പാലത്തായി പോക്സോ കേസ്: അതിജീവിതയുടെ മൊഴികളില്‍ വൈരുധ്യമെന്ന് കോടതി; ബിജെപി നേതാവ് പത്മരാജന് ജാമ്യം
കൊച്ചി: കണ്ണൂർ പാലത്തായി പോക്സോ കേസിൽ ശിക്ഷ മരവിപ്പിച്ചതിനെ തുടർന്ന് പ്രതിയായ സ്കൂൾ അധ്യാപകനും ബിജെപി നേതാവുമായ പത്മരാജൻ ഇന്ന് ജയിൽ മോചിതനാകും. തലശ്ശേരി ഫാസ്റ്റ് ട്രാക്ക് കോടതി വിധിച്ച ജീവപര്യന്തം തടവുശിക്ഷ ജസ്റ്റിസ് വി. രാജവിജയരാഘവൻ, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരടങ്ങുന്ന ഹൈക്കോടതി ഡിവിഷൻ ബെഞ്ചാണ് മരവിപ്പിച്ചത്. തുടർന്ന് കർശന ഉപാധികളോടെ പ്രതിക്ക് ജാമ്യം അനുവദിക്കുകയായിരുന്നു.
2025 നവംബർ 14-ലെ ഉത്തരവ് ചോദ്യം ചെയ്ത് പത്മരാജൻ സമർപ്പിച്ച അപ്പീൽ ഹർജി പരിഗണിച്ചാണ് ഹൈക്കോടതി ഈ വിധി പ്രസ്താവിച്ചത്. അതേസമയം, പ്രതി കുറ്റക്കാരനാണോ അല്ലയോ എന്ന അന്തിമ നിഗമനത്തിൽ ഇപ്പോൾ എത്തിച്ചേരുന്നത് അപക്വമായിരിക്കുമെന്ന് വ്യക്തമാക്കി കോടതി ഹർജി അപ്പീൽ വാദത്തിലേക്ക് മാറ്റി.
ഇരയായ പെൺകുട്ടി താമസിക്കുന്ന റവന്യൂ ജില്ലയിൽ പ്രവേശിക്കരുത്, കേസ് അട്ടിമറിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, കോടതിയുടെ അനുമതിയില്ലാതെ രാജ്യം വിടരുത്, മറ്റ് കുറ്റകൃത്യങ്ങളിൽ ഏർപ്പെടരുത് തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം നൽകിയിരിക്കുന്നത്. ഒരു ലക്ഷം രൂപയുടെ ബോണ്ടും രണ്ടാൾ ജാമ്യവുമാണ് പ്രധാന വ്യവസ്ഥകൾ.
അതിജീവിതയായ പെൺകുട്ടിയുടെ മൊഴിയിലെ വൈരുധ്യങ്ങളും കുറ്റകൃത്യം നടന്നുവെന്ന് പറയപ്പെടുന്ന സ്ഥലത്തെ സാഹചര്യങ്ങളും ശരിയായി പരിഗണിക്കാതെയാണ് വിചാരണക്കോടതി വിധി പ്രസ്താവിച്ചതെന്നായിരുന്നു ഹർജിക്കാരന്റെ വാദം. ഈ വാദങ്ങൾ പ്രഥമദൃഷ്ട്യാ പ്രസക്തമാണെന്ന് വിലയിരുത്തിയാണ് ഹൈക്കോടതി ശിക്ഷ മരവിപ്പിച്ചത്.
600-ഓളം വിദ്യാർഥികൾ പഠിക്കുന്ന സ്കൂളിൽ അധ്യാപകരുടെയും കുട്ടികളുടെയും ശ്രദ്ധയിൽപ്പെടാതെ ഇത്തരമൊരു സംഭവം നടക്കാൻ സാധ്യതയില്ലെന്ന വാദവും കോടതി പരിഗണനയിലെടുത്തു. കേസിൽ ആദ്യം അന്വേഷണം നടത്തിയ ഉദ്യോഗസ്ഥരിൽ നിന്ന് വ്യത്യസ്തമായി, പിന്നീട് വന്ന അന്വേഷണ ഉദ്യോഗസ്ഥൻ മനഃപൂർവം പ്രതിയാക്കുകയായിരുന്നുവെന്ന വാദവും ഹർജിക്കാരൻ ഉന്നയിച്ചിട്ടുണ്ട്.
2020 ജനുവരിക്കും ഫെബ്രുവരിക്കുമിടയിൽ പാലത്തായിയിലെ 10 വയസ്സുകാരിയെ സ്കൂളിലും പുറത്തുവെച്ചും പീഡിപ്പിച്ചെന്ന കേസിലാണ് പത്മരാജന് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചിരുന്നത്. പോക്സോ കുറ്റങ്ങൾക്ക് 40 വർഷം തടവും ശിക്ഷയായി നൽകാന്നു. അഞ്ച് തവണ അന്വേഷണ സംഘത്തെ മാറ്റിയതും ഇടക്കാല കുറ്റപത്രത്തിൽ പോക്സോ വകുപ്പ് ഒഴിവാക്കിയതും വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. വകുപ്പ് 376 എ.ബി, ബലാത്സംഗം, പോക്സോ നിയമപ്രകാരമുള്ള കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയിട്ടുള്ളത്.