03/06/2026
[fontresizer_tawhidurrahmandear_widget]

അട്ടപ്പാടി മധു കൊലക്കേസ്: ഒന്നാംപ്രതി ഹുസൈനെ വെറുതെ വിട്ട് ഹൈക്കോടതി

 അട്ടപ്പാടി മധു കൊലക്കേസ്: ഒന്നാംപ്രതി ഹുസൈനെ വെറുതെ വിട്ട് ഹൈക്കോടതി

കൊച്ചി: അട്ടപ്പാടി മുക്കാലിയിൽ ആൾക്കൂട്ടമർദനമേറ്റ് മധു എന്ന ആദിവാസി യുവാവ് കൊല്ലപ്പെട്ട കേസിൽ ഒന്നാം പ്രതിയെ ഹൈക്കോടതി വെറുതെവിട്ടു. അതേസമയം, കേസിലെ മറ്റ് പ്രതികളുടെ അപ്പീലുകൾ കോടതി തള്ളി. വിചാരണ കോടതി ഏഴ് വർഷം തടവിന് ശിക്ഷിച്ചിരുന്ന ഒന്നാം പ്രതി താവളം പാക്കുളം മേച്ചേരിൽ ഹുസൈനെയാണ് ഹൈക്കോടതി കുറ്റക്കാരനല്ലെന്ന് കണ്ട് വെറുതെവിട്ടത്.

മറ്റു പ്രതികളായ മരക്കാർ (2-ാം പ്രതി), ഷംസുദ്ദീൻ (3-ാം പ്രതി), രാധാകൃഷ്ണ‌ൻ (5-ാം പ്രതി), അബൂബക്കർ (6-ാം പ്രതി), സിദ്ധിഖ് (7-ാം പ്രതി), ഉബൈദ് (8-ാം പ്രതി), നജീബ് (9-ാം പ്രതി), ജൈജുമോൻ (10-ാം പ്രതി), സജീവ് (12-ാം പ്രതി), സതീഷ് (13-ാം പ്രതി), ഹരീഷ് (14-ാം പ്രതി), ബിജു (15-ാം പ്രതി) എന്നിവരെ ശിക്ഷിച്ച വിചാരണ കോടതി വിധി ഹൈക്കോടതി പൂർണ്ണമായും ശരിവെച്ചു. നാലാം പ്രതിയേയും 11-ാം പ്രതിയേയും വെറുതെവിട്ട വിചാരണ കോടതിയുടെ മുൻ ഉത്തരവും ഹൈക്കോടതി നിലനിർത്തിയിട്ടുണ്ട്.

അതേസമയം, പ്രതികൾക്കെതിരെ എസ്‌സി-എസ്‌ടി പീഡന നിരോധന നിയമപ്രകാരമുള്ള കുറ്റങ്ങൾ നിലനിൽക്കില്ലെന്ന വിചാരണ കോടതിയുടെ കണ്ടെത്തൽ ഹൈക്കോടതി റദ്ദാക്കി. ഈ വകുപ്പുകൾ കൂടി ഉൾപ്പെടുത്തിയതോടെ പ്രതികളുടെ ശിക്ഷാ കാലാവധി ഉയരും. കേസിലെ 16-ാം പ്രതിയായ കള്ളമല വിരുത്തിയിൽ മുനീറിനെ ഐപിസി 352 വകുപ്പ് പ്രകാരം മാത്രമാണ് നേരത്തെ വിചാരണ കോടതി ശിക്ഷിച്ചിരുന്നത്. എന്നാൽ ഇയാൾക്കെതിരെ എസ്‌സി-എസ്‌ടി വകുപ്പ് പ്രകാരമുള്ള കുറ്റവും നിലനിൽക്കുമെന്ന് ഹൈക്കോടതി കണ്ടെത്തി. മുൻപ് മൂന്നുമാസം തടവും 500 രൂപ പിഴയും മാത്രം വിധിക്കപ്പെട്ടിരുന്ന ഇയാളുടെ റിമാൻഡ് കാലാവധി ശിക്ഷയായി പരിഗണിച്ച് ജയിൽ മോചിതനാക്കിയിരുന്നുവെങ്കിലും പുതിയ കണ്ടെത്തലോടെ ഇയാളുടെ ശിക്ഷയും പുതുക്കി നിശ്ചയിക്കും.

ശിക്ഷിക്കപ്പെട്ട പ്രതികളും നീതി തേടി മധുവിൻ്റെ കുടുംബവും സമർപ്പിച്ച അപ്പീലുകൾ വിശദമായി പരിഗണിച്ച ശേഷമാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വിധി പ്രസ്താവിച്ചത്. ജസ്റ്റിസുമാരായ രാജ വിജയരാഘവൻ, കെ.വി. ജയകുമാർ എന്നിവരടങ്ങിയ ബെഞ്ചാണ് കേസിൽ വിധി പറഞ്ഞത്. പുതിയ വകുപ്പുകളിൽ കൂടി പ്രതികൾ കുറ്റക്കാരാണെന്ന് കണ്ടെത്തിയ സാഹചര്യത്തിൽ ഇവരുടെ പരിഷ്കരിച്ച ശിക്ഷാവിധി ഉച്ചയ്ക്ക് 12:30ന് കോടതി പ്രഖ്യാപിക്കും.

Also read: