‘ആർഎസ്എസ് പഠിപ്പിച്ചത് മാപ്പ് എഴുതാൻ മാത്രം, രാജിക്കത്ത് എഴുതാൻ അറിയാത്തത് കൊണ്ടാകും രാജിവെക്കാത്തത്’; ധർമ്മേന്ദ്ര പ്രധാനെ പരിഹസിച്ച് മഹുവ മൊയ്ത്ര
ന്യൂഡൽഹി: പരീക്ഷാ ക്രമക്കേടുകൾക്കെതിരെയും നീറ്റ് ചോദ്യപേപ്പർ ചോർച്ചയ്‌ക്കെതിരെയും രാജ്യത്ത് വിദ്യാർഥികളുടെ പ്രതിഷേധം ശക്തമാകുന്നതിനിടയിൽ, കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാനെതിരെ പരിഹാസവുമായി തൃണമൂൽ കോൺഗ്രസ് എം.പി മഹുവ മൊയ്ത്ര. വിദ്യാർഥികളുടെ സമരം തുടരുമ്പോഴും മന്ത്രി രാജിവെക്കാത്തതിനെ ചൂണ്ടിക്കാട്ടിയാണ് മഹുവയുടെ പ്രതികരണം. വിദ്യാഭ്യാസ മന്ത്രിക്ക് ഒരുപക്ഷേ രാജിക്കത്ത് എഴുതാൻ അറിയാത്തതുകൊണ്ടാകാം രാജി വെയ്ക്കാത്തതെന്നും, ആർ.എസ്.എസ് മാപ്പപേക്ഷകൾ എഴുതാൻ മാത്രമാണ് പഠിപ്പിക്കുന്നതെന്നും അവർ ‘എക്‌സ്’ പ്ലാറ്റ്‌ഫോമിൽ കുറിച്ചു.
ദേശീയതലത്തിലെ വിവിധ മത്സരപരീക്ഷകളിലെ ക്രമക്കേടുകൾ അന്വേഷിക്കണമെന്നും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെക്കണമെന്നും ആവശ്യപ്പെട്ട് ‘കോക്ക്‌റോച്ച് ജനത പാർട്ടി’ ഡൽഹിയിലെ ജന്തർ മന്തറിൽ നടത്തിവരുന്ന പ്രതിഷേധ സമരം കൂടുതൽ രൂക്ഷമായിരിക്കുകയാണ്. പാർലമെന്റിലേക്ക് വിദ്യാർഥികൾ നടത്തിയ ‘സംസദ് ചലോ’ മാർച്ച് തടയാൻ പോലീസ് ക്രൂരമായി അടിച്ചമർത്താൻ ശ്രമിക്കുകയും ലാത്തിച്ചാർജും കണ്ണീർവാതകവും പ്രയോഗിച്ചിരുന്നു. സമരക്കാരുടെ പന്തലുകളും താൽക്കാലിക നിർമിതികളും പോലീസ് അഴിച്ചുമാറ്റിയെങ്കിലും കനത്ത മഴയെയും സുരക്ഷാ നിയന്ത്രണങ്ങളെയും അവഗണിച്ച് വിദ്യാർഥികൾ പ്രതിഷേധവുമായി അവിടെത്തന്നെ തുടരുകയാണ്.
പോലീസ് നടത്തിയ അതിക്രമത്തിൽ പെൺകുട്ടികൾ ഉൾപ്പെടെയുള്ള പ്രതിഷേധക്കാർക്ക് പരിക്കേറ്റ സംഭവത്തിൽ സി.ജെ.പി സ്ഥാപകൻ അഭിജീത് ദിപ്‌കെ മാപ്പുപറഞ്ഞു. ഇരുപതിലധികം വിദ്യാർഥികളുടെ മരണത്തിന് ഉത്തരവാദിയായ വിദ്യാഭ്യാസ മന്ത്രിയെ സംരക്ഷിക്കാൻ മാത്രമാണ് കേന്ദ്ര സർക്കാർ പോലീസിനെ ഉപയോഗിച്ച് ബലപ്രയോഗം നടത്തുന്നതെന്ന് അദ്ദേഹം ആരോപിച്ചു. അതേസമയം, വിദ്യാഭ്യാസ സമ്പ്രദായത്തിലെ പരിഷ്‌കാരങ്ങൾ ആവശ്യപ്പെട്ട് അനിശ്ചിതകാല നിരാഹാര സമരം നടത്തുന്ന സാമൂഹിക പ്രവർത്തകൻ സോനം വാങ്ചുക്കിന്റെ സമരം 24ാം ദിവസത്തിലേക്ക് കടന്നിട്ടുണ്ട്. കേന്ദ്രമന്ത്രിയുടെ രാജിയും പരീക്ഷാ നടത്തിപ്പിലെ സുതാര്യതയും ഉറപ്പാക്കുന്നതുവരെ പ്രതിഷേധത്തിൽ നിന്ന് പിന്നോട്ടില്ലെന്ന ഉറച്ച നിലപാടിലാണ് വിദ്യാർഥികൾ.