‘2027-ലെ യുപി തെരഞ്ഞെടുപ്പിൽ ബിജെപി വൻ ഭൂരിപക്ഷത്തോടെ വീണ്ടും അധികാരത്തിലെത്തും’; വികസനവും വിശ്വാസവും ജനങ്ങളെ സ്വാധീനിക്കുമെന്ന് യോഗി ആദിത്യനാഥ്
ലക്ക്നൗ: 2027-ൽ നടക്കാനിരിക്കുന്ന ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ ‘ഇരട്ട എഞ്ചിൻ’ സർക്കാർ വൻ ഭൂരിപക്ഷത്തോടെ വീണ്ടും അധികാരത്തിൽ വരുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് . മഥുരയിൽ നടന്ന ‘ആജ് തക് പഞ്ചായത്ത്’ പരിപാടിയിൽ സംസാരിക്കവെയാണ്, സംസ്ഥാനത്തെ ജനങ്ങളുടെ വിശ്വാസത്തെ സാമ്പത്തിക പുരോഗതിയുമായി ബന്ധിപ്പിക്കാൻ സർക്കാരിന് കഴിഞ്ഞിട്ടുണ്ടെന്നും ക്ഷേമ-വികസന പദ്ധതികളുടെ ഗുണഭോക്താക്കളായ യുവാക്കൾ, സ്ത്രീകൾ, കർഷകർ, ദളിതർ തുടങ്ങിയവർ അടുത്ത തെരഞ്ഞെടുപ്പിലും ബിജെപിയെ പിന്തുണയ്ക്കുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചത്.
2022-ലെ തെരഞ്ഞെടുപ്പിന് മുൻപും താൻ സമാനമായ പ്രവചനം നടത്തിയിരുന്നുവെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. വിനോദസഞ്ചാര മേഖലയിൽ സംസ്ഥാനം വലിയ കുതിച്ചുചാട്ടം നടത്തിയെന്നും, 2025-ൽ 156 കോടി ഭക്തരും വിനോദസഞ്ചാരികളും ഉത്തർപ്രദേശ് സന്ദർശിച്ചപ്പോൾ കഴിഞ്ഞ വർഷം വ്രജ് മേഖലയിൽ മാത്രം 11 കോടി ആളുകൾ എത്തിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വെല്ലുവിളികളെ നേരിട്ട് വിജയത്തിന്റെ പുതിയ മാനദണ്ഡങ്ങൾ സൃഷ്ടിക്കുകയാണ് സർക്കാരെന്ന് പറഞ്ഞ യോഗി, മുൻ സമാജ്വാദി പാർട്ടി സർക്കാരിനെതിരെ രൂക്ഷ വിമർശനവും ഉന്നയിച്ചു.
2017-ന് മുൻപ് പോലീസ് സ്റ്റേഷനുകളിലും ജയിലുകളിലും ശ്രീകൃഷ്ണ ജന്മാഷ്ടമി ആഘോഷിക്കുന്നത് വിലക്കിയിരുന്നുവെന്നും കാവടിയാത്ര തടഞ്ഞിരുന്നുവെന്നും ആരോപിച്ച അദ്ദേഹം, തങ്ങളുടെ ഭരണത്തിൽ കാവടിയാത്ര ഡി.ജെ, മണി, ശംഖ് എന്നിവയോടെ ഭക്തിസാന്ദ്രമായി പുനരാരംഭിച്ചെന്നും ഈ വർഷം അഞ്ച് കോടിയോളം പേർ പങ്കെടുത്ത യാത്ര യാതൊരു അനിഷ്ട സംഭവങ്ങളുമില്ലാതെ വിജയകരമായി പൂർത്തിയായെന്നും വ്യക്തമാക്കി. ജയിലുകളിലും പോലീസ് സ്റ്റേഷനുകളിലും മറ്റ് പ്രധാന പൊതു ഇടങ്ങളിലും ജന്മാഷ്ടമി ആഘോഷിക്കാൻ താൻ നിർദേശം നൽകിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.
മുൻ സർക്കാരുകൾ ഇന്ത്യൻ പൈതൃകത്തേക്കാൾ ഒരു പ്രത്യേക കുടുംബത്തെ പ്രീണിപ്പിക്കുന്നതിനും വിവേകത്തേക്കാൾ ഫത്വകൾക്കുമാണ് മുൻഗണന നൽകിയതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഉത്തർപ്രദേശ് ഇപ്പോൾ നിക്ഷേപ സൗഹൃദ സംസ്ഥാനമായി മാറിയെന്നും നിക്ഷേപം, നൈപുണ്യ വികസനം, തൊഴിൽ എന്നിവയ്ക്കുള്ള നടപടിക്രമങ്ങൾ പൂർണ്ണമായും ഓൺലൈൻ വഴിയാക്കിയെന്നും ഇതുവരെ 9.5 ലക്ഷം യുവാക്കൾക്ക് സർക്കാർ തൊഴിൽ നൽകിയെന്നും അദ്ദേഹം അവകാശപ്പെട്ടു. മുൻപ് റിക്രൂട്ട്മെന്റുകളിലെ ക്രമക്കേടുകൾ ഒരു ജന്മാവകാശമായിരുന്നെന്നും അഴിമതിക്കായിരുന്നു സ്ഥാനമെന്നും ആരോപിച്ച മുഖ്യമന്ത്രി, ചോദ്യപേപ്പർ ചോർച്ച തടയാൻ കർശന നിയമങ്ങൾ കൊണ്ടുവന്നെന്നും കുറ്റക്കാർക്ക് ജീവപര്യന്തം തടവും സ്വത്ത് കണ്ടുകെട്ടലും ഉറപ്പാക്കിയെന്നും വ്യക്തമാക്കി.