണ്ടാകുമെന്ന് ബസ് ഉടമകൾ അറിയിച്ചു. സർക്കാരിന്റെ ‘പ്രിയദർശിനി’ സൗജന്യ യാത്രാ പദ്ധതി നടപ്പിലാക്കിയതിന് ശേഷം സ്വകാര്യ ബസ് മേഖല വൻ സാമ്പത്തിക പ്രതിസന്ധിയിലായ സാഹചര്യത്തിലാണ് മിനിമം ചാർജ് 15 രൂപയാക്കണമെന്ന പ്രധാന ആവശ്യം ഇവർ ഉന്നയിക്കുന്നത്.
പ്രിയദർശിനി പദ്ധതി മൂലം സ്വകാര്യ ബസ് വ്യവസായത്തിനുണ്ടായ നഷ്ടം പഠിക്കാൻ സർക്കാർ നിയോഗിച്ച വിദഗ്ധ സമിതി കഴിഞ്ഞ ആഴ്ച റിപ്പോർട്ട് സമർപ്പിച്ചിരുന്നു. എന്നാൽ, തങ്ങൾ ഉന്നയിക്കുന്ന ആവശ്യങ്ങൾ പരിഹരിക്കാൻ പര്യാപ്തമായ ശുപാർശകളൊന്നും ഈ റിപ്പോർട്ടിൽ ഇല്ലെന്ന് ചൂണ്ടിക്കാട്ടി ബസുടമകൾ സമിതിയുടെ റിപ്പോർട്ട് പൂർണ്ണമായും തള്ളി. ഒരേ റൂട്ടിൽ കെ.എസ്.ആർ.ടി.സിയും സ്വകാര്യ ബസുകളും സർവ്വീസ് നടത്തുന്നത് സ്വകാര്യ മേഖലയ്ക്ക് നഷ്ടമുണ്ടാക്കുന്നുണ്ടെന്നും, കെ.എസ്.ആർ.ടി.സി ഷെഡ്യൂളുകൾ പരിഷ്കരിക്കണമെന്നുമാണ് സമിതിയുടെ പ്രധാന കണ്ടെത്തൽ. നഷ്ടം നികത്താനുള്ള പ്രായോഗിക നിർദേശങ്ങൾ റിപ്പോർട്ടിലില്ലെന്നും ഈ ശുപാർശകളിൽ കടുത്ത അതൃപ്തിയുണ്ടെന്നും ബസുടമകൾ വ്യക്തമാക്കി.
അതേസമയം, പ്രതിദിനം 1500 രൂപ മുതൽ 6000 രൂപ വരെ ഓരോ സ്വകാര്യ ബസിനും നഷ്ടമുണ്ടാകുന്നുണ്ടെന്ന ബസുടമകളുടെ വാദം വിദഗ്ധ സമിതി ശരിവെച്ചിട്ടുണ്ട്. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലാണ് സമിതി സിറ്റിംഗ് നടത്തിയത്. സെപ്റ്റംബർ 30 വരെയുള്ള നികുതി അടച്ചതിനാൽ, സർക്കാരിന്റെ ഭാഗത്തുനിന്നുള്ള തുടർനടപടികൾ നിരീക്ഷിച്ച ശേഷമായിരിക്കും ബസുടമകൾ അന്തിമ തീരുമാനമെടുക്കുക. സർക്കാരിന്റെ ഭാഗത്തുനിന്നും അനുകൂല നടപടികളുണ്ടായില്ലെങ്കിൽ സംസ്ഥാനത്തെ മുഴുവൻ സ്വകാര്യ ബസുകളും നിർത്തിവെച്ച് പണിമുടക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങളിൽ സെപ്റ്റംബർ എട്ടിന് പാലക്കാട്ട് ചേരുന്ന യോഗത്തിൽ തീരുമാനമുണ്ടാകുമെന്ന് ബസുടമകളുടെ സംഘടന അറിയിച്ചു.