നടിയെ ആക്രമിച്ച കേസ്: രണ്ടാമത്തെ ജഡ്ജിയും പിന്മാറി; പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് അതിജീവിത സമര്‍പ്പിച്ച ഹരജി കേള്‍ക്കുന്നതില്‍ നിന്ന് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് പിന്മാറി. കേസില്‍ നിന്ന് പിന്മാറുന്ന രണ്ടാമത്തെ ജഡ്ജിയാണ് അദ്ദേഹം. നേരത്തെ സാങ്കേതിക കാരണങ്ങളാല്‍ ജസ്റ്റിസ് ജോബിന്‍ സെബാസ്റ്റിയന്‍ പിന്മാറിയതിനെ തുടര്‍ന്നാണ് ഹരജി ജസ്റ്റിസ് കൗസര്‍ എടപ്പഗത്തിന്റെ ബെഞ്ചിന് മുന്നിലെത്തിയത്.
കൗസര്‍ എടപ്പഗത്ത് ജില്ലാ ജഡ്ജിയായിരിക്കെ അദ്ദേഹത്തിന്റെ ഓഫീസിലെ ജീവനക്കാരന്‍ മെമ്മറി കാര്‍ഡ് പരിശോധിച്ചതായി അതിജീവിത ആക്ഷേപം ഉന്നയിച്ചിരുന്നു. ഇതിന്റെ ഭാഗമായി അദ്ദേഹത്തിന്റെ മൊഴി രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു മാറിയതില്‍ പുനരന്വേഷണം വേണമെന്നാണ് അതിജീവിതയുടെ ആവശ്യം. ഈ സാഹചര്യത്തില്‍ കേസ് കേള്‍ക്കുന്നതിലെ ധാര്‍മിക പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് കൗസര്‍ എടപ്പഗത്തിന്റെ പിന്മാറ്റം.
മുന്‍ അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് റദാക്കി, ഹൈക്കോടതി മേല്‍നോട്ടത്തില്‍ പ്രത്യേക സംഘത്തെ നിയോഗിച്ച് പുനരന്വേഷണം നടത്തണമെന്നാണ് അതിജീവിത ഹരജിയിലൂടെ ആവശ്യപ്പെടുന്നത്.