12/05/2026
[fontresizer_tawhidurrahmandear_widget]

‘ഓരോ വിഷു വരുമ്പോഴും ഞാൻ ഫോൺ ഓഫ് ചെയ്യും’; ആ ചിരികൾക്ക് പിന്നിലെ വേദന പങ്കുവെച്ച് ഷിബൻ ലാൽ

 ‘ഓരോ വിഷു വരുമ്പോഴും ഞാൻ ഫോൺ ഓഫ് ചെയ്യും’; ആ ചിരികൾക്ക് പിന്നിലെ വേദന പങ്കുവെച്ച് ഷിബൻ ലാൽ

ഷിബൻ ലാൽ

നാളിതുവരെ എല്ലാ വിഷുക്കാലത്തും മലയാളി പൊട്ടിച്ചിരിയോടെ കണ്ടുതീർത്ത ഒരു വീഡിയോയ്ക്ക് പിന്നിൽ ഇത്രയേറെ ആഴമുള്ള മുറിവുകളുണ്ടാകുമെന്ന് ആരും കരുതിയിരുന്നില്ല. ‘വാഴ 2’ എന്ന ചിത്രത്തിലൂടെ വിപിൻ ദാസും സവിനും മലയാളിക്ക് മുന്നിലെത്തിച്ച ബിജുക്കുട്ടന്റെ ആ കഥാപാത്രം വെറുമൊരു സിനിമയല്ല, മറിച്ച് നമുക്കിടയിൽ ജീവിക്കുന്ന ഷിബൻ ലാൽ എന്ന മനുഷ്യന്റെ ഹൃദയം പൊട്ടിയുള്ള തുറന്നുപറച്ചിലാണ്. ഓരോ വിഷുക്കാലത്തും സോഷ്യൽ മീഡിയയിൽ പടക്കം പൊട്ടിച്ച് റോഡിൽ വീഴുന്ന ആ വീഡിയോ കണ്ട് നാം ആർത്തുചിരിക്കുമ്പോൾ, അതിന്റെ പേരിൽ വീടിന് പുറത്തിറങ്ങാൻ പോലും ഭയന്ന ഒരു മനുഷ്യന്റെ ഒറ്റപ്പെടലായിരുന്നു അത്. ചിരികൾക്കും ട്രോളുകൾക്കുമപ്പുറം ആ വീഴ്ചയിൽ ഒരു മനുഷ്യന്റെ കണ്ണീരുണ്ടായിരുന്നുവെന്ന് ഇന്ന് നാം തിരിച്ചറിയുന്നു.

വീട്ടിൽ സുഹൃത്തുക്കളും മകന്റെ കൂട്ടൂകാരുമൊത്ത് വിഷു ആഘോഷിക്കുമ്പോൾ മകനെ സന്തോഷിപ്പിക്കാനായിരുന്നു അദ്ദേഹം ആ ഗുണ്ട് പൊട്ടിക്കാൻ തയ്യാറായത്. എന്നാൽ വിധി കാത്തുവെച്ചത് മറ്റൊന്നായിരുന്നു. പടക്കം പൊട്ടുന്ന സീൻ എടുത്ത് അവിടെ ഹാപ്പി വിഷു എന്ന് എഴുതി കാണിക്കാനായിരുന്നു പ്ലാൻ. പൊട്ടിക്കുന്ന സമയത്ത് തന്റെ വീടിന്റെ അടുത്തുള്ള ചേട്ടൻ പുറകിൽ നിന്ന് പേടിപ്പിക്കുകയും പൊട്ടി എന്ന ധാരണയിൽ പിറകോട്ട് ഓടുകയും ചെയ്തു. സ്ലാബും റോഡും കൂടി ചേരുന്ന ഭാഗത്ത് നെഞ്ചടിച്ച് വീഴുകയാണ് ചെയ്തത്. ആ നിമിഷങ്ങളെക്കുറിച്ച് ഷിബൻ ലാൽ പറയുന്നത് ഇങ്ങനെയാണ്:

“ആ വീഴ്ചയിൽ ശരിക്കും ഇന്നത്തെ ഒരു അവസ്ഥയിലാണെങ്കിൽ ഞാൻ മരിച്ചുപോകും. പക്ഷേ ഇതെല്ലാം കണ്ടിട്ടും ആരും എന്നെ എടുക്കാൻ വന്നില്ല, അഞ്ചാം ക്ലാസിൽ പഠിക്കുന്ന എന്റെ മകനാണ് ഓടിവന്നത്. മയക്കു മരുന്ന് ഉപയോഗിക്കുന്ന ആള് എന്നുള്ള വളരെ മോശമായ രീതിയിലൊക്കെയാണ് ആൾക്കാർ കമന്റ് ചെയ്തിരുന്നത്. ഓരോ വിഷു വരുമ്പോഴും ദീപാവലി വരുമ്പോഴും ഞാൻ എന്റെ ഫോൺ ഓഫ് ചെയ്യും. പുറത്തോട്ട് ഇറങ്ങില്ല. ഇതിലെല്ലാം ഉപരി എന്നെ വിഷമിപ്പിച്ചത് എന്റെ മകനുണ്ടായ ബുദ്ധിമുട്ടാണ്. അവനെ കൂട്ടുകാർ കളിയാക്കുമായിരുന്നു, അവസാനം അവനെ കൗൺസിലിംഗിന് കൊണ്ടുപോകേണ്ടി വന്നു. നാളെ ഒരാൾക്ക് ഇതുപോലെ ഉണ്ടാകുമ്പോൾ അത് കോമഡി അല്ല, അദ്ദേഹത്തിന് എന്ത് പറ്റി എന്നാണ് ചോദിക്കേണ്ടത്.”

നമ്മുടെ ഒരു നിമിഷത്തെ രസത്തിനായി സോഷ്യൽ മീഡിയ ആഘോഷമാക്കുന്ന പല വീഡിയോകൾക്കും പിന്നിൽ ഇതുപോലെയുള്ള ഹൃദയഭേദകമായ യാഥാർത്ഥ്യങ്ങൾ മറഞ്ഞിരിപ്പുണ്ടാകാം. ഷിബൻ ലാലിന്റെ ഈ വാക്കുകൾ നമ്മെ ഓർമ്മിപ്പിക്കുന്നത് പരിഹാസങ്ങൾക്കും ട്രോളുകൾക്കും മുൻപ് ഒരു നിമിഷം ആ മനുഷ്യനെക്കൂടി പരിഗണിക്കണമെന്നാണ്. വർഷങ്ങൾക്കിപ്പുറം ‘വാഴ’ എന്ന സിനിമ ഷിബന്റെ ജീവിതത്തിന് നൽകിയ നീതി, സൈബർ ലോകത്തെ വിവേചനരഹിതമായ ക്രൂരതകൾക്കെതിരെയുള്ള ഒരു തിരുത്തൽ കൂടിയാണ്.

Also read: